Follow by Email

2014, ഡിസംബർ 17, ബുധനാഴ്‌ച

സ്ത്രീസുരക്ഷിതത്വം- വെറുതെ ഓരോ അസ്വസ്ഥതകൾ


ഡൽഹിയിലെ കൊട്ടിഘോഷിച്ച ഗാങ്ങ് റേപിനു ഇന്നലെ രണ്ടാം ജന്മദിനം.  മെഴുകുതിരി കൊളുത്തി വെച്ച് ആഘോഷിച്ചതിനും ചില അമ്മായിമാരു  ലോക് സഭയിൽ മുതലക്കണ്ണീർ ഒഴുക്കിയതും ഒക്കെ ഇന്നലെ കഴിഞ്ഞ പോലെ. വെറുമൊരു ബലാത്സംഗത്തിനപ്പുറം  ഡല്ഹി കേസ് ശ്രദ്ധേയമാവുന്നത്‌ അതിന്റെ ക്രൂരത കൊണ്ടാണെന്നോക്കെ കുറെ രാഷ്ട്രീയ-സാമൂഹിക വിചക്ഷണർ ചാനലുകളിൽ തിരിഞ്ഞും മറിഞ്ഞും ചരിഞ്ഞും ഇരുന്നു അവലോകനം നടത്തിയെന്നല്ലാതെ ഒരു കോപ്പും ഇതു വരെ മാറി കണ്ടില്ല. ഏറ്റവും അവസാനമായി പീഡനപട്ടികയിൽ വന്ന പുതിയ ഐറ്റം കാറിലെ പീഡനമായിരുന്നു.  അതായതു  2 വർഷം കൊണ്ട് ഇന്ത്യയുടെ പീഡനപുരോഗതി ബസിൽ നിന്ന് കാറിലേക്കു എന്നതാണ്.


ലോകത്തിലെ ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യമായി ഇന്ത്യ കണക്കുകളിൽ ഇടം പിടിച്ചിരിക്കുന്നു- ഒരു വിദ്യാഭ്യാസമോ വിവരമോ  ഇല്ലാത്ത ജനങ്ങളുള്ള ചില ആഫ്രിക്കൻ നാടുകൾക്കൊപ്പം.  അല്ലെങ്കിൽ തന്നെ ഇവിടെ ആർക്കാണ് വിവരം എന്ന ചോദ്യം തികച്ചും ന്യായം.  പക്ഷെ ഇതു വിവരക്കേടാണോ അതോ നിയമത്തിന്റെ കുഴപ്പമാണോ അതുമല്ല പുരുഷമേധാവിത്വമാണോ എന്നൊക്കെ ചോദിച്ചാൽ കുഴയും.  എല്ലാം വിഷയമാണ്‌. എല്ലാ പെണ്ണുങ്ങളും എന്നിലേക്കാകർഷിക്കപ്പെടുന്നു എന്ന് കരുതിയ ആ ടാക്സിഡ്രൈവറുടെ ഒരു കുഞ്ഞുപതിപ്പാണ്‌ മിക്കവാറും എല്ലാ ഇന്ത്യൻ പുരുഷന്മാരും.  പെണ്ണ് ചിരിച്ചാൽ, മിണ്ടിയാൽ, നോക്കിയാൽ എല്ലാം  അവള്ക്കെന്നോട് പ്രേമമാണ്, കാമമാണ് എന്നൊക്കെ തോന്നി "പരിപാടി" നടത്തിക്കളയും.  അത് കുറെ കൂടി മൂക്കുമ്പോൾ പിന്നെ അവളെന്റെ സ്വത്താണ് എന്നുള്ള തോന്നലിൽ ആ "ശരീരത്തി"ലേക്കുള്ള കടന്നുകയറ്റമായി.  ഒരു പെണ്ണിനെ ശരീരം എന്നതിനപ്പുറം കാണുന്ന എത്ര ആണുങ്ങളുണ്ട്‌ നമുക്ക് ചുറ്റും?  കിടു ചരക്ക്, അടിപൊളി ഫിഗറു, എന്നാ മൊതല്, ഈ വിശേഷങ്ങളാണ് എല്ലാ പെണ്‍കുട്ടികൾക്കും സാധാരണ കിട്ടാറുള്ളത്.  

പെണ്ണിനെ സഹജീവിയായി കാണാനോ ബഹുമാനിക്കാനോ സ്നേഹിക്കാനോ ഒരു മതവും ജാതിയും സമൂഹവും അവനെ പഠിപ്പിക്കുന്നില്ല.  എവിടെ പോയാലും സ്കാൻ ചെയ്യുന്ന കണ്ണുകളാണ് അവൾക്കു ചുറ്റും.  ഉടലിന്റെ മുഴുപ്പും വളവും തിരിവുമെല്ലാം നല്ലവണ്ണം മനസിലാക്കുന്നതാണ് ഇന്നത്തെ സൗന്ദര്യാസ്വാദനം.  യു ട്യൂബ് തുറന്നാൽ കാണാം ഒരുപാടു ചേച്ചിമാരുടെ മൂടും മുലയും എല്ലാം ക്ലിപ്സ് ആയി.  ഇതെല്ലാം അവര് പോലുമറിയാതെ "അതിനൂതന മൊബൈൽ സാങ്കേതിക വിദ്യ" ഉപയോഗിച്ച് അപ്‌ലോഡ്‌ ചെയ്യപ്പെടുന്നവയാണ്.

ഒരു ശരാശരി മലയാളിപുരുഷൻ വിവാഹം കഴിക്കണമെങ്കിൽ കുറഞ്ഞത്‌ 25 വയസു എങ്കിലും ആകണം.  17-25 വയസിലാണ്‌ "വികാരം" ഉച്ചസ്ഥായിയിൽ ആകുന്നത്.  അതൊന്നു ശമിപ്പിക്കാൻ ചുറ്റിനും രതിചേച്ചിമാരെ തിരഞ്ഞു നടക്കുന്ന പപ്പുക്കുട്ടന്മാരെ നമുക്ക് ചുറ്റും ധാരാളം കാണാം.  നമ്മുടെ സാമൂഹിക വ്യവസ്ഥിതിയിൽ ഈ മാതിരി സദാചാര കേസുകളിൽ പെട്ട് പോയാൽ നഷ്ടപ്പെട്ടു പോയേക്കാവുന്ന ഇമേജ് ഓർത്തു മാത്രമാണ് ഭൂരിഭാഗവും പിന്തിരിയുന്നത്.  ആ അസഹിഷ്ണുത തന്നെയാണ് ഇവരെയൊക്കെ വനരന്മാരായി പുനർജനിപ്പിക്കുന്നതും.  

ഇനി കാത്തുകാത്തിരുന്നോന്നു കല്യാണം കഴിച്ചാലോ, അന്ന് വരെ വായിച്ചതും അറിഞ്ഞതുമായ എല്ലാം വാത്സ്യായൻ പോലും മൂക്കത്ത് വിരല് വെക്കുന്ന നിലയിൽ സ്വന്തമാക്കപ്പെട്ട സ്ത്രീശരീരത്തിൽ പ്രയോഗിക്കും.  ആദ്യരാത്രിയിലെ അധികാരം സ്ഥാപിക്കൽ ഈയൊരു മനോനിലയുടെ ഭാഗമാണ്.  സ്നേഹമോ പ്രണയമോ ഒന്നുമില്ലാത്ത ഒരു ഉടമ്പടിയായി വിവാഹജീവിതം മാറുന്നത് ഇങ്ങനെ ആണ്.  ഇതിന്റെ പരിണതഫലം പെണ്‍കുട്ടിയുടെ മനസ്സിൽ ഉണ്ടാവുന്ന വെറുപ്പാണെന്നു മിക്കവാറും പുരുഷകേസരികൾ അറിയാറില്ല.  രതി എന്നത് ഒരു വണ്‍ വേ  ട്രാഫിക്‌ ആവുന്നതും ഇങ്ങനെ ആണ്.  പെണ്‍കുട്ടികളിൽ പലരും ഈ മാതിരി പീഡനങ്ങൾ വീട്ടിൽ  പറയാറില്ല കാരണം അവരുടെ അമ്മമാർ അവരെ പഠിപ്പിച്ചിരിക്കുന്നത് പെണ്ണുങ്ങളാണ് എല്ലാം സഹിക്കേണ്ടാതെന്നാണ്.  നാട്ടുകാരോ ബന്ധുക്കളോ അറിഞ്ഞാൽ നഷ്ടപ്പെട്ട് പോകാവുന്ന അന്തസ്സ് ഓർത്ത് ജീവിതകാലം മുഴുവൻ രതിവൈകൃതങ്ങൾ സഹിക്കുന്ന ഒരു പാട് പേരുണ്ട്. ബസിലും പൊതുസ്ഥലത്തും സ്ത്രീയുടെ അവസ്ഥ മറിച്ചല്ല. പബ്ലിക്‌ ട്രാൻസ്പോർട്ട് ബസുകളിൽ യാത്രക്കാരാണ് ശല്യക്കാരെങ്കിൽ പ്രൈവറ്റ് ബസുകളിൽ ചുമ്മാ ചിലക്കുന്ന വാതിൽക്കൽ ഞാലി കിളികളാണ് ഈ റോളിൽ.  ഈ പീഡനങ്ങളും ആരും പുറത്തു പറയാറില്ല കാരണം ആരും അവരെ സഹായിക്കാൻ ചെല്ലില്ല എന്നവർക്കറിയാം.  അഥവാ പറഞ്ഞാലും നന്നായി വസ്ത്രം ധരിച്ചു പുറത്തിറങ്ങാനും വേണമെങ്കിൽ  യാത്ര തന്നെ ഒഴിവാക്കാനും ഉപദെശിക്കുമെന്നും അവര്ക്ക് നല്ല ഉറപ്പുണ്ട്.  

എനിക്കത്ഭുതം തോന്നിയ ഒരു കാര്യം ഇന്ത്യ ഒഴിച്ചുള്ള രാജ്യങ്ങളിലെ സ്ത്രീകളുടെ വസ്ത്രധാരണമാണ്.  സിംഗപോർ സ്ത്രീകള്ക്ക് സുരക്ഷിതത്വമുള്ള രാജ്യങ്ങളിൽ ഒന്നാണ്. കേരളത്തിലെ സദാചാരപോലീസുകാർ കണ്ടാൽ തല്ലികൊല്ലാൻ പാകത്തിലുള്ള വസ്ത്രധാരണ രീതിയാണ്‌ ഇവിടെ കണ്ടുവരുന്നത്‌.  ഇവിടുത്തെ ആണുങ്ങളെല്ലാം impotent ആണെന്ന് ഏതു സദാചാരവാദിക്കും തോന്നിപ്പോകുന്ന രീതിയിലുള്ള ഒരു പെരുമാറ്റമാണ് ഇവിടുത്തെ പുരുഷന്മാർ സ്ത്രീകളോട്  കാണിക്കുന്നത്.  സിങ്കപ്പൂർ പോലുള്ള ഒരു പീക്കിരി  നാടിനെ നീണ്ടു നിവര്ന്നു പരന്നു കിടക്കുന്ന ഇന്ത്യാമഹരാജ്യത്തോട് ഉപമിക്കാനൊ?   ലജ്ജാകരം.    അതെ, ലജ്ജാകരമാണ്.. കാരണം 2 വര്ഷം കൊണ്ട് അതിവേഗകോടതി ശിക്ഷവിധിച്ചു കൊണ്ടിരിക്കുന്ന ഡൽഹി പ്രതികളും ഗോവിന്ദചാമിമാരും നിറഞ്ഞു കിടക്കുന്ന ഇന്ത്യയെന്ന ഇൻക്രെടിബിൽ ആയിട്ടുള്ള രാജ്യത്തെ, ഓർക്കാപ്പുറത്ത് ഇന്ത്യയിലാനെന്നോർത്തു മെട്രോയിൽ അടുത്ത് നിന്ന പെണ്ണിനെ തോണ്ടി ഒരാഴ്ചക്കുള്ളിൽ 9 മാസത്തെ ജയിൽ വാസവും ചന്തിക്കു ഒന്നാന്തരം 'പെടയും' കിട്ടിയ ഇന്ത്യക്കാരനുള്ള സിങ്ങപൂരിന്ടെ  അവസ്ഥയുമായി  താരതമ്യപെടുതുന്നത് തീര്ത്തും ലജ്ജാകരം തന്നെയാണ്.

 പ്രശ്നം കുടുംബം എന്ന എസ്ടാബ്ലിഷ്മെന്റിൽ നിന്നു  തുടങ്ങുന്നു. നമ്മുടെ നാട്ടിലെ അമ്മമാർ ആണ്‍കുട്ടികളെ ആണ് കൂടുതൽ ഇഷ്ടപെടുന്നത്.  അവനെ 'ആണ്‍കുട്ടിയായി' വളർത്തി വലുതാക്കാനുള്ള തത്രപ്പാടിൽ അമ്മയും അച്ഛനും പെണ്ണിനെ ബഹുമാനിക്കാനോ  സ്നേഹിക്കാനോ  അവനെ പഠിപ്പിക്കാറില്ല.  അത് കൊണ്ടാണ് എല്ലാ വീട്ടിലും അനിയന്മാർ ചേച്ചിമാരെ ഭരിക്കുന്നതും അനുസരിപ്പിക്കുന്നതും. ഈ ആണ്‍കുട്ടി കല്യാണം കഴിക്കുമ്പോ ഭാര്യയെ നിലക്കുനിരത്താനും പഠിക്കുന്നത് സ്വാഭാവികം മാത്രം.  നിയമമോ സമൂഹമോ കുടുംബമോ കൂട്ട് നിൽക്കാത്ത സ്ത്രീ സുരക്ഷിതത്വം പ്രാവർതികമാക്കാൻ ഇന്ത്യൻ സമൂഹത്തിൽ ഒട്ടും എളുപ്പമല്ല. ഒരേ ഒരു ആശ്വാസം  ഞാനിപ്പോ സുരക്ഷിതയാണല്ലോ, എനിക്ക് ചുറ്റുമുള്ളവരും.  പിന്നെ വെറുതെ എന്തിനീ അസ്വസ്ഥതകൾ?

1 അഭിപ്രായം: