Follow by Email

2015, മാർച്ച് 16, തിങ്കളാഴ്‌ച

ചാരുകസേരഒരു നാട്ടിലെ പേരുകേട്ട തറവാട്ടിൽ ഒരു ചാരുകസേര ഉണ്ടായിരുന്നു.  അവിടുത്തെ പ്രതാപശാലിയായ കാർന്നോരുടെ ഏറ്റവും പ്രിയപ്പെട്ട ചാരുകസേര.  കാലം കടന്നു പോയി.  കാർന്നോരുടെ ആരോഗ്യനില വഷളായി കിടപ്പിലായപ്പോൾ അദ്ദേഹം ഭാഗപത്രം തയ്യാറാക്കി. 5 മക്കൾക്കായി കാലശേഷം സ്വത്തുക്കൾ എഴുതി വെച്ചു.  അതിൽ 4 ആണ്മക്കളിൽ മൂത്ത  2 ആണ്മക്കൾ സർക്കാർ ജോലി തരപ്പെടുതുന്നതിൽ പരാജയപ്പെട്ടതിനാൽ തറവാടും സ്വത്തിന്റെ നല്ലൊരു പങ്കും  അവര്ക്ക് രണ്ടാൾക്കുമായി എഴുതി വെച്ചു.  കൂടാതെ ആ ചാരുകസേരയും.  ബാകി 2 ആണ്‍മക്കൾക്ക്‌ സ്വത്തിൽ അല്പവും ഏറ്റവും താലോലിച്ചു വളര്ത്തിയ ഒരേ ഒരു പെണ്‍തരിക്കു നാട്ടുനടപ്പില്ലാഞ്ഞിട്ടും അല്പം സ്വത്തും എഴുതി വെച്ച് അദ്ദേഹം പോയി.

  കാലം കടന്നു പോയി തറവാട് സ്വന്തമായുള്ള ആണ്മക്കൾ അത്  ഭാഗം വെച്ച് അവരവരുടെ ഓഹരികളിൽ സ്വന്തം ഇഷ്ടപ്രകാരമുള്ള ഭവനങ്ങൾ പണിഞ്ഞു ജീവിച്ചു പോന്നു.  അങ്ങനെ ഇരിക്കെ ചാരുകസേര ഓഹരിയായി കിട്ടിയ മൂത്തമകന് തന്റെ പുതിയ വീട്ടിൽ വർഷങ്ങളായി ഇരിക്കുന്ന ചാരുകസേര ഒരു അധികപറ്റു പോലെ തോന്നി തുടങ്ങി.  അത് മറ്റു മക്കൾ കൊണ്ട് പോകണമെന്ന് നിർദേശിച്ചു.  ആദ്യം അദ്ദേഹം രണ്ടാമനോട് ആവശ്യപ്പെട്ടു. അപ്പോൾ രണ്ടാമത്തെ മകൻ, അദ്ധേഹത്തിന്റെ പച്ചപരിഷ്കാരിയായ മകൾക്ക് പുരവസ്തുക്കളിൽ തീരെ താല്പര്യമില്ലാത്തതിനാൽ പ്രസ്തുത പുരാവസ്തു സ്വന്തം വീട്ടിൽ കൊണ്ട് പോകാൻ പറ്റില്ല എന്ന് തീർത്തു പറഞ്ഞു . മൂന്നാമത്തെ മകനോട്‌ തിരക്കിയപ്പോൾ ലോലഹൃദയനായ അദ്ധേഹതിന്റെ മറുപടി സങ്കടം നിറഞ്ഞതായിരുന്നു.  പുരോഗമനവാദിയും സർവോപരി പൂർവിക സ്വത്തിനോടും പണത്തിനോടും അശേഷം താല്പര്യമില്ലാത്തവളുമായ സ്വന്തം ഭാര്യയ്ക്ക്‌ ചാരുകസേര എന്ന പുരാവസ്തു വീട്ടില് കയറ്റുന്നതെ സഹിക്കാൻ കഴിയില്ലെന്നും, അഥവാ കയറ്റിയാൽ തുടർന്നുണ്ടാവുന്ന നാശനഷ്ടങ്ങൾക്ക് താൻ ഉത്തരവാദിയല്ലെന്നും നിസ്സഹായനായി പറഞ്ഞു .  അഞ്ചാമത്തെ മകൻ നാട്ടിൽ സ്ഥിര താമസം ഇല്ലാത്തതിനാൽ ചാരുകസേരയുടെ കേസ് നാട്ടിലുള്ള ഒരേ ഒരു മകളുടെ മുന്നിലെത്തി.

മകൾ എല്ലാ കാര്യങ്ങളും തന്റെ പെണ്‍മക്കളുമായും ഭർത്താവുമായും മാത്രം ആലോചിച്ചു തീരുമാനിക്കുന്ന വ്യക്തി ആയിരുന്ന കൊണ്ട് അവർ ആദ്യം ഭർത്താവിനോട് ആലോചിച്ചു.  അദ്ദേഹം പറഞ്ഞു എനിക്ക് എതിർപ്പില്ല.  ഈ വീടിന്റെ ഒരു മൂലയിൽ ആ ചാരുകസേര ഒതുങ്ങി ഇരിക്കും, പിന്നെ ഞാൻ എന്തിനു എതിർക്കണം .  നീ നമ്മുടെ മക്കളോട് ചോദിക്കു അവരെന്തു പറയുന്നു എന്ന് നോക്കാം.  നമ്മളെല്ലാം അവരോടു കൂടി ആലോചിച്ചല്ലെ ഇതു വരെ ചെയ്തിട്ടുള്ളൂ.  
അപ്പോൾ മകൾ വിദേശത്തുള്ള മൂത്ത മകളെ വിളിച്ചു. എല്ലാത്തിലും ഇമോഷണൽ പ്രതികരണം മാത്രമുള്ള മൂത്തമകൾ അവളുടെ  അമ്മാവന്മാരെ നിശിതമായി വിമർശിച്ചതിനു ശേഷം ആ ചാരുകസേര നമുക്ക് വീട്ടില് സൂക്ഷിക്കാം എന്ന തീരുമാനം അറിയിച്ചു.  രണ്ടാമത്തെ മകളുടെ തീരുമാനം കൂടി അറിയാൻ അവർ രണ്ടാമത്തെ മകളോട് തിരക്കി.  അവളുടെ മറുപടിയും മൂത്തമകളുടെത് തന്നെ ആയിരുന്നു.  അങ്ങനെ ആ ചാരുകസേര മകളുടെ വീട്ടിൽ കൊണ്ട് വെച്ച് ആണ്മക്കൾ സ്വസ്ഥമായി മടങ്ങി.  എന്നാൽ സ്വന്തമായി ഒന്നും പറയാനാകാത്ത, ഭാഗപത്രത്തിൽ വ്യക്തമായ സ്ഥാനമുണ്ടായിരുന്ന പാവം ചാരുകസേര  വര്ഷങ്ങളായി ജീവിച്ച സ്ഥലത്തോടുള്ള  അടുപ്പവും മറ്റു പുരാവസ്തുക്കളുമായുള്ള  ചങ്ങാത്തവും നഷ്ടപെട്ട സങ്കടത്തിൽ  പുതിയ അന്തരീക്ഷത്തിൽ പോരുതപ്പെടാനാവാതെ കണ്ണീർ വാർത്തു കൊണ്ടെ ഇരുന്നു. എന്നാൽ  ഇതൊന്നും ശ്രദ്ധിക്കാതെ, പുതിയ വീടുകൾ മോടിപിടിപ്പിക്കുന്ന തിരക്കിലായിരുന്നു എല്ലാ മക്കളും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ