Follow by Email

2015, മാർച്ച് 4, ബുധനാഴ്‌ച

സ്ത്രീയുടെ അരക്ഷിതാവസ്ഥയും കന്നുകാലി സംരക്ഷണവും- ചില ചിന്തകൾഒരിക്കൽ എന്ന് വെച്ചാൽ ഏകദേശം 2  വർഷം മുൻപ്.  ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും കൂടി ഒരു സിനിമ കാണാൻ പോയി.  പോയിട്ട് തിരിച്ചു വന്നപ്പോൾ ബസ്‌ കിട്ടിയില്ല.  അപ്പോൾ അത് വഴി വന്ന ഒരു ബസിനു കൈ കാണിച്ചു നിർത്തി കയറി.  ബസിൽ കയറിയപ്പോ അവർക്ക് അപകടം മനസിലായി.  അത് അവർക്ക് പോകാനുള്ള ബസ്‌ അല്ലെന്നും അതിലുള്ളവർ വേറെ ദുരുദ്ദേശത്തിലാണ് ബസ്‌ നിർത്തിയതെന്നും.   പക്ഷെ അകപെട്ടു പോയ അവര്ക്ക് രെക്ഷപെടാൻ വഴിയില്ലായിരുന്നു.  രണ്ടുപേരും ആവുന്നിടത്തോളം പൊരുതി തോറ്റു, ഉടുതുണി ഇല്ലാതെ റോഡരികിൽ വലിച്ചെറിയപെട്ടു.  അപമാനിക്കപ്പെട്ടു, ക്രൂരമായി മുറിവേൽക്കപ്പെട്ടു, ആവും വിധം കാമം തീർത്തു, പക തീർത്തു.  അന്ന് രാത്രിയിൽ അവർ ആ തണുപ്പിൽ ആ വഴി പോയവരോടെല്ലാം സഹായം അഭ്യർഥിച്ചു.  ആരും തിരിഞ്ഞു നോക്കിയില്ല.  പിന്നെപ്പോഴോ പോലീസെത്തി. രക്തം വാർന്നു മരിക്കാറായി കിടന്ന പെണ്‍കുട്ടിയെ ആശുപത്രിയിലാക്കി.  അവൾ മരണത്തോട് മല്ലിട്ട് തളര്ന്നു ഒരു മനുഷ്യായുസ്സിൽ അനുഭവിക്കാനുള്ളതെല്ലാം  ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അനുഭവിച്ചു തീർത്തു പോയി.  ഇതു വളരെ പഴയ കഥ. കഥ നടന്ന അടുത്ത ദിവസം എല്ലാ മാധ്യമങ്ങളും ഒരു സെൻസേഷനൽ വാർത്ത‍ കിട്ടിയ സന്തോഷത്തോടെ അത് ആഘോഷിച്ചു.  ചർച്ചകൾ, വാദപ്രതിവാദങ്ങൾ, പ്രതിഷേധപ്രകടനങ്ങൾ... രംഗം കൊഴുത്തു.  സ്ത്രീസമത്വവാദികൾക്ക് രക്തം തിളച്ചു.  രാജ്യസഭയിൽ ന്യൂനപക്ഷമായ സ്ത്രീരത്നങ്ങൾ കണ്ണീരൊഴുക്കി.  ചിലർ പണ്ട് അഭിനയിച്ച സിനിമകളിലെ സെന്റിമെന്റൽ രംഗങ്ങളെ ഒന്ന് കൂടി രാജ്യസഭയിൽ പുനരവിഷ്കരിച്ചു.  അങ്ങനെ സ്വന്തമായി പേരില്ലാതെ ആരൊക്കെയോ ഇട്ടുകൊടുത്ത പേരുകളിൽ ആ പെണ്‍കുട്ടി കുറച്ചു കാലം എല്ലാരുടെയും മനസ്സിൽ നിന്നു.  പിന്നീട് ഈ ഓവർ ആക്ട്‌ ചെയ്തവരുടെ ഓർമകളിൽ നിന്നും അവൾ മാഞ്ഞുപോയി.  ഈ കഥയുടെ തമാശ എന്താണെന്നു വെച്ചാൽ, രാത്രി അവരെ സഹായിക്കാനോ ആശുപത്രിയിൽ എത്തിക്കാനോ സഹായിക്കാതെ  അതൊരു വാർത്താപ്രാധാന്യമുള്ള വിഷയമായപ്പോൾ  അതിനെ പറ്റി വിലപിച്ചു, കണ്ണീരൊഴുക്കി,  ആഘോഷിച്ചു.  എല്ലാം പ്രചാരം, പ്രേക്ഷകർ, TRP   എന്ന നിലയിൽ  മാത്രം ചിന്തിച്ചും, തിരഞ്ഞും നടക്കുന്ന വാർത്താമാധ്യമങ്ങൾ അതിനെ ഒരു വലിയ സംഭവം പോലെ ഒരു മാസത്തോളം കൊണ്ടാടി.  അപ്പോൾ അടുത്ത വാർത്തകൾ വന്നു.  അത് മറവിക്കുള്ളിൽ മറഞ്ഞു. പിന്നെയും ആഘോഷങ്ങൾ ഒരുപാടു നടന്നു. ഒരുപാടു ഇരകൾ, വേട്ടക്കാർ വന്നു, പോയി.  ഇരകൾക്കെന്നും പേരില്ലായിരുന്നു.  വേട്ടക്കാരനവട്ടെ, നമ്മുടെ നികുതി പണത്തിൽ തിന്നു കൊഴുത്തു,  നിയമത്തിന്റെയും, വ്യവസ്ഥിതിയുടെയും, തണലിൽ സുഖമായി കഴിയുന്നു.  ഇതൊരു വശം.

മറുവശം ഇതിലും മനോഹരമാണ്.  മരിച്ചാലും നമ്മൾ പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊണ്ടെ ഇരിക്കും.  ആത്മഹത്യ ചെയ്ത പെണ്‍കുട്ടി, ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി എന്നൊക്കെയുള്ള പട്ടങ്ങൾ, സ്ഥലനാമങ്ങളുടെ പേരിനൊപ്പം  അവരുടെ മരണ ശേഷവും അവരെ വിട്ടു പോവാറില്ല. " പശുവിനു"പെണ്ണിനേക്കാൾ വിലയും സുരക്ഷിതത്വവും ഉള്ള നമ്മുടെ നാട്ടിൽ ഈ മാതിരി സംഭവങ്ങൾ എല്ലാം ഇക്കിളി കഥകളാണ്. വളരെ മനശാസ്ത്രപരമായ സമീപനങ്ങളാണ് നമ്മുടെ ഭരണകൂടം ഇക്കിളി പ്രതികളോട് കാണിക്കുന്നത്.  പെട്ടെന്നൊന്നും ശിക്ഷിക്കില്ല, തൂക്കി കൊല്ലില്ല.  തിരിച്ചും മറിച്ചും ചിന്തിച്ചു ചെയ്തതു തെറ്റാണെന്ന് ഉറപ്പു വരുത്താനായി അവരെ ജയിലുകളിൽ പാർപ്പിക്കും.    അതിനാലാവണം നിയമത്തിന്റെ തണലിൽ ചെയ്ത തെറ്റിനെ ന്യയീകരിക്കാനും ഒരു വട്ടം കടിച്ചു കീറി കൊന്നു കുഴിച്ചുമൂടിയ പെണ്‍കുട്ടിയുടെ ചീഞ്ഞ ജഡം വീണ്ടും മാന്തിയെടുത്തു തിന്നാനും നമ്മൾ ഇവന്റെയൊക്കെ അളിഞ്ഞ ഉടലിനെ ഇപ്പോളും ഭൂമിക്കു മേൽ  വെച്ചിരിക്കുന്നത്.   അവളെന്നല്ല ഇന്ത്യയിലുള്ള  80% പെണ്ണുങ്ങളും പെഴകളാണെന്നും, അവരെയൊക്കെ ഇന്ത്യൻ സംസ്കാരം പഠിപ്പിക്കേണ്ടതും മനസിലാക്കി കൊടുക്കേണ്ടതും ഓരോ ഇന്ത്യൻ പൌരന്മാരുടെയും കടമയാനെന്നതും, അതു പഠിപ്പിക്കേണ്ടത് റേപ് ചെയ്താനെന്നും, റേപ് എന്ന കലാരൂപത്തിൽ  ആണിനെക്കാൾ തെറ്റുകാരി പെണ്ണാണെന്നും, ഉൽബൊധിപ്പിക്കാനും അത് വഴി ഒരു ദിവസമെങ്കിലും സെലിബ്രിടിയായി വാഴാനും ഒരുവനെ തീറ്റി പോറ്റി വളർത്തിയെടുത്തു. കാശു കിട്ടിയാൽ എന്തും ചെയ്യാൻ തയ്യാറായ ഒരു വക്കീലിന്റെ "അന്തസ്സുള്ള ലേഡിയുടെ പോർട്രൈറ്റ്‌ സ്കെറ്റ്ചിങ്ങ്" കയ്യും കെട്ടി നോക്കി നില്ക്കാനും നമ്മളോളം  ക്ഷമയും മാനസികവലുപ്പവും ലോകത്തൊരു ജന സമൂഹത്തിനും ഉണ്ടാവില്ല.

ഇന്ത്യൻ ഭരണഘടനയിൽ സ്ത്രീക്കൊരു സ്ഥാനവുമില്ലെന്നും, പെണ്ണെന്നാൽ പെറാനും, വീട്ടുജോലിക്കും ഉള്ള കേവലം യന്ത്രങ്ങൾ മാത്രമാണെന്നും എന്റെ കുടുംബത്തിലെ പെണ്ണുങ്ങൾ  സന്ധ്യകഴിഞ്ഞാൽ പുറത്തിറങ്ങാറില്ലെന്നും പ്രസംഗിച്ചു ഐഡിയൽ മോഡൽ ആയി നമുക്ക് മുന്നിൽ വന്ന ഒരു ശർമയോ സിങ്ങൊ ഒക്കെ കേവലം ഒരു കേസുമായി മാത്രം ബന്ധപ്പെട്ടു നില്ക്കുന്ന വക്കീലന്മാർ അല്ല.  പുരോഗമനം പ്രസംഗിക്കുന്ന ഓരോ മലയാളി പുരുഷന്റെയും ഉള്ളിലുള്ള അഴുക്കുചാൽ ആണ് ഈ ശർമയും സിങ്ങും എല്ലാം.  സ്ത്രീയെന്ന വർഗത്തെ ആദ്യം ബഹുമാനിക്കാൻ പഠിക്കുക.  അതോടെ തീരും എല്ലാ പ്രശ്നവും.

രാത്രിയിൽ പുറത്തിറങ്ങി നടക്കാതിരിക്കാൻ ആർക്കും പറ്റില്ല.  ചിലപ്പോൾ ജോലി കഴിഞ്ഞു ലേറ്റ് ആയെന്നിരിക്കും, ബസ്‌ കിട്ടാതെ ലേറ്റ് ആയെന്നിരിക്കും അങ്ങനെ ഒരുപാടു കാരണങ്ങൾ ഉണ്ടായെന്നിരിക്കും.  അതൊക്കെ പീഡനത്തിന് കാരണമാണെന്ന് പറഞ്ഞാൽ നിന്റെ പെങ്ങളാനെങ്കിൽ നീ ഇങ്ങനെ പറയുമോ എന്നെ തിരിച്ചു ചോദിക്കാനുള്ളു.  വസ്ത്രം ആണ് വിഷയം എങ്കിൽ സാരി ഉടുത്തു നടക്കുന്ന എല്ലാവരെയും ബലാത്സംഗം ചെയ്യേണ്ടതാണ്.  അതല്ല, ആണിന് കാല് കാണുമ്പോളാണ് ഉദ്ധാരണം നടക്കുന്നതെന്നാനെങ്കിൽ  അന്യരാജ്യങ്ങളിൽ പോയി ജോലി ചെയ്യുന്ന എല്ലാ ഇന്ത്യക്കാരനും ഉദ്ധാരണ ശേഷി ഇല്ലാത്തവരാണെന്ന് പറയേണ്ടി വരും.

പ്രശ്നം സാരിയോ ചുരിദാറോ മിഡിയോ ജീൻസോ ഒന്നുമല്ല.  ശക്തമായ നിയമസംവിധാനമോ, വ്യവസ്ഥിതിയോ ഇല്ലാത്തതാണ്.  പെണ്ണിനോട് ബഹുമാനമോ പരിഗണനയോ ഇല്ലാത്തതാണ്.  നമ്മൾ ദിനവും റോഡിലും  ബസിലും വീട്ടിലും ഓഫീസിലും സൈബർ സ്പേസിലും കാണുന്ന പുരുഷന്മാരാണ് ഈ മുകേഷ് സിംഗും മനോഹർ ലാൽ ശർമയും. പശുവിനെയും കാളയെയും സ്നേഹിക്കാനുള്ള ആ വലിയ മനസിന്റെ പകുതി മതിയാവും ഒരു പെണ്ണിന്റെ കണ്ണീരു കാണാനും മനസിലാക്കാനും അതിനു വേണ്ടി ശക്തമായ നിയമനിർമാണം നടപ്പിൽ വരുത്തുവാനും.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ