Follow by Email

2015, ഫെബ്രുവരി 24, ചൊവ്വാഴ്ച

വ്യക്തിസ്വാതന്ത്ര്യവും പുരുഷാധിപത്യവുംഒരു പെണ്‍കുട്ടിക്ക് അവളുടെ ജനനം മുതൽ നേരിടേണ്ടി വരുന്ന ഒന്നാണ് വ്യക്തിസ്വതന്ത്ര്യത്തിൻ മേലുള്ള അന്യായമായ വിലക്കുകൾ.  സ്കൂളിൽ, വീട്ടിൽ എന്ന് വേണ്ട എല്ലായിടത്തും വിലക്കുകളും അതിക്രമങ്ങളും അടിച്ചമർത്തലുകളും നേരിട്ട് തന്നെയാണ്  ഓരോ പെണ്ണും വളരുന്നത്‌.  ആണിനേയും പെണ്ണിനേയും കുഞ്ഞിലെ മുതൽക്കെ നമ്മൾ വേർതിരിവുകൾ പരിശീലിപ്പിക്കുന്നു.  പിങ്ക് കളർ ഡ്രസ്സ്‌ ഇട്ടു കൊടുത്തു, പാവക്കുട്ടികളെ വാങ്ങികൊടുത്തു, ഡാൻസ് മുതലായ കലാരൂപങ്ങൾ മാത്രം പഠിപ്പിച്ചു നമ്മൾ പെണ്‍കുഞ്ഞുങ്ങളെ ഒതുക്കി വളർത്തുന്നു.  അവൻ "ആണ്‍കുട്ടിയാണ്" എന്ന ലേബലിൽ ആഗ്രഹിക്കുന്നതെല്ലാം കൊടുത്തു ബുദ്ധിവികാസത്തിനു ഉതകുന്ന എല്ലാ തരം കളിപ്പാട്ടങ്ങളും വാങ്ങി കൊടുത്തു നമ്മൾ അവനെ മിടുക്കനാക്കി എടുക്കുന്നു.  പക്ഷെ, അവനെ നമ്മൾ പെണ്‍കുട്ടികളോട് നന്നായി  പെരുമാറാനോ, സഹജീവിയെന്നുള്ള പരിഗണന എങ്കിലും കാണിക്കുവാനോ, കുറഞ്ഞ പക്ഷം നല്ലൊരു മനുഷ്യനായി വളരുവാനോ പഠിപ്പിക്കാറില്ല. സ്വന്തം അമ്മയും പെങ്ങളും ഒഴിച്ചുള്ള എല്ലാ പെണ്ണുങ്ങളും അവനു കേവലം ചരക്കുകൾ മാത്രമാണ്.  അപ്പോൾ അവന്റെ അമ്മയും പെങ്ങളും വേറൊരുത്തന്റെ കണ്ണിൽ ചരക്കാനെന്നുള്ള കാര്യം പാവം മറന്നു  പോവുന്നു.  എന്റെ കൌമാരത്തിൽ, കോളേജു കാമ്പസിൽ വെച്ച് എന്റെ മുഖത്ത് നോക്കി നീയൊരു ഉഗ്രൻ ചരക്കാണെന്ന്  പറഞ്ഞവന്റെ നേരെ തിരിഞ്ഞു നിന്ന് നിന്റെ അമ്മയും പെങ്ങളും ഒക്കെ ചരക്കാണ്‌ ഞാൻ മാത്രമല്ല എന്ന് ഞാൻ പറഞ്ഞപ്പോൾ അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നതും, എന്നെ ചീത്ത വിളിച്ചതും ക്യാംപസിൽ മൊത്തം എന്നെ അവൻ ഓടിച്ചതും ആരൊക്കെയോ വന്നു മധ്യസ്ഥം പറഞ്ഞതും ഞാനിപ്പോളും ഓർക്കാറുണ്ട്.  അത് മാത്രമല്ല അതുപോലെയുള്ള എല്ലാ സംഭവങ്ങളും ഇന്നും മനസ്സിൽ മായാതെ കിടപ്പുണ്ട്.  ഇതൊന്നും ഒരിക്കൽ പോലും ജീവിതത്തിൽ അനുഭവിക്കാത്ത ഒരൊറ്റ പെണ്‍കുട്ടിയും നമ്മുടെ നാട്ടിൽ ഉണ്ടാവില്ല.  പെണ്ണിനെ അച്ചടക്കം പഠിപ്പിക്കുന്ന നമ്മൾ ആണിനെ അച്ചടക്കം പഠിപ്പിക്കാറില്ല. പെരുമാറ്റം പഠിപ്പിക്കാറില്ല. സ്കൂളിൽ, കോളേജിൽ, റോഡിൽ, ബസിൽ, വീട്ടിൽ എല്ലാം മാനസികവും ശാരീരികവുമായി പീഡിപ്പിക്കപ്പെട്ടു ജീവിതം ജീവിച്ചു തീര്ക്കുന്ന പെണ്‍കുട്ടികളെ പറ്റി ആരും ചിന്തിക്കാറില്ല.  കാരണം പുരുഷൻ ഭരിക്കുമ്പോൾ ഭരിക്കപ്പെടാൻ ഉള്ളവളാണ് സ്ത്രീ.

ഏതെങ്കിലും രീതിയിൽ പ്രശസ്തരായ സ്ത്രീകള്ക്ക് ഈ വിവേചനം ഒരുപാടു സഹിക്കേണ്ടി വരാറുണ്ട് .  അത് സിനിമ ആയാലും രാഷ്ട്രീയം ആയാലും  വിദ്യാഭ്യാസപരമായാലും. ഒരു തരം രണ്ടാം കിട സമീപനം.  ഒരിത്തിരി ധൈര്യമോ ചങ്കൂറ്റമോ കാണിച്ചാൽ പിന്നെ, അടക്കവും ഒതുക്കവുമുള്ള തരുണീ മണികളുടെ വക പരിഹാസം, പുരുഷകേസരികളുടെ വക തെറിയഭിഷേകം. അത് സൈബർ സ്പേസ് ആണെങ്കിൽ പരസ്യമായ അധിക്ഷേപിക്കൽ.  രഞ്ജിനി അല്ലെങ്കിൽ അരുന്ധതി അല്ലെങ്കിൽ റിമി ഇവരെ ആരെയും നേരിൽ കണ്ടിട്ടോ പരിചയപ്പെട്ടിട്ടോ ഇല്ല .  പക്ഷെ ഇവരെല്ലാം മലയാളി പുരുഷന്മാരുടെ വർഗശത്രുക്കൾ ആണ്.  അവരുടെ ഒക്കെ പ്രൊഫൈലുകളിൽ പോയി തെറി അഭിഷേകവും മര്യാദ പഠിപ്പിക്കലും നടത്തുമ്പോൾ വെളിപ്പെടുന്നത് പുരുഷമേധാവിത്വം തലയ്ക്കു പിടിച്ചു  അധപതിച്ച സമൂഹത്തിന്റെ മുഖമാണ്. പിന്നെ ഏറ്റവും കൂടുതൽ അസഹിഷ്ണുത കാണുന്നത് അല്പം ഉന്നതമായ ചിന്ത, അല്ലെങ്കിൽ വായന അതുമല്ലെങ്കിൽ സ്വന്തമായി നിലപാടുകളുള്ള സ്ത്രീകളോടാണ്.  അവരെല്ലാം മോശമാണെന്ന് വരുത്തി തീർക്കാൻ വല്ലാതെ പാടു പെടുന്നത് കാണാം.  തുറന്നെഴുതുന്ന  കവയത്രികളോ കഥാകാരികളോ ആണ് മറ്റു ഇരകൾ.  അവര് "മൂത്ത്" ഇരിക്കുന്നതു  കൊണ്ടാണല്ലോ എഴുതുന്നത്‌ എന്നു സ്വയം അങ്ങ് തീരുമാനിക്കും.  പിന്നെ അങ്ങോട്ടായി.  അവർ പ്രതികരിച്ചാൽ, ഇതിനെ പറ്റി എന്തെങ്കിലും എഴുതിയാൽ, 'എന്നെ കണ്ടാൽ കിണ്ണം കട്ടെന്നു തോന്നുമോ' എന്ന ഭാവത്തിലുള്ള കമന്റ്സ് കാണാം.  "എല്ലാ ആണുങ്ങളും ഒരുപോലല്ല".  "ഒരു വർഗത്തെ അടച്ചാക്ഷേപിക്കരുത്".  "നിങ്ങൾ പുരുഷവിദ്വേഷിയാണല്ലെ?" എന്നൊക്കെ ചോദ്യങ്ങൾ ഉയരുന്നത് കാണാം.   അപ്പോളും തെറ്റ് സ്ത്രീയുടേതു മാത്രം.  ചേട്ടൻ ആ ടൈപ്പ് അല്ലെങ്കിൽ എന്തിനാണ് ചേട്ടനു  ഇത്ര നോവുന്നത് എന്ന് മാത്രം മനസിലാവാറില്ല.

സദാചാരം പരിപോഷിപ്പിക്കാൻ കൊല്ലാനും തല്ലാനും മടിക്കാത്ത ഒരു ജനതയാണ് നമ്മൾ എന്നത് കൊണ്ടും, മറ്റുള്ളവരുടെ ജീവിതത്തിൽ നമുക്കും റോൾ ഉണ്ടെന്നു വിശ്വസിക്കുന്നത് കൊണ്ടും, ആരെയും ചോദ്യം ചെയ്യാനും നേർവഴിക്കു നടത്താനും നമുക്ക് അവകാശം ഉണ്ട് . അതിന്റെയൊക്കെ പ്രതിഫലനങ്ങളാണ് മേല്പറഞ്ഞതെല്ലാം.  വ്യക്തിസ്വാതന്ത്ര്യം എന്നൊന്നില്ല. ഒരുത്തൻ  അപകടത്തിൽ പെട്ട് റോഡിൽ കിടന്നാൽ,  ഒരു കുഞ്ഞു ക്രൂരമായി കൊല്ലപ്പെട്ടാൽ ഒന്നും പ്രതികരിക്കുകയോ സഹായിക്കുകയോ ചെയ്യാത്തവർ, ഒരാണും പെണ്ണും ഒന്നിചിരിക്കുന്നത് കാണുമ്പൊൾ, അല്ലെങ്കിൽ സ്നേഹപ്രകടനങ്ങൾ നടത്തുന്നത് കാണുമ്പൊൾ കലി തുള്ളി ഇറങ്ങുന്നത് സദാചാരബോധം കൊണ്ടോ അതോ "എല്ലാർക്കും കിട്ടുന്നു എനിക്ക് മാത്രം കിട്ടുന്നില്ല "എന്ന സങ്കടം കൊണ്ടോ എന്ന് തോന്നിപ്പോവുന്നത് സ്വാഭാവികം മാത്രം.  ഇപ്പോൾ നാട്ടിൽ ഒരു സ്ത്രീക്കും പുരുഷനും പുറത്തിറങ്ങണം എങ്കിൽ റേഷൻ കാർഡ്‌ ,മാര്യേജ് സർറ്റിഫികട്ട് എന്നിവയൊക്കെ വേണം.  കാരണം ബന്ധം തെളിയിക്കണമെങ്കിൽ ഇവയൊന്നുമില്ലാതെ പറ്റില്ലല്ലോ.

ആർക്കു  എന്ത് സ്വാതന്ത്ര്യം കിട്ടി എന്നാണ് പറയുന്നത്?  സഞ്ചാര സ്വാതന്ത്ര്യമോ, അഭിപ്രായ സ്വാതന്ത്ര്യമോ, വ്യകതിസ്വതന്ത്ര്യമോ ഒന്നുമില്ലാത്ത ഒരു നാട് എന്ത് സ്വാതന്ത്ര്യം നേടി?  സമൂഹത്തിന്റെ ഒരു ചെറിയ പരിചെദമായ സൈബർ സ്പേസ് ശ്രദ്ധിച്ചാൽ മനസിലാകും , മേല്പറഞ്ഞ കേസരികളുടെ വിളയാട്ടം.  എന്ന് വെച്ചാൽ വളര്ന്നു വരുന്ന തലമുറ പോലും വിഷമയമാണ്.  അങ്ങനെ ഉള്ള ഒരു സമൂഹത്തിൽ പെണ്ണ് ഒരിക്കലും ഒരു ഉപഭോഗവസ്തുവിനു മേലെയല്ല.  ഇനി ആവുകയുമില്ല. നമ്മുടെ  ദൈവത്തിന്റെ സ്വന്തം നാടേ.............

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ