Follow by Email

2015, ഫെബ്രുവരി 18, ബുധനാഴ്‌ച

ആഘോഷമാക്കപ്പെടുന്ന മരണങ്ങളെ പറ്റി എനിക്ക് പറയാനുള്ളത്കഴിഞ്ഞ രണ്ടു ആഴ്ച്ചക്കിടയിൽ മനുഷ്യസ്നേഹികളായ രണ്ടു യുവാക്കളാണ്  എന്നെന്നേക്കുമായി  ഇല്ലാതായത് .  മരണം എന്നത് രംഗബോധമില്ലാത്ത കോമാളി ആണെന്ന് ആരോ പറഞ്ഞത് അന്വർഥമാക്കും വിധമായിരുന്നു അവ രണ്ടും.  മറ്റുള്ളവര്ക്ക് ദോഷവും ശല്യവുമായി ഭൂമിക്കു ഭാരമായി ഒരു പാട് പാഴ്ജന്മങ്ങൾ അരങ്ങു വാഴുന്ന ഈ കാലത്ത് "നല്ല രണ്ടു മനുഷ്യരെ" ആണ് നഷ്ടമായത്. ജീവിച്ചു തീർത്ത പകുതി എന്ത് കൊണ്ടും വിലയുള്ളതാണെന്ന് പറയാം (കേട്ടറിഞ്ഞ കാര്യങ്ങളിൽ നിന്ന് ). ഇതിൽ എനിക്ക് താല്പര്യം തോന്നിയ ഒരു വിഷയം എന്താണെന്നു വെച്ചാൽ, മലയാളിക്കു മാത്രം കണ്ടു വരുന്ന ഒരു പ്രത്യേക സ്വഭാവമാണ്. ഒരാൾ മരിച്ചു കഴിയുമ്പോൾ അയാളെ പറ്റി വാചാലമായി സംസാരിക്കുക. അത്രക്കൊന്നും അറിയില്ലെങ്കിലും പരിചയമില്ലെങ്കിലും നമ്മുടെ സ്വന്തം ആളാരുന്നു എന്ന് പറയുന്നത് ഒരു ക്രെഡിറ്റ്‌ പോലെ ആണ്.  ജീവിച്ചിരിക്കുമ്പോൾ അർഹതപ്പെട്ടതൊന്നും കൊടുക്കാതെ മരിച്ചു കഴിയുമ്പോൾ കാണിക്കുന്ന ഈ കോപ്രായം എല്ലാ മരണവീടുകളിലെയും സ്ഥിരം കാഴച്ചയാണ്.  രണ്ടാഴ്ച മുഖപുസ്തകതിലും ഈ സീൻ ആയിരുന്നു ഓടി കൊണ്ടിരുന്നത്.  പോസ്റ്റുകൾ, പ്രൊഫൈലിൽ ഉള്ള ഫോടോകളുടെ ഷെയറിങ്ങ്.. ആകെ ഒരു ആഘോഷമായിരുന്നു.  ചിലര് ലാസ്റ്റ് ചാറ്റ് വരെ പോസ്റ്റ്‌ ചെയ്തു ലൈക്‌ വാങ്ങുന്നത് കാണാമായിരുന്നു. ന്യുരോസിസിൽ  നിന്ന് സൈക്കോസിസിലേക്കുള്ള ട്രാൻസ്ഫോർമെഷൻ  ആണ് ഈ ലൈക്‌ വാങ്ങാനുള്ള ആക്രാന്തം എന്നാണ് എന്റെ ഒരു "ഇതു".  അത് കൊണ്ട് ഈ പ്രഹസനങ്ങളെ  എന്റെ സ്ഥായീഭാവമായ പുച്ഛം കൊണ്ട് തള്ളി കളയുന്നു. 

ഡോക്ടറുടെ മരണം ശരിക്കും വിശ്വസിക്കാൻ ആവാത്ത ഒന്നായിരുന്നു.  കാരണം ഇത്രയും പരോപകാരപ്രദമായ കാര്യങ്ങൾ ചെയ്യുന്ന ഒരാൾ വളരെ  മൃദുല മനസുള്ള ഒരാളായിരുന്നു എന്നുള്ളത് എന്നെ വല്ലാതെ അത്ഭുതപെടുത്തി.  ഡോക്ടർക്ക്  പിന്തുണ കൊടുത്തിരുന്നവരും പരിഹസിച്ചിരുന്നവരും ഡോക്ടറുടെ പ്രൊഫൈലിൽ കമന്റുകൾ ഇട്ടു തകർക്കുന്നതും മുസ്ലിം സമുദായത്തിനെ ഊട്ടി ഉറപ്പിച്ചു നല്ല മുസ്ലിം എന്ന് സർട്ടിഫിക്കറ്റ് നല്കുന്നതും ദൈവത്തിന്റെ അടുത്ത് തന്നെ അദ്ദേഹം ഇരിക്കും എന്ന് ആവർത്തിച്ച്‌ കവിതകൾ എഴുതി പൊലിപ്പിക്കുന്നതും  കാണാമായിരുന്നു.  ഇതിൽ ചിലരുടെ കാലുമാറ്റം തൊട്ടടുത്ത ദിവസം തന്നെ നടന്നു.  ഡോക്ടറുടെ മരണത്തിൽ ചിലര് പ്രേരണയായി എന്ന ഒരു മീഡിയയുടെ വെളിപ്പെടുത്തലോടെ പ്രേരണകുറ്റം ചാർത്തപെട്ടവർ സ്വന്തം പാർട്ടിക്കാരും  മതക്കാരും ആണെന്നറിഞ്ഞപ്പോൾ അസാധാരണമായ ഒരു മലക്കം മറിച്ചിലിന് ശേഷം അവരൊക്കെ നിശബ്ദരായി.  പിന്നെ അത് എതിർപാർട്ടിക്കാർ ഏറ്റെടുത്തു.  

മരണവും അപകടവും ആഘോഷമാക്കുന്ന നമ്മൾ, എല്ലാം മതം, ജാതി, പാർട്ടി എന്നിങ്ങനെ തരം തിരിക്കുന്ന നമ്മൾ, ഇനി എന്നാണ് എല്ലാം മനുഷ്യത്വത്തിന്റെ കണ്ണിലൂടെ കാണുന്നത്?  അങ്ങനെ ഒരു കാലം വരുമോ?  വന്നാൽ അതാണ് ഞാൻ സ്വപ്നം കാണുന്ന കിനാചേരി....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ