Follow by Email

2015, ഫെബ്രുവരി 27, വെള്ളിയാഴ്‌ച

ഫെമിനിസം എന്ന ഇരട്ടത്താപ്പ്കിംഗ്‌ എന്ന സിനിമയിലെ ഒരു പ്രശസ്തമായ ഡയലോഗ് ഉണ്ട്. പുരുഷത്വത്തിന്റെ (?) പ്രതീകമായ നായകൻ അമുൽ ബേബി ആയ നായികയോട് ഒറ്റ ശ്വാസത്തിൽ അടിച്ചു വിടുന്ന ദേശസ്നേഹം മുഴച്ചു നില്ക്കുന്ന ഡയലോഗ്.  "അക്ഷരങ്ങൾ അച്ചടിച്ച്‌ കൂട്ടിയ പുസ്തകങ്ങളിൽ നിന്ന്  നീ പഠിച്ച ഇന്ത്യ അല്ല അനുഭവങ്ങളുടെ ഇന്ത്യ"എന്ന് തുടങ്ങുന്നത്.  അത് തന്നെയാണ് എനിക്ക് ചില സ്വയം പ്രഖ്യാപിത ഫെമിനിസ്ടുകളെ കാണുമ്പൊൾ തോന്നുന്നത്.  പാർട്ടി സമ്മേളനങ്ങളിൽ നിങ്ങൾ കണ്ടിട്ടുള്ള ഫെമിനിസമല്ല യഥാർത്ഥ ഫെമിനിസം- അനുഭവങ്ങളുടെ ഫെമിനിസം.  കോടിക്കണക്കിനു പട്ടിണി പാവങ്ങളായ സ്ത്രീകള്ക്ക് വേണ്ട ഫെമിനിസം.  സ്ത്രീധനം കൊടുക്കാൻ കാശില്ല എന്ന കാരണം കൊണ്ട് അധികപറ്റുപോലെ ജീവിക്കേണ്ടി വരുന്ന സ്ത്രീകളുടെ ഫെമിനിസം.  മറ്റു പാർട്ടിക്കാരന്റെ പീഡനം കാണുമ്പൊൾ മാത്രം ഉണരുന്ന ഫെമിനിസമല്ല.  രാപകലില്ലാതെ അധ്വാനിച്ചു തളർന്നു വീട്ടിൽ വരുമ്പോൾ കെട്ടിയോന്റെ ചവിട്ടും തൊഴിയും ഏല്ക്കേണ്ടി വരുന്ന പാർട്ടി ഇല്ലാത്ത ചിരുതയെ പോലുള്ള സ്ത്രീകളുടെ ത്യാഗങ്ങളുടെയും നൊമ്പരങ്ങളുടെയും ഫെമിനിസം.  ഉയർന്ന സമുദായത്തിൽ പെട്ട മിഡിൽ ക്ലാസ്സ്‌ പെണ്‍കുട്ടി പീടിപ്പിക്കപ്പെടുമ്പോൾ മുഖപുസ്തകത്തിൽ ഉയരുന്ന ഫെമിനിസമല്ല.  ദിവസതോഴിലാളിയായ തമിൾ സ്ത്രീ പീഡിപ്പിക്കപെടുമ്പോൾ പീഡിപ്പിച്ചവൻ  സ്വന്തം പാർട്ടിക്കാരൻ ആണെങ്കിലും അല്ലെങ്കിലും അതിനെ എതിര്ക്കുന്നവന്ടെ/അവളുടെ ഫെമിനിസം.  ഈ ഫെമിനിസം എന്താണെന്നറിയണം എങ്കിൽ സെൻസ്, സെന്സിബിളിടി, സെന്സിടിവിടി എല്ലാം വേണം. ഇതൊന്നുമില്ലെങ്കിലും കുറഞ്ഞ പക്ഷം വിക്കിപീഡിയ പറയുന്ന ഫെമിനിസം എങ്കിലും വായിക്കാം.  വെറുതെ.

 
നമ്മുടെ നാട്ടിൽ ഏതു തെറ്റ് ചെയ്യുന്നവനും സുരക്ഷിതനാണ്.  അത് കൊലപാതകം ആയാലും, ബലാൽസംഗം  ആയാലും.  ഒരേ ഒരു ഇൻഷുറൻസ് പോളിസി എടുത്താൽ മതി-ഏതെങ്കിലും രാഷ്ട്രീയ പാർടിയിൽ ഒരു മെമ്പർഷിപ്‌.  ബാകിയെല്ലാം പാർട്ടി നോക്കിക്കോളും.  പാർട്ടികൾ- ഗ്രൂപ്പുകൾ, ഘടകങ്ങൾ, ഉപഘടകങ്ങൾ എന്നിങ്ങനെ പടര്ന്നു പന്തലിച്ചു കിടക്കുന്നതിനാൽ ഏതെങ്കിലും പാർടിയുടെ, ഏതെങ്കിലും ഘടകത്തിലെ, ഏതെങ്കിലും ഒരു ലോകൽ നേതാവിന്റെ ഒരു കാൾ മതി ഏതു കേസിൽ നിന്നും ഊരി  പോരാൻ.  അക്കാര്യത്തിൽ  മാത്രം, രാഷ്ട്രീയത്തിൽ മന്ത്രിയും, പാർടിയിലെ ഒരു സാധാരണ മെമ്പറും തുല്യരാണ്.   അത് പെണ്ണ് കേസ് ആണെങ്കിൽ പെണ്ണിന്റെ പേരിൽ പഴിചാരി തലയൂരിപോവുന്ന പ്രതിഭാസം പരക്കെ കണ്ടുവരുന്നതാണ്.  അത് മന്ത്രി, എം. എൽ. എ,  പാർട്ടി അനുഭാവി എന്നുള്ള വ്യത്യാസം ഇല്ലാതെ എല്ലാവരും  ഈ കാര്യത്തിൽ ഒരേ പോലെ നിരപരാധികളും, അവര്ക്കെതിരെ പരാതി കൊടുത്ത സ്ത്രീകൾ കുറ്റക്കാരും ആവുക  പതിവാണ്.  പാർടിയുടെ മഹിളഘടകം പോലും നേതാക്കളുടെ നിഷ്കളനിഷ്കളന്ഗത  വെളിപ്പെടുത്തി മുന്നിട്ടിറങ്ങുന്ന കാഴ്ച കാണാം.  

സ്ത്രീവിമോചനം, സ്ത്രീശാക്തീകരണം എല്ലാം കേൾക്കാൻ രസമുള്ള, മാർക്കറ്റ്‌ വാല്യൂ ഉള്ള വാക്കുകളാണ്.  അത് രാഷ്ട്രീയക്കാരികളായ പെണ്സിംഹങ്ങൾക്ക് പാർട്ടിക്കുള്ളിൽ ഒരു വെയിറ്റ് കിട്ടാൻ പറ്റിയ ഐറ്റംസ് മാത്രം.  ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയ പാർടികളും സമന്മാരാണ്.  എല്ലാരും ഇതൊക്കെ ചെയ്യുന്നുമുണ്ട്.  രാഷ്ട്രീയത്തിലെ സ്ത്രീ ശാക്തീകരണം കൊണ്ട് ഇത്ര വർഷത്തിനുള്ളിൽ നിങ്ങൾ എത്ര പെണ്ണുങ്ങളെ അടുക്കളയിൽ  നിന്ന് അരങ്ങത്തെതിച്ചു? അവിടുന്ന് സെക്രടറിയെറ്റിലെക്കും, പാർലമെന്റിലെക്കും  എത്തിച്ചു? എന്നൊന്നും ചോദിച്ചു കളയരുത്.  അതൊക്കെ അച്ചടക്കലംഘനത്തിന്റെ പട്ടികയിൽ പെടുത്തേണ്ടി വരും. താഴ്ന്ന ജാതിയിലോ മതത്തിലോ പെട്ട എത്ര സ്ത്രീകൾ നേതൃസ്ഥാനത്തു വന്നു എന്ന് നോക്കിയാൽ വിമോചനം ഒരു ഇരട്ടത്താപ്പാണെന്ന് മനസിലാകും. രാഷ്ട്രീയത്തിൽ  മുൻനിരയിൽ നില്ക്കുന്ന സ്ത്രീകൾ വെറും ചട്ടുകങ്ങൾ മാത്രമാണ്.  സ്വന്തം വര്ഗത്തിന് കിട്ടാനുള്ള സമത്വത്തിനു വേണ്ടി സ്വന്തം പാർട്ടി കൊടുത്തിരിക്കുന്ന ബൈലോ ഉപയോഗിച്ച്, ആ സൌകര്യങ്ങൾക്ക് ഉള്ളിൽ നിന്ന്, ആ പാർടിക്കു വേണ്ടി അവർ പറയുന്ന പോലെ മാത്രം വാദിക്കാം.  അങ്ങനെ മാത്രമെ അവർ വാദിക്കുകയും ചെയ്യാറുള്ളു.  ഇല്ലെങ്കിൽ സേഫ് സോണ്‍ പോകും എന്ന് അവർക്കറിയാം.

ഫെമിനിസം എന്നതു ഇന്ത്യയിലാകെ അനിവാര്യമായ ഒന്നാണ്.  അത് പുരുഷനോട് വാദിച്ചു ജയിക്കലൊ വേദികളിൽ പ്രസംഗിച്ചു തകർക്കലൊ അല്ല.  സമൂഹത്തിന്റെ താഴെക്കിടയിലുള്ള, താണജാതിയിലുള്ള സ്ത്രീകൾക്കാണ്‌ അത് ഏറ്റവും ആവശ്യമായിട്ടുള്ളത്‌.  നമുക്കിടയിൽ സൂര്യനെല്ലിയായും വിതുരയായും പല പല പേരുകളിൽ ദിവസം തോറും വന്നു പോകാറുള്ള തീരാത്ത കണ്ണീരുമാത്രം സ്വന്തമായുള്ള അനേകം പെണ്‍കുട്ടികൾക്കാണ്.  വീടുകൾക്കുള്ളിലും  തൊഴിൽ സ്ഥലങ്ങളിലും പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികൾക്കാണ് ഫെമിനിസം കൊണ്ട് പ്രയോജനം ഉണ്ടാകേണ്ടത് .  അല്ലാതെ സ്ത്രീധനം കൊടുക്കാൻ പണവും റെഡി ആക്കി മകൾക്ക് വരനെ വിലക്കെടുക്കാൻ നോക്കി ഇരിക്കുന്ന അപ്പർ ക്ലാസ്സ്‌  അച്ഛനും അത് വാങ്ങാൻ റെഡി ആയി വരുന്ന മിഡിൽ ക്ലാസ്സ്‌ വരനും ഒന്നും ഫെമിനിസത്തിന്റെ വിഷയങ്ങൾ അല്ല.  ഉള്ളവൻ കൊടുക്കുന്നു.. കൊടുക്കട്ടെ. ഇല്ലാത്തവനെ ഊറ്റി പിഴിഞ്ഞ് വാങ്ങാൻ നിൽക്കുന്നതിനെ നിങ്ങള്ക്ക് തടയാൻ കഴിയുന്നുണ്ടോ?  പാവപ്പെട്ട പെണ്ണിന്റെ കണ്ണീരു കാണാൻ കഴിയുന്നുണ്ടോ?  അതിനു ഒരു രാഷ്ട്രീയ ലേബൽ ഇല്ലാതെ നിങ്ങൾക്ക് സഹായിക്കാൻ കഴിയുന്നുണ്ടോ അതാണ് ഫെമിനിസം.  കേരളത്തിന്‌ ആവശ്യമുള്ള ഫെമിനിസം.  അത് സാധിക്കണമെങ്കിൽ പാര്ടിയെക്കാൾ വലുതാവണം സ്വന്തം വർഗത്തോടുള്ള സ്നേഹം.  നിഷ്പക്ഷമാകണം സ്വന്തം വർഗത്തോടുള്ള സ്നേഹം.  ഇതൊക്കെ ഏതെങ്കിലും കാലത്ത്  നടക്കുമോ എന്തോ .....
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ