Follow by Email

2014, ഡിസംബർ 19, വെള്ളിയാഴ്‌ച

പീഡനത്തിന്റെ ആണ്‍പക്ഷംപെണ്‍കൊന്തൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഒരു ന്യൂനപക്ഷം കേരളത്തിലെ പുരുഷമേധാവിത്വസമൂഹത്തിൽ കാണാറുണ്ട്.  എന്താണീ വാക്ക് കൊണ്ട് അർത്ഥമാക്കുന്നത്‌?  പെണ്‍കോന്തൻ എന്നാൽ ഒരു കോന്തനെ പോലെ പെണ്ണിന്റെ വാക്ക് കേട്ട് നടക്കുന്നവൻ എന്നാണ് നമ്മുടെ മലയാളി സമൂഹത്തിന്റെ നിർവചനം.  ശരിക്കും നിഷ്പക്ഷമായി ചിന്തിച്ചാൽ അങ്ങനൊരു വിഭാഗം ഇല്ലെന്നു പറയാം. കാരണം നമ്മുടെ സമൂഹം സ്ത്രീക്ക് അനുവദിച്ചു കൊടുത്തിരിക്കുന്ന സ്വാതന്ത്ര്യങ്ങൾക്കു ഉള്ളിൽ നിന്ന് കൊണ്ട് അവൾക്കു ഒരു പുരുഷനെ ഭരിക്കാൻ അല്ലെങ്കിൽ സ്വന്തം കാൽകീഴിലാക്കാൻ കഴിയില്ല.  എന്നോ എഴുതപ്പെട്ട തിരക്കഥയിൽ ആടിതകർക്കുന്ന അവർക്ക് ഇതെങ്ങനെ സാദ്ധ്യമാവും?  അപ്പോൾ മേല്പറഞ്ഞ പെണ്‍കോന്തന്മാർ അവരുടെ ഭാര്യമാർക്ക് ബോധപൂർവം അറിഞ്ഞു കൊടുക്കുന്ന  സ്വാതന്ത്ര്യങ്ങളാണ്‌ അവരുടെ കീഴ്പെടലായി വ്യാഖ്യാനിക്കപ്പെടുന്നത്.  സാധാരണയായി വിവാഹിതരായ പുരുഷന്മാർ സൌഹൃദസദസ്സുകളിൽ നിന്ന് രാത്രികളിൽ നേരത്തെ വീട്ടിൽ പോകുകയോ അല്ലെങ്കിൽ  അവരുടെ ഭാര്യമാർ ഫോണ്‍  വിളിച്ചു വരാൻ പറയുകയും അത് കേട്ട് അവര് പോകുകയും ചെയ്യുന്നതിനെ ഈ പറഞ്ഞ രീതിയിൽ വ്യാഖ്യാനിച്ചു കാണാറുണ്ട്.  അത് നമ്മുടെ സമൂഹത്തിന്റെ മേധാവിത്വ മനസ്ഥിതിയുടെ ഒരു പ്രതിഫലനം മാത്രം.

ഈ പെണ്കൊന്തമനസ്ഥിതിയുടെ കുറെ കൂടി തീവ്രത കൂടിയ ഒരു വിഭാഗമാണ് ഭാര്യയെ പേടി.  ഭാര്യയെ പേടിച്ചു കഴിയുന്ന ഒരു പാട് ഭർതാക്കൻമാരുണ്ട്.  ആ പേടിയുടെ മനശാസ്ത്രം  ശരിക്കും അവരുടെ ജീവിത  പരാജയങ്ങളോ സ്നേഹം കൊണ്ടുള്ള കീഴടങ്ങലോ അല്ലാതെ  മറ്റൊന്നുമല്ല.  അത് മുതലെടുത്ത്‌ ഒരു ഷൊവനിസ്റ്റിനെക്കാൾ മോശമായി ആടിതകർക്കുന്ന സ്ത്രീരത്നങ്ങളെയും ധാരാളം കാണാൻ കഴിയും.   സ്നേഹിച്ചു പോയെന്ന ഒറ്റ തെറ്റിന് ജീവിതം തന്നെ ബലിയാക്കേണ്ടി വന്ന പുരുഷന്മാർ(അതേ അവസ്ഥയിലുള്ള സ്ത്രീകളെ പോലെ തന്നെ) ഇന്നു കൂടി വരുന്നു.  അവരെ പറ്റി ആരും അത്ര പറഞ്ഞു കേൾക്കാറില്ല. സ്ത്രീ അബല ആയ പോലെ പുരുഷൻ അബലൻ അല്ലാഞ്ഞിട്ടാവും.

ഇനി പ്രണയത്തിന്റെ കാര്യത്തിലാണെങ്കിൽ-  "ആത്മാർഥമായി " പ്രണയിച്ചു, നീയില്ലാതെ ഞാനില്ല, നിന്റെ കൂടെ ജീവിച്ചില്ലെങ്കിൽ ഞാൻ മരിക്കും എന്നൊക്കെ പറഞ്ഞു പാട്ടും പാടി പ്രണയിച്ചു നടന്നിട്ട് ഒരു നല്ല കല്യാണാലോചന വരുമ്പോൾ അച്ഛന്റെ ഹാർട്ട്‌ അറ്റാക്ക്‌ അല്ലെങ്കിൽ അമ്മയുടെ കണ്ണീരു അതുമല്ലെങ്കിൽ  അനിയത്തിയുടെ ഭാവി  ഒക്കെ  നല്ല കാരണങ്ങളായി കണ്ടു, "എന്നെ വെറുക്കരുത്" എന്ന കേട്ട് മടുത്ത ഓഞ്ഞ ഡയലോഗിന്റെ അകമ്പടിയോടെ പൊടിയും തട്ടി പോകുന്ന തരുണീമണികൾ അവളുടെ വാക്ക് വിശ്വസിച്ചു പുറകെ നടന്ന പാവത്തിന്റെ മാനസികാവസ്ഥയെ പറ്റി അല്പം പോലും ചിന്തിക്കുകയില്ല.  മാത്രമല്ല ഒരു മടിയും കൂടാതെ ഒന്നും സംഭവിക്കാത്ത പോലെ വീണ്ടും അവനെ കാണാനും സംസാരിക്കാനും തയ്യാറാവുകയും ചെയ്യും.  പെണ്ണ് ചതിച്ചാൽ  പുരുഷനു  മാനക്കേട്‌ ഉണ്ടാകാത്തത് കൊണ്ടും അവൻ ആത്മഹത്യ ചെയ്യാൻ ശ്രമിക്കാത്തത് കൊണ്ടും ആയിരിക്കണം  ഇതൊന്നും വാർത്തകൾ ആകാത്തത്.

ഒരിക്കൽ ആത്മാർഥമായി പ്രണയിച്ച പെണ്‍കുട്ടിയെ പെട്ടെന്ന് മറക്കാനോ ജീവിതത്തിലേക്ക് തിരിച്ചു വരാനോ അല്പമെങ്കിലും വ്യക്തിത്വമോ സ്വന്തമായ നിലപാടുകളോ ഉള്ള ഒരാണിന് പെട്ടെന്ന് കഴിയാറില്ല.  നിര്ഭാഗ്യകരമെന്നു പറയട്ടെ, പ്രണയത്തിൽ ചതിക്കുന്നത് കൂടുതലും പെണ്ണ് തന്നെയാണ്.  അതിന്റെ മനശാസ്ത്രം പെണ്ണിന് എല്ലാത്തിനോടും പെട്ടെന്ന് പൊരുത്തപ്പെടാൻ കഴിയുന്നു എന്നതാണെന്ന് എത്ര മനശാസ്ത്രന്ജന്മാർ ആണയിട്ടു പറഞ്ഞാലും കാരണങ്ങൾ മറ്റു പലതുമാണ്.  ജീവിതത്തിലെ തുലാസുകളിൽ കാമുകനെയും വരാൻ പോകുന്ന ഭർത്താവിനെയും തൂക്കി നോക്കുമ്പോൾ നഷ്ടകച്ചവടത്തിൽ നിന്ന് രക്ഷപെടാനുള്ള ബുദ്ധിപരമായ നീക്കം മാത്രമാണ് പിരിയുംപോൾ  ഉള്ള മുതലകണ്ണീരും പ്രകടനങ്ങളും.

ഇതിൽ ആണ്‍പക്ഷത്തു നിന്ന് ചിന്തിച്ചാൽ പ്രണയത്തിൽ കൂടുതൽ സമർപ്പണമനോഭാവം കാണിക്കുന്നത് എപോളും ആണ് തന്നെയായിരിക്കും.  അതിനു കാരണം അവന്റെ പ്രണയം വൈകാരികമായ ഒരുപാടു കാര്യങ്ങളിൽ ചുറ്റപ്പെട്ടു കിടക്കുന്നു എന്നതാണ്.  അത് കൊണ്ടാവും സ്വപ്‌നങ്ങൾ നെയ്തുകൂട്ടുന്നതും ജീവിതം വരച്ചു വെക്കുന്നതും അവൻ തന്നെയാണ്.  പെണ്ണിന് പ്രണയം അത്രക്കൊന്നും തീവ്രമല്ല ( അപൂർവമായി ചിലർ വേറിട്ട്‌ നില്ക്കാറുണ്ട്) .  അവൾ പ്രണയിക്കുമ്പോൾ ഒരു സ്വപ്നലോകതിങ്ങനെ പാറി പറന്നു നടക്കും. പ്രസ്തുത  പ്രണയം സ്വന്തം ജാതിയുടെയോ  മതത്തിന്റെയോ  കുടുംബമഹിമയുടെയോ  പേരിൽ വരുന്ന  വിവാഹാലോചനകളിൽ ഇടിച്ചു നിൽക്കുമ്പോൾ അവൾ പതുക്കെ റിയാലിറ്റിയിലേക്ക് വരും,  ഒരു തുലാസിൽ തൂക്കി നോക്കും, വീട്ടുകാരെ ഓർക്കും, നാട്ടുകാരെ ഓർക്കും.  എല്ലാം മറക്കാം എന്ന മാനസികാവസ്ഥയിൽ എത്തിച്ചേരും.

പ്രണയം എന്ന വികാരത്തിന്റെ ആഴമോ പരപ്പോ ഒന്നും അറിയുകയോ മനസിലാക്കുകയോ ചെയ്യാത്ത, എല്ലാം കച്ചവടകണ്ണിലൂടെ മാത്രം കാണുന്ന, മറ്റുള്ളവരോട് സഹാനുഭൂതിയോ പരിഗണനയോ ഇല്ലാത്ത ഒരു തലമുറയിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല.  ജീവിതസുരക്ഷിതത്വം, നിലവാരം, ജാതി, മതം, കുടുംബമഹിമ, സൽപേര് ഇതിനൊക്കെ അപ്പുറം ഈ പ്രണയമൊക്കെ എന്ത്?

ഇതിലെ ഏറ്റവും രസകരമായ ഭാഗം,
ചന്ദ്രിക മുതൽ ഇങ്ങോട്ട് എല്ലാ വഞ്ചകി കാമുകിമാരും പറയുന്ന ക്ലിഷെ ഡയലോഗുകൾ ഇപ്രകാരം  ക്രോഡീകരിക്കാം.

1. എന്നെ വെറുക്കരുത് ചേട്ടാ.
2. ഈ വേർപിരിയൽ നമ്മുടെ നന്മക്കു വേണ്ടിയാണു.
3. എനിക്കെന്റെ വീട്ടുകാരെ വേദനിപ്പിക്കാൻ വയ്യ.  അവരെ വേദനിപ്പിച്ചു കൊണ്ട് എനിക്ക് മാത്രമായി ഒരു സന്തോഷം വേണ്ട.
4.  ഞാനെവിടെ ആണെങ്കിലും എന്റെ മനസു  ചേട്ടനോടൊപ്പമായിരിക്കും.
5.നമ്മൾ ഒന്നിക്കേണ്ട എന്നാവും ദൈവ നിശ്ചയം.  അടുത്ത ജന്മത്തിൽ നമുക്ക് ഒന്നിക്കാം.
6. എവിടെ വെച്ചെങ്കിലും കണ്ടുമുട്ടിയാൽ എന്നോട് മിണ്ടുമോ?
7.  എന്റെ വിവാഹശേഷവും നമുക്ക് നല്ല സുഹൃത്തുക്കളായി തുടരാം.
8.  ചേട്ടന് ഞാൻ തന്നെ ഒരു പെണ്‍കുട്ടിയെ കണ്ടെത്തി തരാം.
9. ചേട്ടന്റെ ഭാര്യയായി വരുന്ന പെണ്‍കുട്ടി ഭാഗ്യവതിയാണ്‌. എനിക്കതിനുള്ള യോഗം ഇല്ല.

ഇനിയുമുണ്ടാവും ഡയലോഗുകൾ.  പരിമിതമായ അറിവിന്റെ പിൻബലത്തിൽ എഴുതുമ്പോൾ ഇത്ര മാത്രമെ ഓർമ വരുന്നുള്ളൂ. അനുഭവസ്ഥർക്ക് പൂർണമാക്കാവുന്നതാണ്.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ