Follow by Email

2014, ഡിസംബർ 2, ചൊവ്വാഴ്ച

ശ്ലീലവും അശ്ലീലവുംഇന്നത്തെ മലയാളി സമൂഹം ഒരു വല്ലാത്ത ആശയകുഴപ്പത്തിലാണ്.  അവര്ക്കിപ്പോ മലയാളത്തിലെ ചില വാക്കുകളുടെ അർഥം പിടികിട്ടുന്നില്ല.  പീഡനം, സദാചാരം, അശ്ലീലം ഇതെല്ലാം ആ പട്ടികയിൽ വരുന്ന വാക്കുകളാണ്. മറ്റു രണ്ടു വാക്കുകളും അവിടെ നില്ക്കട്ടെ.നമുക്ക് അശ്ലീലത്തെ പറ്റി 
ചിന്തിക്കാം.  അശ്ലീലത്തിൽ നിന്ന് ശ്ലീലത്തിലേക്ക്  വലിയ ദൂരമുണ്ട്. നിങ്ങൾക്കറിയാമോ? വ്യക്തമാക്കാം .

രംഗം ഒന്ന് : ഒരാൾ അയാളുടെ  പെണ്സുഹൃതിനോട് പൊതുസ്ഥലത്ത് നിന്ന് സംസാരിക്കുന്നു.  അവർ അപ്പൊൾ  വ്യകതിപരമായ കാരണങ്ങളാൽ നിയന്ത്രണം വിട്ടു കരയുന്നു.  അയാൾ  തോളിൽ തട്ടി ആശ്വസിപ്പിക്കുന്നു..... ഇതു അശ്ലീലം. 

രംഗം രണ്ട് :  നിങ്ങളുടെ ഒരു സുഹൃത്ത്‌ പ്രണയഭ്യർത്ഥന നിരസിച്ച ഒരു പെണ്ണിനെ കയറി പിടിച്ചു ചുംബിക്കുന്നു.  ഇതു ശ്ലീലം.  

രണ്ടാമത്തെ രംഗത്തിൽ നിങ്ങള്ക്കവനെ തോളിൽ തട്ടി അഭിനന്ദിക്കാം. ആ നിമിഷത്തെ നിർവൃതി വർണിക്കാൻ പറയാം, കേൾക്കാം, ആസ്വദിക്കാം.  ആദ്യത്തെ രംഗത്തിലെ പോലെ  അശ്ലീലമായത് കാണുന്ന നിങ്ങൾ പ്രതികരിക്കാതിരിക്കരുത്.  അങ്ങനെ ഇരുന്നാൽ നിങ്ങൾ ഈ സമൂഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാവും അത്.

നമ്മുടെ സിനിമകളിലും ഈ ആശയകുഴപ്പം കാണാം.  ഒരാളെ നടുറോഡിൽ  ഇട്ടു വെട്ടികൊല്ലുന്നു.  അങ്ങനൊരു രംഗം തെറ്റില്ലാത്ത ഒന്നാണ്.  പക്ഷെ രണ്ടു പ്രണയികൾ ചുംബിക്കുന്നത് സ്ക്രീനിൽ  വരുമ്പോ ചാനൽ മാറ്റുന്നതാവും നല്ലത്. അത് ഭാര്യയുടെ മുന്നില് ഇരുന്നു കാണുന്നത് ശരിയല്ല.  അത് പിന്നെ യുടുബിൽ ആ രംഗത്തിൽ അഭിനയിച്ച "നടിയുടെ ലിപ് ലോക്ക് "  എന്ന പേര് വെച്ച് സെർച്ച്‌ ചെയ്തു കാണാവുന്നതല്ലെ ഉള്ളൂ.  

ആശ്ലീലത്തിനു ലിംഗഭേദവും ഉണ്ട്.  ആണ്‍  എന്ത് കാണിച്ചാലും അത് അശ്ലീലമല്ല.  ഉദാഹരണത്തിന്, നടന്നു പോകുന്ന വഴിയിൽ  ഒരാൾ നമ്മളെ നോക്കി നിന്ന് സ്വയംഭോഗം ചെയ്യുന്നെങ്കിൽ അതിനെ അശ്ലീലത്തിൽ ഉള്പ്പെടുത്താൻ പറ്റില്ല.  കാരണം അത് കാണുമ്പൊൾ പെണ്ണിന് വികാരം ഉണരുന്നില്ലല്ലോ.  പക്ഷെ ഒരു പെണ്ണ് ജീൻസ്, ലെഗ്ഗിങ്ങ്സ് മുതലായ വേഷങ്ങൾ ഇടുന്നതും  അത് ഇറുകി പിടിചിരിക്കുകയോ സൈഡ്  അല്പം ഓപ്പണ്‍ ആയി ഇരിക്കുകയോ ചെയ്യുന്നുവെങ്കിൽ അത് അശ്ലീലമാണ്.  കാരണം ആണിന് പെട്ടെന്ന് ലൈംഗികവികാരം ഉണരും.  ആണിന്റെ വികാരം ഒരു വീര്പ്പിച്ച ബലൂണ്‍ പോലെയാണ് എപ്പോൾ വേണമെങ്കിലും പൊട്ടാം.  പൊട്ടിയാൽ പിന്നെ സംഭവിക്കുന്ന ഒന്നിനും അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.  അശ്ലീലം കാണിച്ചു അവനെ ഉണർത്തിയ അവളാണ് തെറ്റുകാരി.

വീട്ടില് ചോദിക്കാനും പറയാനും അച്ഛനോ അമ്മയോ ആങ്ങളമാരോ ഒന്നും ഇല്ലാത്ത കുറെ പെണ്ണുങ്ങൾ കുറെ ചെക്കന്മാരേം കൂട്ടി ചുംബനസമരം നടത്തി.  തികഞ്ഞ അശ്ലീലം.  കേരള ചരിത്രത്തിൽ ഇതു വരെ ആരും ചുംബിചിട്ടില്ല.  ചുംബനം എന്നത് ബി ഗ്രേഡ് മലയാള സിനിമകളിൽ കാണുന്ന 'ആക്രാന്തം' മാത്രമാണ്. 
  
പൊതുനിരത്തിൽ  മൂത്രം ഒഴിക്കുന്നത് ശെരിയാണോ?  എന്ന് ചുംബനസമരത്തിനിടെ ആരൊക്കെയോ ചോദിക്കുന്നതു  കേട്ടു.  എന്തൊരു വിവരക്കേടാണ് ഇതു?  മൂത്രം ഒഴിക്കുന്നത് ഒരു മാനുഷികമായ ആവശ്യമാണ്.  അതിനെ ചുംബനവുമായി താരതമ്യപ്പെടുത്തുന്നത് തന്നെ വലിയ തെറ്റാണ്. ജീവിക്കാൻ ചുംബിക്കണമെന്നില്ല.  പക്ഷെ മൂത്രം ഒഴിക്കുക എന്നത് ജൈവികമായ അനിവാര്യത ആണ്.  അത് ചില കന്നാലികളെ പോലെ നടന്നു പോകുന്ന വഴിയിലാകുമ്പോൾ അതിൽ നിന്ന് കിട്ടുന്ന ആത്മസുഖം ഈ പരിഷ്കാരം പറയുന്ന ജനതയ്ക്ക് മനസിലാകില്ലല്ലോ.

പഠിച്ചതും വായിച്ചതും മനസിലാക്കിയതുമായ വാക്കുകളും അർത്ഥങ്ങളും എല്ലാം തെറ്റാണെന്ന് മനസിലാക്കി നിസ്സഹായതയോടെ  നില്ക്കുന്ന ചിലരെങ്കിലും ഇതൊക്കെ ശെരിയായ അർത്ഥത്തിൽ മനസിലാക്കുന്ന ഒരു കാലം ഉണ്ടാവുമോ? ഉണ്ടായാലും ഇല്ലെങ്കിലും അശ്ലീലം ശ്ലീലം ആവുന്നതും ശ്ലീലം അശ്ലീലം ആവുന്നതും ഇന്ത്യ എന്ന മഹാരാജ്യത്തെ മാത്രം പ്രതിഭാസം ആണെന്ന് കിണറ്റിലെ തവളകൾ തിരിച്ചറിയാത്തിടത്തോളം എല്ലാം ഇതു പോലെ തന്നെ ഉണ്ടാവും.  എന്നും.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ