Follow by Email

2015, ഫെബ്രുവരി 27, വെള്ളിയാഴ്‌ച

ഫെമിനിസം എന്ന ഇരട്ടത്താപ്പ്കിംഗ്‌ എന്ന സിനിമയിലെ ഒരു പ്രശസ്തമായ ഡയലോഗ് ഉണ്ട്. പുരുഷത്വത്തിന്റെ (?) പ്രതീകമായ നായകൻ അമുൽ ബേബി ആയ നായികയോട് ഒറ്റ ശ്വാസത്തിൽ അടിച്ചു വിടുന്ന ദേശസ്നേഹം മുഴച്ചു നില്ക്കുന്ന ഡയലോഗ്.  "അക്ഷരങ്ങൾ അച്ചടിച്ച്‌ കൂട്ടിയ പുസ്തകങ്ങളിൽ നിന്ന്  നീ പഠിച്ച ഇന്ത്യ അല്ല അനുഭവങ്ങളുടെ ഇന്ത്യ"എന്ന് തുടങ്ങുന്നത്.  അത് തന്നെയാണ് എനിക്ക് ചില സ്വയം പ്രഖ്യാപിത ഫെമിനിസ്ടുകളെ കാണുമ്പൊൾ തോന്നുന്നത്.  പാർട്ടി സമ്മേളനങ്ങളിൽ നിങ്ങൾ കണ്ടിട്ടുള്ള ഫെമിനിസമല്ല യഥാർത്ഥ ഫെമിനിസം- അനുഭവങ്ങളുടെ ഫെമിനിസം.  കോടിക്കണക്കിനു പട്ടിണി പാവങ്ങളായ സ്ത്രീകള്ക്ക് വേണ്ട ഫെമിനിസം.  സ്ത്രീധനം കൊടുക്കാൻ കാശില്ല എന്ന കാരണം കൊണ്ട് അധികപറ്റുപോലെ ജീവിക്കേണ്ടി വരുന്ന സ്ത്രീകളുടെ ഫെമിനിസം.  മറ്റു പാർട്ടിക്കാരന്റെ പീഡനം കാണുമ്പൊൾ മാത്രം ഉണരുന്ന ഫെമിനിസമല്ല.  രാപകലില്ലാതെ അധ്വാനിച്ചു തളർന്നു വീട്ടിൽ വരുമ്പോൾ കെട്ടിയോന്റെ ചവിട്ടും തൊഴിയും ഏല്ക്കേണ്ടി വരുന്ന പാർട്ടി ഇല്ലാത്ത ചിരുതയെ പോലുള്ള സ്ത്രീകളുടെ ത്യാഗങ്ങളുടെയും നൊമ്പരങ്ങളുടെയും ഫെമിനിസം.  ഉയർന്ന സമുദായത്തിൽ പെട്ട മിഡിൽ ക്ലാസ്സ്‌ പെണ്‍കുട്ടി പീടിപ്പിക്കപ്പെടുമ്പോൾ മുഖപുസ്തകത്തിൽ ഉയരുന്ന ഫെമിനിസമല്ല.  ദിവസതോഴിലാളിയായ തമിൾ സ്ത്രീ പീഡിപ്പിക്കപെടുമ്പോൾ പീഡിപ്പിച്ചവൻ  സ്വന്തം പാർട്ടിക്കാരൻ ആണെങ്കിലും അല്ലെങ്കിലും അതിനെ എതിര്ക്കുന്നവന്ടെ/അവളുടെ ഫെമിനിസം.  ഈ ഫെമിനിസം എന്താണെന്നറിയണം എങ്കിൽ സെൻസ്, സെന്സിബിളിടി, സെന്സിടിവിടി എല്ലാം വേണം. ഇതൊന്നുമില്ലെങ്കിലും കുറഞ്ഞ പക്ഷം വിക്കിപീഡിയ പറയുന്ന ഫെമിനിസം എങ്കിലും വായിക്കാം.  വെറുതെ.

 
നമ്മുടെ നാട്ടിൽ ഏതു തെറ്റ് ചെയ്യുന്നവനും സുരക്ഷിതനാണ്.  അത് കൊലപാതകം ആയാലും, ബലാൽസംഗം  ആയാലും.  ഒരേ ഒരു ഇൻഷുറൻസ് പോളിസി എടുത്താൽ മതി-ഏതെങ്കിലും രാഷ്ട്രീയ പാർടിയിൽ ഒരു മെമ്പർഷിപ്‌.  ബാകിയെല്ലാം പാർട്ടി നോക്കിക്കോളും.  പാർട്ടികൾ- ഗ്രൂപ്പുകൾ, ഘടകങ്ങൾ, ഉപഘടകങ്ങൾ എന്നിങ്ങനെ പടര്ന്നു പന്തലിച്ചു കിടക്കുന്നതിനാൽ ഏതെങ്കിലും പാർടിയുടെ, ഏതെങ്കിലും ഘടകത്തിലെ, ഏതെങ്കിലും ഒരു ലോകൽ നേതാവിന്റെ ഒരു കാൾ മതി ഏതു കേസിൽ നിന്നും ഊരി  പോരാൻ.  അക്കാര്യത്തിൽ  മാത്രം, രാഷ്ട്രീയത്തിൽ മന്ത്രിയും, പാർടിയിലെ ഒരു സാധാരണ മെമ്പറും തുല്യരാണ്.   അത് പെണ്ണ് കേസ് ആണെങ്കിൽ പെണ്ണിന്റെ പേരിൽ പഴിചാരി തലയൂരിപോവുന്ന പ്രതിഭാസം പരക്കെ കണ്ടുവരുന്നതാണ്.  അത് മന്ത്രി, എം. എൽ. എ,  പാർട്ടി അനുഭാവി എന്നുള്ള വ്യത്യാസം ഇല്ലാതെ എല്ലാവരും  ഈ കാര്യത്തിൽ ഒരേ പോലെ നിരപരാധികളും, അവര്ക്കെതിരെ പരാതി കൊടുത്ത സ്ത്രീകൾ കുറ്റക്കാരും ആവുക  പതിവാണ്.  പാർടിയുടെ മഹിളഘടകം പോലും നേതാക്കളുടെ നിഷ്കളനിഷ്കളന്ഗത  വെളിപ്പെടുത്തി മുന്നിട്ടിറങ്ങുന്ന കാഴ്ച കാണാം.  

സ്ത്രീവിമോചനം, സ്ത്രീശാക്തീകരണം എല്ലാം കേൾക്കാൻ രസമുള്ള, മാർക്കറ്റ്‌ വാല്യൂ ഉള്ള വാക്കുകളാണ്.  അത് രാഷ്ട്രീയക്കാരികളായ പെണ്സിംഹങ്ങൾക്ക് പാർട്ടിക്കുള്ളിൽ ഒരു വെയിറ്റ് കിട്ടാൻ പറ്റിയ ഐറ്റംസ് മാത്രം.  ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയ പാർടികളും സമന്മാരാണ്.  എല്ലാരും ഇതൊക്കെ ചെയ്യുന്നുമുണ്ട്.  രാഷ്ട്രീയത്തിലെ സ്ത്രീ ശാക്തീകരണം കൊണ്ട് ഇത്ര വർഷത്തിനുള്ളിൽ നിങ്ങൾ എത്ര പെണ്ണുങ്ങളെ അടുക്കളയിൽ  നിന്ന് അരങ്ങത്തെതിച്ചു? അവിടുന്ന് സെക്രടറിയെറ്റിലെക്കും, പാർലമെന്റിലെക്കും  എത്തിച്ചു? എന്നൊന്നും ചോദിച്ചു കളയരുത്.  അതൊക്കെ അച്ചടക്കലംഘനത്തിന്റെ പട്ടികയിൽ പെടുത്തേണ്ടി വരും. താഴ്ന്ന ജാതിയിലോ മതത്തിലോ പെട്ട എത്ര സ്ത്രീകൾ നേതൃസ്ഥാനത്തു വന്നു എന്ന് നോക്കിയാൽ വിമോചനം ഒരു ഇരട്ടത്താപ്പാണെന്ന് മനസിലാകും. രാഷ്ട്രീയത്തിൽ  മുൻനിരയിൽ നില്ക്കുന്ന സ്ത്രീകൾ വെറും ചട്ടുകങ്ങൾ മാത്രമാണ്.  സ്വന്തം വര്ഗത്തിന് കിട്ടാനുള്ള സമത്വത്തിനു വേണ്ടി സ്വന്തം പാർട്ടി കൊടുത്തിരിക്കുന്ന ബൈലോ ഉപയോഗിച്ച്, ആ സൌകര്യങ്ങൾക്ക് ഉള്ളിൽ നിന്ന്, ആ പാർടിക്കു വേണ്ടി അവർ പറയുന്ന പോലെ മാത്രം വാദിക്കാം.  അങ്ങനെ മാത്രമെ അവർ വാദിക്കുകയും ചെയ്യാറുള്ളു.  ഇല്ലെങ്കിൽ സേഫ് സോണ്‍ പോകും എന്ന് അവർക്കറിയാം.

ഫെമിനിസം എന്നതു ഇന്ത്യയിലാകെ അനിവാര്യമായ ഒന്നാണ്.  അത് പുരുഷനോട് വാദിച്ചു ജയിക്കലൊ വേദികളിൽ പ്രസംഗിച്ചു തകർക്കലൊ അല്ല.  സമൂഹത്തിന്റെ താഴെക്കിടയിലുള്ള, താണജാതിയിലുള്ള സ്ത്രീകൾക്കാണ്‌ അത് ഏറ്റവും ആവശ്യമായിട്ടുള്ളത്‌.  നമുക്കിടയിൽ സൂര്യനെല്ലിയായും വിതുരയായും പല പല പേരുകളിൽ ദിവസം തോറും വന്നു പോകാറുള്ള തീരാത്ത കണ്ണീരുമാത്രം സ്വന്തമായുള്ള അനേകം പെണ്‍കുട്ടികൾക്കാണ്.  വീടുകൾക്കുള്ളിലും  തൊഴിൽ സ്ഥലങ്ങളിലും പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികൾക്കാണ് ഫെമിനിസം കൊണ്ട് പ്രയോജനം ഉണ്ടാകേണ്ടത് .  അല്ലാതെ സ്ത്രീധനം കൊടുക്കാൻ പണവും റെഡി ആക്കി മകൾക്ക് വരനെ വിലക്കെടുക്കാൻ നോക്കി ഇരിക്കുന്ന അപ്പർ ക്ലാസ്സ്‌  അച്ഛനും അത് വാങ്ങാൻ റെഡി ആയി വരുന്ന മിഡിൽ ക്ലാസ്സ്‌ വരനും ഒന്നും ഫെമിനിസത്തിന്റെ വിഷയങ്ങൾ അല്ല.  ഉള്ളവൻ കൊടുക്കുന്നു.. കൊടുക്കട്ടെ. ഇല്ലാത്തവനെ ഊറ്റി പിഴിഞ്ഞ് വാങ്ങാൻ നിൽക്കുന്നതിനെ നിങ്ങള്ക്ക് തടയാൻ കഴിയുന്നുണ്ടോ?  പാവപ്പെട്ട പെണ്ണിന്റെ കണ്ണീരു കാണാൻ കഴിയുന്നുണ്ടോ?  അതിനു ഒരു രാഷ്ട്രീയ ലേബൽ ഇല്ലാതെ നിങ്ങൾക്ക് സഹായിക്കാൻ കഴിയുന്നുണ്ടോ അതാണ് ഫെമിനിസം.  കേരളത്തിന്‌ ആവശ്യമുള്ള ഫെമിനിസം.  അത് സാധിക്കണമെങ്കിൽ പാര്ടിയെക്കാൾ വലുതാവണം സ്വന്തം വർഗത്തോടുള്ള സ്നേഹം.  നിഷ്പക്ഷമാകണം സ്വന്തം വർഗത്തോടുള്ള സ്നേഹം.  ഇതൊക്കെ ഏതെങ്കിലും കാലത്ത്  നടക്കുമോ എന്തോ .....
2015, ഫെബ്രുവരി 24, ചൊവ്വാഴ്ച

വ്യക്തിസ്വാതന്ത്ര്യവും പുരുഷാധിപത്യവുംഒരു പെണ്‍കുട്ടിക്ക് അവളുടെ ജനനം മുതൽ നേരിടേണ്ടി വരുന്ന ഒന്നാണ് വ്യക്തിസ്വതന്ത്ര്യത്തിൻ മേലുള്ള അന്യായമായ വിലക്കുകൾ.  സ്കൂളിൽ, വീട്ടിൽ എന്ന് വേണ്ട എല്ലായിടത്തും വിലക്കുകളും അതിക്രമങ്ങളും അടിച്ചമർത്തലുകളും നേരിട്ട് തന്നെയാണ്  ഓരോ പെണ്ണും വളരുന്നത്‌.  ആണിനേയും പെണ്ണിനേയും കുഞ്ഞിലെ മുതൽക്കെ നമ്മൾ വേർതിരിവുകൾ പരിശീലിപ്പിക്കുന്നു.  പിങ്ക് കളർ ഡ്രസ്സ്‌ ഇട്ടു കൊടുത്തു, പാവക്കുട്ടികളെ വാങ്ങികൊടുത്തു, ഡാൻസ് മുതലായ കലാരൂപങ്ങൾ മാത്രം പഠിപ്പിച്ചു നമ്മൾ പെണ്‍കുഞ്ഞുങ്ങളെ ഒതുക്കി വളർത്തുന്നു.  അവൻ "ആണ്‍കുട്ടിയാണ്" എന്ന ലേബലിൽ ആഗ്രഹിക്കുന്നതെല്ലാം കൊടുത്തു ബുദ്ധിവികാസത്തിനു ഉതകുന്ന എല്ലാ തരം കളിപ്പാട്ടങ്ങളും വാങ്ങി കൊടുത്തു നമ്മൾ അവനെ മിടുക്കനാക്കി എടുക്കുന്നു.  പക്ഷെ, അവനെ നമ്മൾ പെണ്‍കുട്ടികളോട് നന്നായി  പെരുമാറാനോ, സഹജീവിയെന്നുള്ള പരിഗണന എങ്കിലും കാണിക്കുവാനോ, കുറഞ്ഞ പക്ഷം നല്ലൊരു മനുഷ്യനായി വളരുവാനോ പഠിപ്പിക്കാറില്ല. സ്വന്തം അമ്മയും പെങ്ങളും ഒഴിച്ചുള്ള എല്ലാ പെണ്ണുങ്ങളും അവനു കേവലം ചരക്കുകൾ മാത്രമാണ്.  അപ്പോൾ അവന്റെ അമ്മയും പെങ്ങളും വേറൊരുത്തന്റെ കണ്ണിൽ ചരക്കാനെന്നുള്ള കാര്യം പാവം മറന്നു  പോവുന്നു.  എന്റെ കൌമാരത്തിൽ, കോളേജു കാമ്പസിൽ വെച്ച് എന്റെ മുഖത്ത് നോക്കി നീയൊരു ഉഗ്രൻ ചരക്കാണെന്ന്  പറഞ്ഞവന്റെ നേരെ തിരിഞ്ഞു നിന്ന് നിന്റെ അമ്മയും പെങ്ങളും ഒക്കെ ചരക്കാണ്‌ ഞാൻ മാത്രമല്ല എന്ന് ഞാൻ പറഞ്ഞപ്പോൾ അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നതും, എന്നെ ചീത്ത വിളിച്ചതും ക്യാംപസിൽ മൊത്തം എന്നെ അവൻ ഓടിച്ചതും ആരൊക്കെയോ വന്നു മധ്യസ്ഥം പറഞ്ഞതും ഞാനിപ്പോളും ഓർക്കാറുണ്ട്.  അത് മാത്രമല്ല അതുപോലെയുള്ള എല്ലാ സംഭവങ്ങളും ഇന്നും മനസ്സിൽ മായാതെ കിടപ്പുണ്ട്.  ഇതൊന്നും ഒരിക്കൽ പോലും ജീവിതത്തിൽ അനുഭവിക്കാത്ത ഒരൊറ്റ പെണ്‍കുട്ടിയും നമ്മുടെ നാട്ടിൽ ഉണ്ടാവില്ല.  പെണ്ണിനെ അച്ചടക്കം പഠിപ്പിക്കുന്ന നമ്മൾ ആണിനെ അച്ചടക്കം പഠിപ്പിക്കാറില്ല. പെരുമാറ്റം പഠിപ്പിക്കാറില്ല. സ്കൂളിൽ, കോളേജിൽ, റോഡിൽ, ബസിൽ, വീട്ടിൽ എല്ലാം മാനസികവും ശാരീരികവുമായി പീഡിപ്പിക്കപ്പെട്ടു ജീവിതം ജീവിച്ചു തീര്ക്കുന്ന പെണ്‍കുട്ടികളെ പറ്റി ആരും ചിന്തിക്കാറില്ല.  കാരണം പുരുഷൻ ഭരിക്കുമ്പോൾ ഭരിക്കപ്പെടാൻ ഉള്ളവളാണ് സ്ത്രീ.

ഏതെങ്കിലും രീതിയിൽ പ്രശസ്തരായ സ്ത്രീകള്ക്ക് ഈ വിവേചനം ഒരുപാടു സഹിക്കേണ്ടി വരാറുണ്ട് .  അത് സിനിമ ആയാലും രാഷ്ട്രീയം ആയാലും  വിദ്യാഭ്യാസപരമായാലും. ഒരു തരം രണ്ടാം കിട സമീപനം.  ഒരിത്തിരി ധൈര്യമോ ചങ്കൂറ്റമോ കാണിച്ചാൽ പിന്നെ, അടക്കവും ഒതുക്കവുമുള്ള തരുണീ മണികളുടെ വക പരിഹാസം, പുരുഷകേസരികളുടെ വക തെറിയഭിഷേകം. അത് സൈബർ സ്പേസ് ആണെങ്കിൽ പരസ്യമായ അധിക്ഷേപിക്കൽ.  രഞ്ജിനി അല്ലെങ്കിൽ അരുന്ധതി അല്ലെങ്കിൽ റിമി ഇവരെ ആരെയും നേരിൽ കണ്ടിട്ടോ പരിചയപ്പെട്ടിട്ടോ ഇല്ല .  പക്ഷെ ഇവരെല്ലാം മലയാളി പുരുഷന്മാരുടെ വർഗശത്രുക്കൾ ആണ്.  അവരുടെ ഒക്കെ പ്രൊഫൈലുകളിൽ പോയി തെറി അഭിഷേകവും മര്യാദ പഠിപ്പിക്കലും നടത്തുമ്പോൾ വെളിപ്പെടുന്നത് പുരുഷമേധാവിത്വം തലയ്ക്കു പിടിച്ചു  അധപതിച്ച സമൂഹത്തിന്റെ മുഖമാണ്. പിന്നെ ഏറ്റവും കൂടുതൽ അസഹിഷ്ണുത കാണുന്നത് അല്പം ഉന്നതമായ ചിന്ത, അല്ലെങ്കിൽ വായന അതുമല്ലെങ്കിൽ സ്വന്തമായി നിലപാടുകളുള്ള സ്ത്രീകളോടാണ്.  അവരെല്ലാം മോശമാണെന്ന് വരുത്തി തീർക്കാൻ വല്ലാതെ പാടു പെടുന്നത് കാണാം.  തുറന്നെഴുതുന്ന  കവയത്രികളോ കഥാകാരികളോ ആണ് മറ്റു ഇരകൾ.  അവര് "മൂത്ത്" ഇരിക്കുന്നതു  കൊണ്ടാണല്ലോ എഴുതുന്നത്‌ എന്നു സ്വയം അങ്ങ് തീരുമാനിക്കും.  പിന്നെ അങ്ങോട്ടായി.  അവർ പ്രതികരിച്ചാൽ, ഇതിനെ പറ്റി എന്തെങ്കിലും എഴുതിയാൽ, 'എന്നെ കണ്ടാൽ കിണ്ണം കട്ടെന്നു തോന്നുമോ' എന്ന ഭാവത്തിലുള്ള കമന്റ്സ് കാണാം.  "എല്ലാ ആണുങ്ങളും ഒരുപോലല്ല".  "ഒരു വർഗത്തെ അടച്ചാക്ഷേപിക്കരുത്".  "നിങ്ങൾ പുരുഷവിദ്വേഷിയാണല്ലെ?" എന്നൊക്കെ ചോദ്യങ്ങൾ ഉയരുന്നത് കാണാം.   അപ്പോളും തെറ്റ് സ്ത്രീയുടേതു മാത്രം.  ചേട്ടൻ ആ ടൈപ്പ് അല്ലെങ്കിൽ എന്തിനാണ് ചേട്ടനു  ഇത്ര നോവുന്നത് എന്ന് മാത്രം മനസിലാവാറില്ല.

സദാചാരം പരിപോഷിപ്പിക്കാൻ കൊല്ലാനും തല്ലാനും മടിക്കാത്ത ഒരു ജനതയാണ് നമ്മൾ എന്നത് കൊണ്ടും, മറ്റുള്ളവരുടെ ജീവിതത്തിൽ നമുക്കും റോൾ ഉണ്ടെന്നു വിശ്വസിക്കുന്നത് കൊണ്ടും, ആരെയും ചോദ്യം ചെയ്യാനും നേർവഴിക്കു നടത്താനും നമുക്ക് അവകാശം ഉണ്ട് . അതിന്റെയൊക്കെ പ്രതിഫലനങ്ങളാണ് മേല്പറഞ്ഞതെല്ലാം.  വ്യക്തിസ്വാതന്ത്ര്യം എന്നൊന്നില്ല. ഒരുത്തൻ  അപകടത്തിൽ പെട്ട് റോഡിൽ കിടന്നാൽ,  ഒരു കുഞ്ഞു ക്രൂരമായി കൊല്ലപ്പെട്ടാൽ ഒന്നും പ്രതികരിക്കുകയോ സഹായിക്കുകയോ ചെയ്യാത്തവർ, ഒരാണും പെണ്ണും ഒന്നിചിരിക്കുന്നത് കാണുമ്പൊൾ, അല്ലെങ്കിൽ സ്നേഹപ്രകടനങ്ങൾ നടത്തുന്നത് കാണുമ്പൊൾ കലി തുള്ളി ഇറങ്ങുന്നത് സദാചാരബോധം കൊണ്ടോ അതോ "എല്ലാർക്കും കിട്ടുന്നു എനിക്ക് മാത്രം കിട്ടുന്നില്ല "എന്ന സങ്കടം കൊണ്ടോ എന്ന് തോന്നിപ്പോവുന്നത് സ്വാഭാവികം മാത്രം.  ഇപ്പോൾ നാട്ടിൽ ഒരു സ്ത്രീക്കും പുരുഷനും പുറത്തിറങ്ങണം എങ്കിൽ റേഷൻ കാർഡ്‌ ,മാര്യേജ് സർറ്റിഫികട്ട് എന്നിവയൊക്കെ വേണം.  കാരണം ബന്ധം തെളിയിക്കണമെങ്കിൽ ഇവയൊന്നുമില്ലാതെ പറ്റില്ലല്ലോ.

ആർക്കു  എന്ത് സ്വാതന്ത്ര്യം കിട്ടി എന്നാണ് പറയുന്നത്?  സഞ്ചാര സ്വാതന്ത്ര്യമോ, അഭിപ്രായ സ്വാതന്ത്ര്യമോ, വ്യകതിസ്വതന്ത്ര്യമോ ഒന്നുമില്ലാത്ത ഒരു നാട് എന്ത് സ്വാതന്ത്ര്യം നേടി?  സമൂഹത്തിന്റെ ഒരു ചെറിയ പരിചെദമായ സൈബർ സ്പേസ് ശ്രദ്ധിച്ചാൽ മനസിലാകും , മേല്പറഞ്ഞ കേസരികളുടെ വിളയാട്ടം.  എന്ന് വെച്ചാൽ വളര്ന്നു വരുന്ന തലമുറ പോലും വിഷമയമാണ്.  അങ്ങനെ ഉള്ള ഒരു സമൂഹത്തിൽ പെണ്ണ് ഒരിക്കലും ഒരു ഉപഭോഗവസ്തുവിനു മേലെയല്ല.  ഇനി ആവുകയുമില്ല. നമ്മുടെ  ദൈവത്തിന്റെ സ്വന്തം നാടേ.............

2015, ഫെബ്രുവരി 18, ബുധനാഴ്‌ച

പരമോന്നത നീതിപീഠവും ചില ഫെമിനിസ്റ്റുചിന്തകളുംചില വാർത്തകൾ വായിക്കാൻ രസമാണ്.  നമ്മൾ എത്ര മഹത്തായ ആചാരങ്ങൾ, വ്യവസ്ഥിതികൾ ഒക്കെ നിലനില്ക്കുന്ന നാട്ടിലാണ് ജീവിക്കുന്നതെന്നോർത്തു വല്ലാത്ത ഒരു രോമാഞ്ചം തോന്നും.  
മരിറ്റൽ റേപ്  ഒരു കുറ്റകൃത്യമായി കണക്കാക്കാൻ പറ്റില്ല എന്നാണ് നമ്മുടെ പരമോന്നത നീതിപീടത്തിന്റെ പുതിയ വിലയിരുത്തൽ.  ഭർത്താവിൽ നിന്ന് അറേഞ്ച്ഡു റേപ് എന്ന കലാരൂപം വഴി പീഡനങ്ങൾ സഹിക്കേണ്ടി വന്ന ഒരു പാവം സ്ത്രീ കൊടുത്ത പരാതി  തള്ളി കളഞ്ഞു കൊണ്ടാണ് ബഹുമാനപ്പെട്ട സുപ്രീം കോടതി ഇപ്രകാരം പറഞ്ഞത്.

The Supreme Court on Tuesday refused a woman's plea to declare marital rape a criminal offence, citing that the plea was for a 'personal cause and not a public cause', says a Hindustan Times report.

എന്ന് വെച്ചാൽ സുപ്രീം കോടതി നിങ്ങടെ പേർസണൽ വിഷയം ഒരു പബ്ലിക് വിഷയമായി എടുക്കാൻ ഇരിക്കുവല്ല പെണ്ണുംപിള്ളെ എന്ന്.

Section 375 of IPC that defines what constitutes as rape cites sex between a married couple, even without consent, as an exception to the law, "Sexual intercourse by a man with his own wife, the wife not being under fifteen years of age, is not rape."

ഒരു പെണ്ണിന് ആണിനെ റേപ് ചെയ്യാൻ കഴിയാത്തിടത്തോളം ഇതൊരു പുരുഷമേധാവിത്വപരമായ പീനൽ കോഡ് ആയി പോയി എന്നാണ് ഈ പാവം ഫെമിനിസ്ടിന്ടെ ഒരു എളിയ അഭിപ്രായം.  അപ്പൊ പരമോന്നത നീതിപീഠം പറയുന്നത് 15 വയസിൽ താഴെയല്ലാത്ത ഒരു സ്ത്രീ ശരീരത്തെ കുറെ കാശും വാങ്ങി ഒരു കാറും കുറെ സ്വർണവും വാങ്ങി സ്വന്തമാക്കിയാൽ പിന്നെ ആ ശരീരത്തിൽ എന്ത് കാമപെക്കൂത്തും നടത്താനുള്ള ലൈസൻസ് ആയി എന്നാണ്.  അങ്ങിനെ വരുമ്പോൾ എന്ത് കൊണ്ടും ആണിന് വളരെ നേട്ടമുള്ള നല്ലൊരു ബിസിനെസ്സ് ആണിതെന്നു നിസ്സംശയം  പറയാം.  2012 ഇല് ഇതേ ഇഷ്യൂ  വന്നപ്പോൾ ജസ്റ്റിസ്‌  വർമ കമ്മിറ്റി ഈ ആവശ്യം മുന്നോട്ടു വെച്ചപ്പോൾ അന്നത്തെ ഇന്ത്യ ഗവണ്മെന്റ് മരിറ്റൽ റെപിനെ പറ്റി  പറഞ്ഞത് ഇപ്രകാരമായിരുന്നു.

“potential to destroy the institution of marriage”
“entire family system under great stress”
The Parliamentary Panel that was later formed declined to term marital rape a crime, saying it could "disturb a family".

എന്ന് വെച്ചാൽ മാര്യേജ് എന്ന മഹത്തായ പ്രസ്ഥാനത്തെ തകര്ക്കാൻ ഞങ്ങൾ തയ്യാറല്ല. അഥവാ നിങ്ങള്ക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അത് നിങ്ങൾ സോൾവ്‌ ചെയ്യുക അല്ലാതെ കെട്ടിയോൻ ബലാല്സംഗം ചെയ്തു എന്നും പറഞ്ഞു ഇങ്ങോട്ട് എഴുന്നള്ളരുത്‌.  പല കുലസ്ത്രീ വിഭാഗത്തിൽ പെട്ട പെണ്‍കുട്ടികളും ഇപ്പോളും പുറത്തു പറയാൻ മടിക്കുന്ന ഒന്നാണ് ഈ വിഷയം.  സെക്സ് എന്നത് പരസ്പര സമ്മതത്തോടെ നടക്കേണ്ട ഒന്നാണ്.  കുറഞ്ഞ പക്ഷം വിവാഹജീവിതത്തിൽ എങ്കിലും. അങ്ങനെ നടത്താതെ സ്വന്തം വൈകൃതങ്ങൾ പങ്കാളിയുടെ മേൽ അടിച്ചേല്പ്പിക്കുന്ന ഒരു വ്യവസ്ഥിതിയെ മാര്യേജ് എന്ന ഇന്സ്ടിടുഷൻ എന്ന് പറയാതെ മറ്റു വല്ല പേരും ഇട്ടു വിളിച്ചൂടെ? 
  
ഒരു കാര്യം വ്യക്തമാണ്‌.  സുപ്രീം കോടതിയല്ല ഏതു പരമോന്നത നിയമവ്യവസ്ഥ ആയാലും അതെന്നും പരോക്ഷമായി റെപിസ്ടുകൾക്ക് ഒപ്പമാണ്. ലളിതമായി പറഞ്ഞാൽ പുരുഷമെധാവിത്വതെ എല്ലാ രീതിയിലും പിന്താങ്ങി മാത്രമെ അത് പ്രവർത്തിക്കുകയുള്ളൂ.  റെപിനു നല്ലൊരു ശിക്ഷയോ നേരാംവണ്ണം ഒരു കേസ് അന്വേഷണമോ ഇല്ലാത്തത് അതിനെ പരോക്ഷമായി പിന്താങ്ങുക മാത്രമാണ് ചെയ്യുന്നത്. റേപ് എന്ന മഹത്തായ കലാരൂപത്തെ ജനകീയവൽക്കരിക്കുന്ന  മഹത്തായ ജനാധിപത്യ രാജ്യമേ നിന്നെയോർത്ത് ഞാൻ പുളകിതയാവുന്നു.  മേരാ ഫാരത് മഹാൻ...ജയ് ഹിന്ദ്‌ ..

News courtesy:www.dnaindia.com

ആഘോഷമാക്കപ്പെടുന്ന മരണങ്ങളെ പറ്റി എനിക്ക് പറയാനുള്ളത്കഴിഞ്ഞ രണ്ടു ആഴ്ച്ചക്കിടയിൽ മനുഷ്യസ്നേഹികളായ രണ്ടു യുവാക്കളാണ്  എന്നെന്നേക്കുമായി  ഇല്ലാതായത് .  മരണം എന്നത് രംഗബോധമില്ലാത്ത കോമാളി ആണെന്ന് ആരോ പറഞ്ഞത് അന്വർഥമാക്കും വിധമായിരുന്നു അവ രണ്ടും.  മറ്റുള്ളവര്ക്ക് ദോഷവും ശല്യവുമായി ഭൂമിക്കു ഭാരമായി ഒരു പാട് പാഴ്ജന്മങ്ങൾ അരങ്ങു വാഴുന്ന ഈ കാലത്ത് "നല്ല രണ്ടു മനുഷ്യരെ" ആണ് നഷ്ടമായത്. ജീവിച്ചു തീർത്ത പകുതി എന്ത് കൊണ്ടും വിലയുള്ളതാണെന്ന് പറയാം (കേട്ടറിഞ്ഞ കാര്യങ്ങളിൽ നിന്ന് ). ഇതിൽ എനിക്ക് താല്പര്യം തോന്നിയ ഒരു വിഷയം എന്താണെന്നു വെച്ചാൽ, മലയാളിക്കു മാത്രം കണ്ടു വരുന്ന ഒരു പ്രത്യേക സ്വഭാവമാണ്. ഒരാൾ മരിച്ചു കഴിയുമ്പോൾ അയാളെ പറ്റി വാചാലമായി സംസാരിക്കുക. അത്രക്കൊന്നും അറിയില്ലെങ്കിലും പരിചയമില്ലെങ്കിലും നമ്മുടെ സ്വന്തം ആളാരുന്നു എന്ന് പറയുന്നത് ഒരു ക്രെഡിറ്റ്‌ പോലെ ആണ്.  ജീവിച്ചിരിക്കുമ്പോൾ അർഹതപ്പെട്ടതൊന്നും കൊടുക്കാതെ മരിച്ചു കഴിയുമ്പോൾ കാണിക്കുന്ന ഈ കോപ്രായം എല്ലാ മരണവീടുകളിലെയും സ്ഥിരം കാഴച്ചയാണ്.  രണ്ടാഴ്ച മുഖപുസ്തകതിലും ഈ സീൻ ആയിരുന്നു ഓടി കൊണ്ടിരുന്നത്.  പോസ്റ്റുകൾ, പ്രൊഫൈലിൽ ഉള്ള ഫോടോകളുടെ ഷെയറിങ്ങ്.. ആകെ ഒരു ആഘോഷമായിരുന്നു.  ചിലര് ലാസ്റ്റ് ചാറ്റ് വരെ പോസ്റ്റ്‌ ചെയ്തു ലൈക്‌ വാങ്ങുന്നത് കാണാമായിരുന്നു. ന്യുരോസിസിൽ  നിന്ന് സൈക്കോസിസിലേക്കുള്ള ട്രാൻസ്ഫോർമെഷൻ  ആണ് ഈ ലൈക്‌ വാങ്ങാനുള്ള ആക്രാന്തം എന്നാണ് എന്റെ ഒരു "ഇതു".  അത് കൊണ്ട് ഈ പ്രഹസനങ്ങളെ  എന്റെ സ്ഥായീഭാവമായ പുച്ഛം കൊണ്ട് തള്ളി കളയുന്നു. 

ഡോക്ടറുടെ മരണം ശരിക്കും വിശ്വസിക്കാൻ ആവാത്ത ഒന്നായിരുന്നു.  കാരണം ഇത്രയും പരോപകാരപ്രദമായ കാര്യങ്ങൾ ചെയ്യുന്ന ഒരാൾ വളരെ  മൃദുല മനസുള്ള ഒരാളായിരുന്നു എന്നുള്ളത് എന്നെ വല്ലാതെ അത്ഭുതപെടുത്തി.  ഡോക്ടർക്ക്  പിന്തുണ കൊടുത്തിരുന്നവരും പരിഹസിച്ചിരുന്നവരും ഡോക്ടറുടെ പ്രൊഫൈലിൽ കമന്റുകൾ ഇട്ടു തകർക്കുന്നതും മുസ്ലിം സമുദായത്തിനെ ഊട്ടി ഉറപ്പിച്ചു നല്ല മുസ്ലിം എന്ന് സർട്ടിഫിക്കറ്റ് നല്കുന്നതും ദൈവത്തിന്റെ അടുത്ത് തന്നെ അദ്ദേഹം ഇരിക്കും എന്ന് ആവർത്തിച്ച്‌ കവിതകൾ എഴുതി പൊലിപ്പിക്കുന്നതും  കാണാമായിരുന്നു.  ഇതിൽ ചിലരുടെ കാലുമാറ്റം തൊട്ടടുത്ത ദിവസം തന്നെ നടന്നു.  ഡോക്ടറുടെ മരണത്തിൽ ചിലര് പ്രേരണയായി എന്ന ഒരു മീഡിയയുടെ വെളിപ്പെടുത്തലോടെ പ്രേരണകുറ്റം ചാർത്തപെട്ടവർ സ്വന്തം പാർട്ടിക്കാരും  മതക്കാരും ആണെന്നറിഞ്ഞപ്പോൾ അസാധാരണമായ ഒരു മലക്കം മറിച്ചിലിന് ശേഷം അവരൊക്കെ നിശബ്ദരായി.  പിന്നെ അത് എതിർപാർട്ടിക്കാർ ഏറ്റെടുത്തു.  

മരണവും അപകടവും ആഘോഷമാക്കുന്ന നമ്മൾ, എല്ലാം മതം, ജാതി, പാർട്ടി എന്നിങ്ങനെ തരം തിരിക്കുന്ന നമ്മൾ, ഇനി എന്നാണ് എല്ലാം മനുഷ്യത്വത്തിന്റെ കണ്ണിലൂടെ കാണുന്നത്?  അങ്ങനെ ഒരു കാലം വരുമോ?  വന്നാൽ അതാണ് ഞാൻ സ്വപ്നം കാണുന്ന കിനാചേരി....

2015, ഫെബ്രുവരി 17, ചൊവ്വാഴ്ച

എന്റെ മൗനം

എന്റെ മൗനം;
പെയ്തൊഴിയാത്ത  തുലാവർഷ മേഘം പോലെ,
ഇരുൾ മൂടിയ വാനത്തിന്റെ 
കോണിലെവിടെയോ പതുങ്ങി നിന്നു;
എനിക്കും നിനക്കുമിടയിൽ അകലം തീർത്തു
അത് പടർന്നു വളർന്നു കൊണ്ടേ ഇരുന്നു....


എന്റെ മൌനം;
ദിക്കറിയാതെ പറക്കുന്ന പക്ഷിക്കൂട്ടം പോലെ
ഏതൊക്കെയോ വിലക്കപ്പെട്ട 
ചില്ലകളിൽ കൂടുകൂട്ടി ഊരുതെണ്ടുന്നു
നിന്റെ നിസ്സംഗതക്ക് മുൻപിൽ 
ഒരു കുറ്റവാളിയെ പോലെ
തലകുമ്പിട്ടു നില്ക്കുന്നു...


എന്റെ മൌനം;
ഒരു ഭ്രാന്തന്റെ മനസ് പോലെ
എന്തൊക്കെയോ സങ്കല്പ്പിച്ചു 
വിലപിച്ചു കൊണ്ടേ ഇരിക്കുന്നു...
നിനക്ക് ഗ്രഹിക്കാനാവാത്ത 
വിശ്വാസ പ്രമാണങ്ങളിലൂടെ
അവ ഏകാന്തയാത്ര നടത്തുന്നു....

എന്റെ മൌനം;
അത് നിന്റെ  തോൽവിയാണ്..
ഉള്ളിലെ ചിത കെട്ടടങ്ങും വരെ
അതിനെ എനിക്ക് സ്വച്ഛമായി അലയാൻ വിടണം.....

2015, ഫെബ്രുവരി 16, തിങ്കളാഴ്‌ച

...........................

മങ്ങിയ കാഴ്ച്ചകൾക്കൊടുവിൽ മനസിലേക്ക് വീഴുന്ന ഒരു നോട്ടമുണ്ട്....
പാഴായി പോയ കാത്തിരുപ്പെന്നോ മറ്റോ പറയാവുന്ന
തളർച്ചയും മടുപ്പും ഇടകലർന്ന ഒന്ന്.....
മനസിന്റെ അനിയന്ത്രിതമായ കുത്തൊഴുക്കിനൊടുവിൽ,
തീരത്തടിഞ്ഞ അവശിഷ്ടങ്ങളിലുള്ള തിരച്ചിലിനൊടുവിൽ,
വല്ലപ്പോഴുമൊക്കെ...
പൂക്കളോ, അഴുകാത്ത ഇലകളോ, നനഞ്ഞ പൂമോട്ടുകളോ കിട്ടാതിരിക്കില്ല
എന്നിട്ടും......
ചിന്തകൾ പോവുന്നത് അവയുടെ ദുരവസ്ഥയിലെക്കാണ്..
കൊഴിഞ്ഞു വീണതിനെ കുറിച്ച്...
കുത്തിയൊലിച്ചു പോന്നതിനെ കുറിച്ച്...
മൊട്ടിലെ അടർന്നു വീണ ദുരന്തത്തെ കുറിച്ച്....
ഒടുക്കം....
ഒന്നിനേയും
നിയന്ത്രിക്കാനോ,
മാറ്റിയെടുക്കാനോ,
പുനർജീവിപ്പിക്കാനോ,
കഴിയാത്ത വിധം ദുർബലമാണെന്ന് സ്വയം തോന്നുന്ന നിമിഷം..........
വല്ലാതെ
വല്ലാതെ
ഒരു ഒതുക്കമുണ്ട്....
തന്നിലേക്ക് മാത്രമായി.....................

2015, ഫെബ്രുവരി 11, ബുധനാഴ്‌ച

പ്രായപൂർത്തിയാകാത്ത ഭരണഘടനയും പ്രായത്തിൽ കവിഞ്ഞ വികാരവുംകഴിഞ്ഞ കുറെ വർഷങ്ങളായി നടന്ന പീഡനകഥകളിലെയും  ഈയിടെയായി കണ്ട ഹോംമെയിഡ് സെല്ഫ് വീഡിയോകളിലെയും പോർണ്‍ ഹീറോസ് കൌമാരക്കാരായിരുന്നു.  നമ്മെയൊക്കെ ഒരുപാടു കരയിച്ച, പ്രതികരണശേഷി ഉള്ളവരാക്കിയ, ഡല്ഹി മുതൽ ഇങ്ങോട്ട് ഉള്ള 'പീഡനം' എന്ന് വിളിക്കപ്പെടുന്ന ബലാത്സംഗകഥകളിലെ നായകന്മാരിൽ ഒരാളെങ്കിലും കുറഞ്ഞത്‌ കൌമാരത്തിന്റെ പടവുകളിൽ ചവിട്ടി നിന്ന്, നിയമത്തിന്റെ മറവു പറ്റി, ഭാഗ്യത്തിന്, രെക്ഷപെട്ട പാൽക്കാരൻ പയ്യനാണെന്ന് ഒന്ന് ശ്രദ്ധിച്ചാൽ മനസിലാകും.

ഏറ്റവും അടുത്തായി വാട്സപ്പിൽ പ്രചരിക്കപ്പെട്ട വീഡിയോകളുടെ ഡയറക്ടർ 'കം' ആക്ടർ 'കം' പ്രോടുസർ 'കം' ഡിസ്ട്രിബ്യുറ്റെർസ് എല്ലാരും കൌമാരക്കാരാനത്രെ. പാവം കുട്ടികൾ.... അറിവില്ലായ്മ കൊണ്ട് എന്തൊക്കെയോ കാട്ടികൂട്ടി, വിവരക്കേടിനു വീഡിയോ ആക്കി, എല്ലാരേം കാണിക്കാമല്ലോ, ഒരു സഹായമാവട്ടെ, എന്നോർത്ത് വിതരണം നടത്തി.  അത് ഒരു തെറ്റാണോ? ഒരിക്കലുമല്ല.  പ്രായക്കുറവിന്റെ പക്വതയില്ലയ്മയിൽ എല്ലാ ആണുങ്ങളും എന്തൊക്കെ ചെയ്തു കൂട്ടുന്നു?  അതൊക്കെ ആ പ്രായത്തിന്റെ വികൃതികളായി കളയുന്നതല്ലെ അതിന്റെ ശരി?  അതേ അതാണ് ശരി.  ഇന്ത്യൻ ഭരണഘടനയും അത് തന്നെ പറയുന്നു.  ഡല്ഹി കേസിൽ അതിലെ ഏറ്റവും ക്രൂരമായ പീഡനങ്ങൾ നടത്തിയ കൌമാരക്കാരൻ പുറത്തിറങ്ങാൻ പോകുന്നതും  നമ്മുടെ നിയമവ്യവസ്ഥയുടെ ഈ ഉദാരമായ, ഭൂമീദേവിയോളം വരുന്ന ക്ഷമയുടെ പരിണതഫലമാണ്.

തൊട്ടയല്പക്കത്തെ വീട്ടിലെ കുട്ടിയെ കൂട്ടം ചേർന്ന്  തട്ടിക്കൊണ്ടു പോയി ദാഹം തീര്ക്കുകയും അത്  റെക്കോർഡ്‌ ചെയ്തു പുറത്താക്കുകയും ചെയ്യുന്നത് അത്ര വലിയ തെറ്റല്ലെന്നാണ്  ഇപ്പോ കാരണവന്മാരുടെ വിലയിരുത്തൽ.  തെറ്റ് എന്നത് ആ വീഡിയോ യു ടുബിൽ  ആ കുട്ടിയുടെ മുഖം മറച്ചു നായകന്മാരെ ഫോക്കസ് ചെയ്തു ഒരു ആക്ടിവിസ്റ്റ് പോസ്റ്റ്‌ ചെയ്തതാണത്രേ.  എന്തൊരു വിവരക്കേടാണ് ആ സ്ത്രീ കാട്ടിയത്.  മറ്റുള്ളവർക്ക് ഇതു കണ്ടു പ്രചോദനം ഉണ്ടാകുകയല്ലെ അത് മൂലം സംഭവിക്കുക?  അല്ല, ഒരു സംശയം, അത് എഡിറ്റ്‌ ചെയ്തു പോസ്ടുന്നതിനു മുൻപേ ഒറിജിനൽ ആയി കിട്ടികൊണ്ടിരുന്നപ്പോൾ കിട്ടുന്ന പ്രചോദനത്തിൽ  കൂടുതലാണോ എന്നെ ഉപദ്രവിക്കല്ലെ 'ഭയ്യ'  എന്ന ആ കുട്ടിയുടെ നിലവിളിയും വേട്ടക്കാരന്റെ ചിരിച്ച മുഖവും ഫോക്കസ് ചെയ്യുന്ന ഈ വീഡിയോ . എന്തായാലും ആ സ്ത്രീ ഒരുപാടു വിമർശിക്കപ്പെട്ടു.  പ്രതികളാകട്ടെ, പൂർത്തിയാവാത്ത പ്രായത്തിന്റെ ആനുകൂല്യത്തിൽ ജാംബവാന്റെ കാലത്തുണ്ടാക്കിയ നിയമവ്യവസ്ഥയുടെ പിൻബലത്തിൽ ദുർഗുണങ്ങൾ ഉള്ളവരുടെ കൂടെ സുഖവാസതിനും പോയി.  കഥ ഇവിടെ  തീർന്നു.

കഥയിൽ ചോദ്യമില്ലെന്നാണ് എങ്കിലും ഭരണഘടനയിൽ പൌരന്റെ ചോദ്യം ചെയ്യാനുള്ള അവകാശം എടുത്തു പറയുന്നതിനാൽ കുറച്ചു സംശയങ്ങൾ ബാകി നിൽക്കുന്നു.  ഒരു പുരുഷന് ലൈംഗികചോദന തോന്നി തുടങ്ങുന്നത് 13 വയസുമുതലാണ്.  സ്വയംഭോഗം ചെയ്തു തുടങ്ങുന്നത് ഏതാണ്ട് 14 അല്ലെങ്കിൽ 15 മുതൽ(കിട്ടുന്ന അറിവുകളുടെ അളവനുസരിച്ച്).  അങ്ങിനെ എങ്കിൽ 18 വയസിന്റെ കണക്കു എന്താണ്?  എന്തിനാണ് ഇങ്ങനെ ഒരു ആനുകൂല്യം?  വികാരങ്ങൾ, വിചാരങ്ങൾ, കായികശേഷി എല്ലാമുള്ള ഇവനൊക്കെ എന്തിന്റെ പേരിലാണ് ഇപോളും ശിക്ഷകളിൽ നിന്ന് രെക്ഷപെടുന്നത്‌ ?  ഏതോ കാലത്ത് അന്ന് നിലനിന്നിരുന്ന വ്യവസ്ഥിതിയിൽ എഴുതി കൂട്ടി ഉണ്ടാക്കിയ ഒരു നിയമസംഹിതയും പൊക്കി പിടിച്ചു ലോകം മാറിയതറിയാതെ ഇപോളും ജീവിക്കുന്ന നമുക്കിതൊക്കെ ധാരാളം.  പ്രായപൂർത്തി ആയവനോക്കെ 'പീഡനം' നടത്തിയിട്ടും  ഇപോളും സുഖമായി ജീവിക്കുന്നു പിന്നെ ഈ ആണോ ഈ പാവം പിള്ളേരു?  ഭാവിയുടെ വഗ്ദാനങ്ങളല്ലെ?  ജീവിച്ചു പോട്ടെ.  നമുക്ക് നമ്മുടെ പെണ്‍കുഞ്ഞുങ്ങളെ മാത്രം സൂക്ഷിച്ചു വളർത്താം.  നന്നായി വസ്ത്രം ധരിപ്പിച്ചു, അച്ചടക്കമുള്ളവരായി, അല്പം മാത്രം വിദ്യാഭ്യാസം കൊടുത്തു, നേരത്തെ വിവാഹം കഴിപ്പിച്ചു വിട്ടു സ്വസ്ഥമാവാം.  അതല്ലെ വ്യവസ്ഥിതി  തിരുത്തി എഴുതുന്നതിലും എളുപ്പം?


2015, ഫെബ്രുവരി 9, തിങ്കളാഴ്‌ച

വാട്സ് ആപ്പിലെ പുരുഷസ്വയം സഹായസംഘങ്ങൾശാസ്ത്രസാങ്കേതിക വിദ്യകളിൽ  ഭാരതം പണ്ട് മുതലേ ഒരു പാട് മുൻപിൽ ആണെന്ന് ഇക്കഴിഞ്ഞ ശാസ്ത്ര സമ്മേളനത്തിൽ ചില  പ്രതിഭകളുടെ ശാസ്ത്രീയ നിരീക്ഷണങ്ങളിൽ നിന്നും അവലോകനങ്ങളിൽ നിന്നും പ്രബന്ധങ്ങളിൽ നിന്നും എല്ലാരും അറിഞ്ഞതാണ്.   എന്നാൽ മറ്റെല്ലാ രാജ്യങ്ങളെക്കാളും മുഖപുസ്തകതിലും വാട്സപ്പ് ഉപയൊഗിക്കുന്നത്തിലും നമ്മൾ തന്നേ ആണ് മുൻപന്തിയിൽ.  എങ്ങനെ എന്നല്ലേ? വിശദമാക്കാം.

മുഖപുസ്തകത്തിൽ കൂടി ഓണ്‍ലൈനിൽ ആക്റ്റീവ് ആയ സ്ത്രീകളെ ലൈനിൽ ആക്റ്റീവ് ആകാൻ നോക്കുന്നതും ആക്റ്റീവ് ആവാൻ വിസമ്മതിക്കുകയോ തെറി വിളിക്കുകയോ ചെയ്യുമ്പോൾ അവരെ തകര്ക്കാനായി ആളെ കൂട്ടി ഇൻബോക്സിൽ ചെന്ന് ആർഷഭാരതസംസ്കാരം പഠിപ്പിക്കുകയും ചെയ്യുന്നതും നമ്മൾ മലയാളികൾ മാത്രം കണ്ടെത്തിയ ചില പെരുമാറ്റ ചട്ടങ്ങൾ ആണ്. മുഖപുസ്തകത്തിൽ സെലെബ്രിടി ആയിട്ടുള്ള ഒട്ടുമിക്ക ആൾക്കാരും ഈ രംഗത്ത് പയറ്റി തെളിഞ്ഞവരും ആണ്.  ഇനി വാട്സപ്പിലേക്ക് വരാം.
ഫേസ്ബൂകിനേക്കാൾ സുരക്ഷിതം ആണ് വാട്സപ്പ് എന്നത് കൊണ്ടും ഉപയോഗിക്കാനുള്ള സൗകര്യം കൊണ്ടും വാട്സപ്പ് കൂടുതൽ "ഫലപ്രദമായി " ഉപയോഗിക്കുന്നവരും നമ്മൾ ഇന്ത്യക്കാർ തന്നെയാണ്. ഇനി എങ്ങനെ "ഫലപ്രദമായി " ഉപയോഗിക്കുന്നു എന്നു നോക്കാം.

വാട്സപ്പിന്ടെ ഏറ്റവും വലിയ നേട്ടം അതിലെ ഗ്രൂപ്പുകൾ ആണല്ലോ.  നഷ്ടപ്പെട്ട ബാല്യവും കൌമാരവും പങ്കു വെക്കാനായി സ്കൂൾ കോളേജ് ഗ്രൂപ്പുകൾ തുടങ്ങുന്നു .  പതുക്കെ പതുക്കെ അത് ഒരു സഹകരണ സംഘമായി വളരുന്നു.  സുന്ദരികളായ സിനിമാതാരങ്ങളുടെ സെക്സ് വീഡിയോകൾ ഈ ഗ്രൂപ്പുകൾ വഴി സുലഭമായി ലഭ്യമാണ്.  അത് ആ പറയപ്പെടുന്ന താരമാണെന്ന് വിശ്വസിക്കുന്നതു കൊണ്ട് രണ്ടുണ്ട് നേട്ടം.  ഒന്ന് അവരുടെ നഗ്നമേനി കാണാനുള്ള ഭാഗ്യം. രണ്ടു, പലവട്ടം സ്വയംഭോഗം നടത്തിയിട്ടും കിട്ടാത്ത ഒരു "ഇതു" ഈ വീഡിയോ കണ്ടു നടത്തുമ്പോൾ കിട്ടുന്നു.

നിമിഷങ്ങൾ കൊണ്ടാണ് വീഡിയോകൾ പ്രചരിക്കുന്നത്.  സ്കാൻഡലുകൾ  പ്രചരിപ്പിക്കാനും കാണുവാനും ഒരുപാടു പ്രേക്ഷകർ ഉണ്ട്,കാരണം അവയുടെ ജെനുവിനിടി  തന്നെ.   പോർണ്‍ എന്നാൽ ആക്ടിംഗ് ആണെങ്കിൽ സ്കാന്ടൽ എന്നാൽ ചീറ്റിങ്ങ് ആണല്ലോ.  നമ്മുക്ക് പണ്ടെ ആക്ടിംഗ് ഇഷ്ടമല്ലാത്തത്‌ കൊണ്ട് നമ്മൾ ജെനുവിനിടി ഇഷ്ടപെടുന്നു .   സ്വാഭാവികം.

ഈ അടുത്ത ദിവസങ്ങളിലാണ്‌  സ്വയംസഹായ സംഘങ്ങളുടെ  വളര്ച്ച എനിക്ക് വ്യകതമായത്.  ഉദ്ധരിച്ച ഭോഗദണ്ടുമായി ഒരു പെണ്‍കുട്ടിയെ ഉഴുതു മറിക്കുന്ന കുറെ യുവകോമളന്മാർ വാട്സപ്പിലെ ഗ്രൂപുകളിലും യു ടൂബിലും കറങ്ങി നടന്നതും മറ്റൊരു ബലാത്സംഗവീരൻ  തന്റെ  ഇരയെ  ബലമായി ക്യാമറക്കു  മുന്നില് പ്രദർശിപ്പിക്കുന്നതുമായ നയനമനോഹരമായ കാഴ്ച കണ്ടപോഴാണ് ശരിക്കും ഈ വീഡിയോകൾക്കുള്ള  പ്രചാരം മനസിലായത്.  ഇത്രയും നികൃഷ്ടമായ ഒരു വീഡിയോ ഷെയർ ചെയ്യാനുള്ള മാനസികാവസ്ഥയും അത് കണ്ടു സ്വയംഭോഗം നടത്താനുള്ള മാനസികാവസ്ഥയും  ആര്ജ്ജിചെടുത്ത സമൂഹം ലോകത്തെവിടെയും കാണില്ലെന്നുള്ളത് നമുക്ക് എന്നെന്നും അഭിമാനിക്കാൻ വക നല്കുന്ന ഒന്നാണ്.

സൌമ്യമാരോ നിര്ഭായമാരോ നമുക്കൊരു പുത്തരിയല്ല.  സൌമ്യ മരിച്ചതിന്റെ വാര്ഷികം ആഘോഷിക്കുന്നതിനിടയിൽ നമ്മൾ ചാമിമാരെ മറക്കുന്നു,വളര്ന്നു വരുന്ന ഇമ്മാതിരി വൈകൃതമുള്ള യുവാക്കളെ മറക്കുന്നു.  ഇരകളെ മാത്രം പ്രദര്ശിപ്പിക്കുന്നു, കള്ളകണ്ണീരോഴുക്കുന്നു, വാർത്തകൾ ഉണ്ടാക്കുന്നു, സോഷ്യൽ മീഡിയകളിൽ  ഘോരഘോരം പ്രസംഗിക്കുന്നു.  രാത്രിയിൽ ആരുമറിയാതെ ചതിക്കപ്പെട്ട പെണ്‍കുട്ടികളെ ഓർത്ത് സ്വയംഭോഗം നടത്തുന്നു.  നമുക്ക് തുല്യം നമ്മൾ മാത്രം.