Follow by Email

2015, ഫെബ്രുവരി 11, ബുധനാഴ്‌ച

പ്രായപൂർത്തിയാകാത്ത ഭരണഘടനയും പ്രായത്തിൽ കവിഞ്ഞ വികാരവുംകഴിഞ്ഞ കുറെ വർഷങ്ങളായി നടന്ന പീഡനകഥകളിലെയും  ഈയിടെയായി കണ്ട ഹോംമെയിഡ് സെല്ഫ് വീഡിയോകളിലെയും പോർണ്‍ ഹീറോസ് കൌമാരക്കാരായിരുന്നു.  നമ്മെയൊക്കെ ഒരുപാടു കരയിച്ച, പ്രതികരണശേഷി ഉള്ളവരാക്കിയ, ഡല്ഹി മുതൽ ഇങ്ങോട്ട് ഉള്ള 'പീഡനം' എന്ന് വിളിക്കപ്പെടുന്ന ബലാത്സംഗകഥകളിലെ നായകന്മാരിൽ ഒരാളെങ്കിലും കുറഞ്ഞത്‌ കൌമാരത്തിന്റെ പടവുകളിൽ ചവിട്ടി നിന്ന്, നിയമത്തിന്റെ മറവു പറ്റി, ഭാഗ്യത്തിന്, രെക്ഷപെട്ട പാൽക്കാരൻ പയ്യനാണെന്ന് ഒന്ന് ശ്രദ്ധിച്ചാൽ മനസിലാകും.

ഏറ്റവും അടുത്തായി വാട്സപ്പിൽ പ്രചരിക്കപ്പെട്ട വീഡിയോകളുടെ ഡയറക്ടർ 'കം' ആക്ടർ 'കം' പ്രോടുസർ 'കം' ഡിസ്ട്രിബ്യുറ്റെർസ് എല്ലാരും കൌമാരക്കാരാനത്രെ. പാവം കുട്ടികൾ.... അറിവില്ലായ്മ കൊണ്ട് എന്തൊക്കെയോ കാട്ടികൂട്ടി, വിവരക്കേടിനു വീഡിയോ ആക്കി, എല്ലാരേം കാണിക്കാമല്ലോ, ഒരു സഹായമാവട്ടെ, എന്നോർത്ത് വിതരണം നടത്തി.  അത് ഒരു തെറ്റാണോ? ഒരിക്കലുമല്ല.  പ്രായക്കുറവിന്റെ പക്വതയില്ലയ്മയിൽ എല്ലാ ആണുങ്ങളും എന്തൊക്കെ ചെയ്തു കൂട്ടുന്നു?  അതൊക്കെ ആ പ്രായത്തിന്റെ വികൃതികളായി കളയുന്നതല്ലെ അതിന്റെ ശരി?  അതേ അതാണ് ശരി.  ഇന്ത്യൻ ഭരണഘടനയും അത് തന്നെ പറയുന്നു.  ഡല്ഹി കേസിൽ അതിലെ ഏറ്റവും ക്രൂരമായ പീഡനങ്ങൾ നടത്തിയ കൌമാരക്കാരൻ പുറത്തിറങ്ങാൻ പോകുന്നതും  നമ്മുടെ നിയമവ്യവസ്ഥയുടെ ഈ ഉദാരമായ, ഭൂമീദേവിയോളം വരുന്ന ക്ഷമയുടെ പരിണതഫലമാണ്.

തൊട്ടയല്പക്കത്തെ വീട്ടിലെ കുട്ടിയെ കൂട്ടം ചേർന്ന്  തട്ടിക്കൊണ്ടു പോയി ദാഹം തീര്ക്കുകയും അത്  റെക്കോർഡ്‌ ചെയ്തു പുറത്താക്കുകയും ചെയ്യുന്നത് അത്ര വലിയ തെറ്റല്ലെന്നാണ്  ഇപ്പോ കാരണവന്മാരുടെ വിലയിരുത്തൽ.  തെറ്റ് എന്നത് ആ വീഡിയോ യു ടുബിൽ  ആ കുട്ടിയുടെ മുഖം മറച്ചു നായകന്മാരെ ഫോക്കസ് ചെയ്തു ഒരു ആക്ടിവിസ്റ്റ് പോസ്റ്റ്‌ ചെയ്തതാണത്രേ.  എന്തൊരു വിവരക്കേടാണ് ആ സ്ത്രീ കാട്ടിയത്.  മറ്റുള്ളവർക്ക് ഇതു കണ്ടു പ്രചോദനം ഉണ്ടാകുകയല്ലെ അത് മൂലം സംഭവിക്കുക?  അല്ല, ഒരു സംശയം, അത് എഡിറ്റ്‌ ചെയ്തു പോസ്ടുന്നതിനു മുൻപേ ഒറിജിനൽ ആയി കിട്ടികൊണ്ടിരുന്നപ്പോൾ കിട്ടുന്ന പ്രചോദനത്തിൽ  കൂടുതലാണോ എന്നെ ഉപദ്രവിക്കല്ലെ 'ഭയ്യ'  എന്ന ആ കുട്ടിയുടെ നിലവിളിയും വേട്ടക്കാരന്റെ ചിരിച്ച മുഖവും ഫോക്കസ് ചെയ്യുന്ന ഈ വീഡിയോ . എന്തായാലും ആ സ്ത്രീ ഒരുപാടു വിമർശിക്കപ്പെട്ടു.  പ്രതികളാകട്ടെ, പൂർത്തിയാവാത്ത പ്രായത്തിന്റെ ആനുകൂല്യത്തിൽ ജാംബവാന്റെ കാലത്തുണ്ടാക്കിയ നിയമവ്യവസ്ഥയുടെ പിൻബലത്തിൽ ദുർഗുണങ്ങൾ ഉള്ളവരുടെ കൂടെ സുഖവാസതിനും പോയി.  കഥ ഇവിടെ  തീർന്നു.

കഥയിൽ ചോദ്യമില്ലെന്നാണ് എങ്കിലും ഭരണഘടനയിൽ പൌരന്റെ ചോദ്യം ചെയ്യാനുള്ള അവകാശം എടുത്തു പറയുന്നതിനാൽ കുറച്ചു സംശയങ്ങൾ ബാകി നിൽക്കുന്നു.  ഒരു പുരുഷന് ലൈംഗികചോദന തോന്നി തുടങ്ങുന്നത് 13 വയസുമുതലാണ്.  സ്വയംഭോഗം ചെയ്തു തുടങ്ങുന്നത് ഏതാണ്ട് 14 അല്ലെങ്കിൽ 15 മുതൽ(കിട്ടുന്ന അറിവുകളുടെ അളവനുസരിച്ച്).  അങ്ങിനെ എങ്കിൽ 18 വയസിന്റെ കണക്കു എന്താണ്?  എന്തിനാണ് ഇങ്ങനെ ഒരു ആനുകൂല്യം?  വികാരങ്ങൾ, വിചാരങ്ങൾ, കായികശേഷി എല്ലാമുള്ള ഇവനൊക്കെ എന്തിന്റെ പേരിലാണ് ഇപോളും ശിക്ഷകളിൽ നിന്ന് രെക്ഷപെടുന്നത്‌ ?  ഏതോ കാലത്ത് അന്ന് നിലനിന്നിരുന്ന വ്യവസ്ഥിതിയിൽ എഴുതി കൂട്ടി ഉണ്ടാക്കിയ ഒരു നിയമസംഹിതയും പൊക്കി പിടിച്ചു ലോകം മാറിയതറിയാതെ ഇപോളും ജീവിക്കുന്ന നമുക്കിതൊക്കെ ധാരാളം.  പ്രായപൂർത്തി ആയവനോക്കെ 'പീഡനം' നടത്തിയിട്ടും  ഇപോളും സുഖമായി ജീവിക്കുന്നു പിന്നെ ഈ ആണോ ഈ പാവം പിള്ളേരു?  ഭാവിയുടെ വഗ്ദാനങ്ങളല്ലെ?  ജീവിച്ചു പോട്ടെ.  നമുക്ക് നമ്മുടെ പെണ്‍കുഞ്ഞുങ്ങളെ മാത്രം സൂക്ഷിച്ചു വളർത്താം.  നന്നായി വസ്ത്രം ധരിപ്പിച്ചു, അച്ചടക്കമുള്ളവരായി, അല്പം മാത്രം വിദ്യാഭ്യാസം കൊടുത്തു, നേരത്തെ വിവാഹം കഴിപ്പിച്ചു വിട്ടു സ്വസ്ഥമാവാം.  അതല്ലെ വ്യവസ്ഥിതി  തിരുത്തി എഴുതുന്നതിലും എളുപ്പം?


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ