Follow by Email

2015, മാർച്ച് 26, വ്യാഴാഴ്‌ച

വിലയില്ലാത്ത ശാസ്ത്രംജീവിതത്തിൽ ഉദാത്തമായ വ്യക്തിത്വവും ആദർശങ്ങളും ഉള്ളവർക്ക് എന്നും ഒരുപാടു ബുദ്ധിമുട്ടുകൾ, ദുരിതങ്ങൾ, സങ്കടങ്ങൾ  എന്നിവയൊക്കെ അനുഭവിക്കേണ്ടി വരാറുണ്ട്.  ചിലരൊക്കെ അതിൽ തളർന്നു പോകാറുമുണ്ട്.  എന്നാൽ മറ്റുചിലർ അതിൽ നിന്ന് ഉയർത്തെഴുന്നേറ്റു വരുന്നത് നമ്മെ വല്ലാതെ അത്ഭുതപെടുത്തി കൊണ്ടാവും.  എന്നാൽ പുറമെ ഉണങ്ങിയതായി തോന്നിപ്പിക്കുന്ന മുറിവുകൾ അകമെ ഉണങ്ങിയിട്ടുണ്ടാവില്ല.  അഥവാ ഉണ്ടെങ്കിലും ആഴത്തിൽ ഏറ്റ മുറിവ് സൃഷ്ടിക്കുന്ന വടുക്കൾ വല്ലാതെ വികൃതമായി അവര്ക്ക് തന്നെ തോന്നും. കുറെ നാളുകള്ക്ക് മുൻപ് പ്രശസ്തനായ സ്പേസ് സയന്റിസ്റ്റ് നമ്പി നാരായണൻ സർ മാതൃഭൂമിക്കു കൊടുത്ത ഒരു അഭിമുഖം വായിച്ചു.  തുറന്നു പറഞ്ഞാൽ, കരഞ്ഞു പോയി.  ഒരിക്കലും മറക്കാൻ ആവാത്ത കുറെ വാചകങ്ങൾ ഉണ്ട് അതിൽ.  ഒരു ശാസ്ത്രജ്ഞൻ എന്നാൽ ആരാണെന്നു ഇപ്പോളും വേണ്ടത്ര വിദ്യഭ്യാസം ലഭിച്ചിട്ടുള്ള ആൾക്കാർക്ക് പോലും അറിയില്ല.  ലോകത്തിലുള്ളതെല്ലാം, ദൈവം നേരെ കൊണ്ട് തട്ടിയിട്ടു പോയതാനെന്നാണ് ഇപ്പോളും പല മഹാന്മാരും വിശ്വസിക്കുന്നത്.  സയൻസ് പറഞ്ഞത് മാറ്റി പറയുന്നു, തിരുത്തി എഴുതുന്നു, ഉറച്ചു നില്ക്കുന്നില്ല എന്നൊക്കെ കുരക്കുന്നതു കേൾക്കാം.  അതെ, സയൻസ് മാറ്റി പറയാറുണ്ട്, തിരുത്തി എഴുതാറുണ്ട്.  അതാണ് സുഹൃത്തെ,  ആ പ്രക്രിയക്ക് റീ- സെർച്ച്‌ എന്ന് പറയുന്നത്.  പുതിയ പുതിയ കാര്യങ്ങൾ പഠിച്ചു വരുമ്പോൾ, അതിനു മുൻപുണ്ടായിരുന്ന പരിമിതമായ അറിവിലും, പരീക്ഷണങ്ങളിലും, നിരീക്ഷണങ്ങളിലും നിന്ന് ഉരുത്തിരിഞ്ഞു വന്ന പലതിനെയും ഒന്ന് കൂടി റീ തിങ്ക്‌ ചെയ്യേണ്ടി വരും.  റീ അനലൈസ് ചെയ്യേണ്ടി വരും. എന്ന് കരുതി ശാസ്ത്രജ്ഞൻമാരെല്ലാം പോട്ടന്മാരാണെന്നു എഴുതി തള്ളിയാൽ നീയൊക്കെ ഇന്നു അനുഭവിക്കുന്ന സുഖസൌകര്യങ്ങൾക്കു  അടിസ്ഥാനം ആയ  ടെക്നോളജി- എന്ന് വെച്ചാൽ കയ്യിലിരിക്കുന്ന മൊബൈൽ മുതൽ ദിവസവും ഉപയോഗിക്കുന്ന എല്ലാ ഇലക്ട്രോണിക് സാധനങ്ങളും നിന്റെയൊക്കെ അപ്പൂപ്പന്മാര് മുകളിൽ നിന്നു നൂലിൽ കെട്ടി ഇറക്കി തന്നതാണോ??  ഓ, അതൊക്കെ സായിപ്പു കണ്ടു പിടിച്ചു.  അതിനു അതിന്റെ പേരില് ഇവിടെ എന്തൊക്കെയൊ കാട്ടി കൂട്ടി PSLV  എന്നും പറഞ്ഞു കാശ് കളയുന്നവന്മാരെ അംഗീകരിക്കനൊന്നും പറ്റില്ല.  വേണ്ട, പക്ഷെ കുറഞ്ഞ പക്ഷം പരിഹസിക്കാതിരിക്കാം.  ജീവിക്കാൻ അനുവദിക്കാം.  

ഒരിക്കൽ ഒരു മഹാൻ എന്നോട് പറഞ്ഞു, സയൻസിൽ ഇനി എന്തോന്ന് കണ്ടു പിടിക്കാൻ.  എല്ലാം കണ്ടു പിടിച്ചു കഴിഞ്ഞതല്ലെ?  മറ്റൊരു മഹാന്റെ അഭിപ്രായപ്രകടനം അതിലും രസകരമായിരുന്നു.  എല്ലാം കോപ്പി പേസ്റ്റ് ചെയ്യുന്നവരാണ് ഗവേഷകർ. പാവം കൂപമണ്ടൂകങ്ങൾ.  ഗവേഷണം എന്താണെന്നറിയില്ല.  അവരുടെ എത്തിക്സ് എന്താണെന്നറിയില്ല, അവരെങ്ങനെ ജീവിക്കുന്നു എന്നറിയില്ല, എന്തൊക്കെ ത്യജിക്കുന്നു എന്നറിയില്ല, അവരുടെ ആത്മാർഥമായ  പ്രവർത്തനങ്ങൾ അറിയില്ല.  തള്ളലിന് മാത്രം ഒരു കുറവുമില്ല.  10th പോലും കഷ്ടിച്ച് ജയിചിട്ടില്ലാതവനെ ഒക്കെ തോളിലേറ്റി, അവനോക്കെ പറയുന്ന വിവരക്കേട് വേദവാക്യമാക്കി ചുമന്നു നടക്കും.  

ക്രയോജനിക്  റോക്കറ്റ് സാങ്കേതികവിദ്യ തലയിൽ പിടിച്ചിരിക്കുന്നവൻ അതിനായി രാപ്പകലില്ലാതെ എല്ലാം മറന്നു കുടുംബം മറന്നു, ചുറ്റുമുള്ളവരേയും മറന്നു പണിയെടുക്കുമ്പോൾ അവന്റെ ജീവിതവും രാജ്യത്തിന്റെ  നേട്ടവും എങ്ങു നിന്നോ വന്ന ഒരു മദാമ്മയുടെ പവാടവള്ളിയിൽ കെട്ടിയിട്ടു കൊടുക്കാൻ പ്രേരിപ്പിക്കുകയും വഴങ്ങാതെ വരുമ്പോൾ ഉപദ്രവിച്ചു, രാജ്യദ്രോഹിയെന്നു മുദ്ര കുത്തി ചീഞ്ഞളിഞ്ഞ  മാധ്യമപടയേയും നിയമപലകരെയും കൂട്ട് പിടിച്ചു തല്ലി  ചതക്കുകയും ചെയ്യുമ്പോൾ അതിനെ മേല്പറഞ്ഞ മഹാന്മാരെ പോലുള്ളവർ കൊട്ടിഘോഷിച്ചു നടക്കുക സ്വാഭാവികം.  അവരെല്ലാം  രാവണൻ ആണ് വിമാനം കണ്ടു പിടിച്ചതെന്നു ഇപോളും ഉറച്ചു വിശ്വസിക്കുമ്പോൾ  ഇതൊക്കെ ഉൾകൊള്ളാൻ ഒരു ബുദ്ധിമുട്ട് ഉണ്ടാവും.  അത് അവരുടെ വിശ്വാസങ്ങളുടെ പ്രശ്നം ആവാം.  വേദിക് സയൻസ്, വിമാനശാസ്ത്രം ഒക്കെ പണ്ടെ കണ്ടു പിടിച്ചിട്ടുള്ളതായതിനാൽ, പുതിയതായി ഒന്നും കണ്ടെത്താനോ തെളിയിക്കാനോ ഇല്ലെന്നുള്ളത് ഒരു സത്യം.  അപ്പോൾ സ്പേസ് സയന്റിസ്റ്റ് എന്നു വെച്ചാൽ ഫ്രോഡ് ആവുകയും സ്വാഭാവികം മാത്രം. ഒരു മനുഷ്യായുസ്സു മുഴുവൻ സ്വന്തം നാടിനും അതിന്റെ നേട്ടങ്ങൾക്കും വേണ്ടി മാറ്റി വെച്ച മനുഷ്യരെ, കിട്ടിയ നല്ല ഓഫർ എല്ലാം യഥാർഥമായ രാജ്യസ്നേഹം കാരണം വേണ്ടെന്നു വെച്ച മനുഷ്യരെ  ഒരു നിമിഷം കൊണ്ട് എല്ലാം വെറുതെ ആയി എന്ന് തോന്നിപ്പിക്കുന്ന മനസികനിലയിലേക്ക് മാറ്റിയെടുക്കുമ്പോൾ, അത് വഴി രാജ്യത്തിന്‌ ഉണ്ടായേക്കാമായിരുന്ന നേട്ടങ്ങൾ,  ശാസ്ത്രത്തിനു  ഉണ്ടായേക്കാമായിരുന്ന നേട്ടങ്ങൾ എല്ലാം നഷ്ടമാക്കിയ ഒരു ജനതക്കോ അതിലെ ഭരണാധികാരികൾക്കോ ഒരിക്കലും മനസിലാവില്ല നഷ്ടപെട്ടതിന്റെ വില.  കാരണം നിങ്ങളും അവരും തമ്മിലുള്ള അന്തരം അത്ര വലുതാണ്.  അറിവുള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം.

"A culture based on superstition will always do worse than that based on science"

-Venkataraman Ramakrishnan (Nobel Laureate 2009)


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ