Follow by Email

2014, ഡിസംബർ 6, ശനിയാഴ്‌ച

കുലസ്ത്രീകളും ആർഷഭാരതസംസ്കാരവും"മലയാളി പെണ്ണ്" എന്ന് കേൾക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്ന ഒരു രൂപമുണ്ട്.  സെറ്റ്സാരിയുടുത്ത, മുല്ലപ്പൂചൂടിയ സുന്ദരിയായ ഒരു പെണ്‍കുട്ടി.  വളരെ സന്തോഷം തരുന്ന ഒന്നാണ് അങ്ങനൊരു പെണ്ണിനെ കാണുന്ന നിമിഷം.  അത് നമ്മുടെ സംസ്കാരം അല്ലെങ്കിൽ നമ്മുടെ പൈതൃകവുമായി ബന്ധപ്പെട്ടു നമ്മുടെ മനസ്സിൽ വേരൂന്നിയ ഒരു ആശയം മാത്രമാണ്.  ഒരു സ്ത്രീയുടെ വേഷവും അവളുടെ സ്വഭാവവുമായി ഒരു ബന്ധവും ഇല്ലെന്നു ഞാൻ വിശ്വസിക്കുന്നു. കസവുമുണ്ടു അല്ലെങ്കിൽ ചുരിദാർ അല്ലെങ്കിൽ സാരി ഇതൊന്നുമല്ലാതെ എന്തെങ്കിലും ധരിക്കുമ്പോൾ നശിച്ചു പോകുന്നതാണീ പൈതൃകം അല്ലെങ്കിൽ സംസ്കാരം എങ്കിൽ തുമ്മിയാൽ തെറിക്കുന്ന മൂക്ക് പോലെ അങ്ങ് തെറിച്ചു പോട്ടെന്നു വേണം കരുതാൻ.  കാരണം വസ്ത്രധാരണം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്.  ജീൻസും ലോങ്ങ്‌ ടോപും ധരിച്ച ഒരു പെണ്ണിനെ കാണുമ്പൊൾ സദാചാരം പോട്ടുന്നെങ്കിൽ അത് ഡ്രസ്സ്‌ മോശമായതിലുള്ള അമർഷമല്ല അവളുടെ അടക്കം, ഒതുക്കം എന്നിവയിലുള്ള വിശ്വാസക്കുറവിൽ നിന്നുണ്ടാവുന്ന കേവലം അസഹിഷ്ണുത മാത്രമാണെന്ന് നിസംശയം പറയാം. കാരണം സാരി എന്ന, ഏതു വശത്തു നിന്ന് നോക്കിയാലും നോക്കുന്നവന്  നയനാനന്ദം നല്കുന്ന, കേരളീയത മുറ്റിയ വേഷത്തേക്കാൾ, എന്ത് കൊണ്ടും പീഡനവികാരം ഉണർത്താത്ത ഒന്നാണ് ജീൻസ് എന്ന ആംഗലേയ വസ്ത്രം.  ഇപോളും നിങ്ങൾ ഈ ആശയത്തോട് വിയോജിക്കുന്നുന്ടെങ്കിൽ സാരിയുടെ മുകളിൽ  കോട്ട് നിര്ബന്ധമാക്കിയ സ്കൂളുകളിലെ അധ്യപികമാരോട് തിരക്കി നോക്കുക.  നമ്മുടെ സ്കൂളുകളിലെ 'കുഞ്ഞു' 'മലയാളി പുരുഷന്മാർക്ക്' കൌമാരത്തിന്റെ "കൌതുകം " കൂടുതൽ ഉണ്ടാവുന്നത് കുറച്ചൊക്കെ "കാണാൻ " പറ്റുന്ന അധ്യാപികമാർ പഠിപ്പിക്കുമ്പോൾ മാത്രമാണ്.

കേരളീയ വസ്ത്രധാരണത്തിൽ നിന്ന് കുലസ്ത്രീ എന്ന ആശയതിലേക്കു തിരിച്ചു വരാം.  കുലസ്ത്രീ എന്നാൽ "തറവാട്ടിൽ പിറന്നവൾ" എന്നർത്ഥം.  ഇപ്പോൾ  ആരാണ് തറവാട്ടിൽ പിറക്കുന്നതെന്ന് നിങ്ങള്ക്ക് വേണമെങ്കിൽ ചോദിക്കാം. ചില  സാങ്കേതികപരമായ പരിമിതികൾ കൊണ്ട്  തറവാട്ടിൽ പിറക്കാൻ പറ്റാതെ പോയത് കൊണ്ട് അവരെ നമുക്ക് "തറവാട്ടിൽ വളർന്നവർ" എന്നു വിളിക്കാം.  തറവാട് എന്ന് കേൾക്കുമ്പോൾ നാലുകെട്ടും നടുമുറ്റവും എന്നൊന്നും കയറി ചിന്തിച്ചു കളയരുത്.  തറവാട് എന്നാൽ കേരള പാരമ്പര്യം, ഭാരത സംസ്കാരം എന്നിവയൊക്കെ ജീവിതചര്യ ആക്കിയ സ്ത്രീരത്നങ്ങൾ എന്നൊക്കെ വിവക്ഷിക്കാം.  അങ്ങനൊരു പെണ്‍കുട്ടിയെ ഭാര്യയായി കിട്ടുന്ന പുരുഷൻ "പുണ്യം" ചെയ്തവനാണ്. ഈ സ്ത്രീകളുടെ ഏറ്റവും വലിയ ശത്രുക്കൾ തറവാട്ടിൽ പിറക്കാത്ത അല്ലെങ്കിൽ വളരാത്ത 'ഫെമിനിച്ചികൾ' ആയിരിക്കും.  അവരെ 'തറ'പറ്റിക്കാൻ  ഏതറ്റം വരെ പോകാനും മേല്പറഞ്ഞ തറവാടികൾ മടിക്കാറില്ല.  എല്ലാ മേഖലകളിലും തറവാടിത്തം പുലർത്തുന്ന ഇക്കൂട്ടർ സോഷ്യൽ മീഡിയകളിലെ സെലിബ്രിറ്റികൾ ആയിരിക്കും.  സോഷ്യൽ പ്രൊഫൈലുകൾ പരസ്യമോഡലുകളെ അതിശയിപ്പിക്കും വിധം ഫോട്ടോകൾ പോസ്റ്റ്‌ ചെയ്തു പുരുഷതറവാടികളുടെ ഇക്കിളിപെടുത്തുന്ന കമന്റുകളും ലൈക്കുകളും വാരികൂട്ടുന്ന ഇവർ ഫോട്ടോകൾ പോസ്റ്റ്‌ ചെയ്താണ് 10000 അനുയായികളെ (ഫോളോവെർസ്) സൃഷ്ടിച്ചതെന്ന് തെറ്റിദ്ധരിക്കരുത്.  ഇവരിൽ ഭൂരിഭാഗം പേരും നല്ലോന്നാന്തരം
എഴുത്തുകാരായിരിക്കും.  അത് "ഓട്ടപാത്രത്തിൽ ഞണ്ട് വീണാൽ ലോടലോടലോ" എന്ന പഴയ ഒരു സിനിമാഗാനവുമായി സാമ്യം തോന്നുന്ന രീതിയിൽ ആണെന്ന് നിങ്ങള്ക്ക് തോന്നുന്നെങ്കിൽ അത് കേവലം നിങ്ങളുടെ ആസ്വാദനശേഷിയുടെ കുറവോ അസൂയയോ മാത്രം.  

ജീവിതത്തിന്റെ എല്ലാ മേഖലകളിലും പലരൂപത്തിലും ഭാവത്തിലും വളരെ എളുപ്പത്തിൽ കണ്ടെത്താൻ പറ്റുന്നവരാണ് ഇകൂട്ടർ.  ഉദാഹരണത്തിന് ഒരു പെണ്‍കുട്ടിയെ ആരെങ്കിലും ബസിൽ വെച്ച് ശല്യം ചെയ്തെന്നു കരുതുക.  അവൾ പ്രതികരിച്ചു, വേണമെങ്കിൽ കരണത്തോന്നു പൊട്ടിച്ചു എങ്കിൽ അവളെ ഏറ്റവും അധികം കുറ്റപ്പെടുത്തുന്നതും വൃത്തിയായി വസ്ത്രം ധരിക്കാൻ ഉപദേശിക്കുന്നതും ഇവരായിരിക്കും.  അത് വേറൊന്നും കൊണ്ടല്ല, ആർഷഭാരത സംസ്കാരം  ഏതു സന്ദർഭത്തിലും ഊട്ടി ഉറപ്പിക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണെന്ന് ഈ സാധ്വികൾ ഉറച്ചു വിശ്വസിക്കുന്നു.  അത് പോലെ തന്നെ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തു എന്ന്  കേൾക്കുമ്പോൾ അത് വല്ലവനും പിഴപ്പിച്ചിട്ടായിരിക്കുമെന്നും, അഴിഞ്ഞു നടന്നപ്പോ ഓർക്കാത്തതിന്റെ പരിണതഫലമാണെന്നും  വിളിച്ചു കൂവി പുരുഷതറവാടികളുടെ കയ്യടി വാങ്ങാനും ഇവര്ക്ക് യാതൊരു മടിയുമില്ല.  എന്നിരുന്നാലും ഏതു കാര്യത്തിലും വളരെ പക്വമായ തീരുമാനങ്ങൾ എടുക്കുന്ന ഇവർ പ്രണയത്തിലും ആ പക്വത വെച്ച് പുലര്ത്തുന്നത് കാണാം.  പ്രണയം എന്നത് വിവാഹവുമായി യാതൊരു ബന്ധവുമില്ലാത്ത ഒന്നാണെന്ന പുരോഗമനആശയത്തിൽ അടിയുറച്ചു  വിശ്വസിക്കുന്നവരാനിവർ.  നല്ല കാശും ജോലിയും സൌകര്യങ്ങളും ഉള്ള, ഒരു "ബാധ്യതകളും" ഇല്ലാത്ത ഒരു പുരുഷനെ വിവാഹം കഴിച്ചു പെട്ടെന്ന് പക്വമതികളായ ഭാര്യമാരാവാനും പഴയ കാമുകനെ സ്വന്തം റിസ്കിൽ കല്യാണം കഴിപ്പിച്ചയക്കാനും, തന്റെ കുഞ്ഞിനു പ്രണയത്തിന്റെ ഓർമ്മക്കായി  അവന്റെ പേരിടാനും തക്ക മനസ്വിനികളാണ് ഇക്കൂട്ടർ.  

ആർഷഭാരതസംസ്കാരം   നിലനിര്ത്താൻ വേണ്ടി നിലവിളിക്കുന്നവരും അവർക്ക് പിന്തുണയുമായി ഇറങ്ങുന്ന നാരീമണികളും ഒരു കാര്യം മറന്നു പോകുന്നു.  ഇന്നത്തെ കേരളത്തിന്റെയും, ഭാരതത്തിന്റെ ആകെയും സ്ത്രീകളുടെ അവസ്ഥ ലോകത്തിലെ അല്പമെങ്കിലും വികസിച്ചു കൊണ്ടിരിക്കുന്ന എല്ലാ നാടുകളെക്കാളും പരിതാപകരമാണ്.  അതിനു മറ്റു നാടുകളിലെ സ്ത്രീകളുടെ അവസ്ഥ എന്താണെന്നു മനസിലാക്കണം.  'സാംസ്കാരികമായി'  ഇന്ത്യയേക്കാൾ അല്ലെങ്കിൽ കേരളത്തേക്കാൾ വളരെ പിന്നിൽ നില്ക്കുന്ന ഇന്തോനേഷ്യയും ചൈനയും പോലുള്ള നാടുകളിൽ സ്ത്രീകള്ക്ക് ഇതിലും സ്വാതന്ത്ര്യമുണ്ട്, സുരക്ഷിതത്വമുണ്ട്‌.  ഇതൊന്നും നല്കാൻ കഴിയാത്ത ഒരു സംസ്കാരം കൊട്ടിഘോഷിച്ചു മഹത്തരമാണെന്നു പറഞ്ഞു. അത് അല്ലെന്നു വിശ്വസിക്കുന്നവരെ അടിച്ചമർത്തുന്നത്, ഇരുട്ടു കൊണ്ട് ഓട്ട അടക്കുന്നപോലെ വിഡ്ഢിത്തമാണ്.  കുലസ്ത്രീകളെ സൃഷ്ടിക്കുന്ന പുരുഷന്റെ മേധാവിത്വവ്യവസ്ഥിതിയും, അവിടെ സേഫ് സോണ്‍ കണ്ടെത്തുന്ന തറവാടികളായ സ്ത്രീകളും, അവരുടെ സാംസ്‌കാരികപുരോഗമനവാദവും  ഇത്രയും അധപതിച്ചു പോയ ഒരു സമൂഹത്തിനെ വീണ്ടും പടുകുഴിയിൽ തള്ളിയിടുകയെ ഉള്ളൂ.  അത് മറ്റുള്ളവന്റെ അമ്മക്ക് പ്രാന്തു വന്നാൽ കാണാൻ നല്ല ചേലാണെന്നുള്ള മനോനിലയോടെ കണ്ടു രസിക്കാം,  നമ്മുടെ അമ്മക്ക് പ്രാന്ത് വരുന്ന വരെ.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ