Follow by Email

2014, നവംബർ 24, തിങ്കളാഴ്‌ച

പ്രണയംഒരുപാടു കേട്ട് പഴകിയ എന്നാലും ഒരിക്കലും കുളിര്മ നഷ്ടപെടാത്ത ഒരു വികാരമാണ് പ്രണയം. പക്ഷെ ഇന്നത്തെ ചുറ്റുപാടുകളിൽ അർത്ഥവും സ്വത്വവും നഷടപെട്ടു, ചിലപ്പോലൊരു കാലത്ത് അർത്ഥരഹിതമായി അനായാസം മാറാൻ സാധ്യതയുള്ള ഒരു വികാരമാണ് പ്രണയം.  പ്രായത്തിനു അനുസരിച്ച് മാറുന്ന ഒരു അർത്ഥമാണ്  എന്റെ കണ്ണിൽ പ്രണയത്തിനു ഉള്ളത്.  കൗമാരത്തിലെ പ്രണയത്തിന്റെ അർഥം യൗവനമാവുമ്പോൾ  മറ്റൊന്നാവുന്നു, അല്ലെങ്കിൽ കുറച്ചു കൂടി പക്വമാവുന്നു.  പ്രായം ഏറും തോറും ഈ വികാരം ചിലരിൽ നശിക്കുന്നു മറ്റുചിലരിൽ ആഴത്തിൽ വേരൂന്നുന്നു.  

പ്രണയമെന്നത് എല്ലാ രീതിയിലും ആർദ്രമായ ഒരു വികാരമാണ്.  അത് വ്യക്തിനിഷ്ടവുമാണ്.  മനസ്സിൽ മൃദുല വികാരങ്ങൾ അല്പമെങ്കിലും ഉള്ള ഒരാൾക്ക് നല്ല ഒരു കാമുകനോ കാമുകിയോ ആകാൻ അനായാസം കഴിയും.  പക്ഷെ ഇന്നു  കാണുന്ന, പ്രണയം എന്ന് പലരും വിളിക്കുകയും, നഷ്ടപെടുമ്പോൾ നിലവിളിക്കുകയും ചെയ്യുന്ന ആ "വികാരം" പ്രണയമാണോ അല്ലയോ എന്ന് ഉറപ്പില്ല.  കാരണം പ്രണയത്തിൽ നഷ്ടപെടലോ നേടിയെടുക്കാലോ ഇല്ല. ഉദാഹരണത്തിന്, ഒരു പൂവിനെ നമുക്ക് രണ്ടു രീതിയിൽ ആസ്വദിക്കാം. ഒന്ന്, അതിനെ പറിച്ചെടുത്തു കയ്യിൽ വെച്ച് 'സ്വന്തം' എന്ന് അഹങ്കരിച്ച് ആസ്വദിക്കാം.  രണ്ട്, ചെടിയിൽ തന്നെ നിർത്തി അതിനെ അതിന്റെ സ്വാതന്ത്ര്യത്തിൽ വിട്ടു മാറി നിന്ന് കണ്ടു ആസ്വദിക്കാം.  പ്രണയവും ഇതു പോലെ ആണ്.  നമ്മുടെ 'സ്വന്തം ആകണം' നമ്മൾ സ്നേഹിക്കുന്ന ആൾ എന്ന് കരുതി ജീവിതപങ്കാളി ആക്കുന്നത് നല്ലതാണ്.  പക്ഷെ അയാൾ/അവൾ  ഒരു വ്യക്തി ആണ്.  അവർക്ക് വ്യക്തിസ്വാതന്ത്ര്യം, വികാരങ്ങൾ, വിചാരങ്ങൾ  എല്ലാം ഉണ്ടെന്നു മറന്നു പോവുമ്പോൾ കയ്യിലിരുന്നു വാടി പോകുന്ന പൂവ് പോലെ ആ പ്രണയവും മായാൻ തുടങ്ങുന്നു. 

പ്രണയം എന്നത് ജൈവശാസ്ത്രപരമായി സെക്സുമായി ബന്ധപ്പെട്ടിരിക്കുന്നു എങ്കിലും അതിന്റെ പൂർണത സെക്സിൽ ആണെന്ന് ചിന്തിക്കുന്നത് ഒരു തരo  പ്രാകൃതമായ രീതിയാണ്‌.  കാരണം പ്രണയത്തിനു പല തലങ്ങളുണ്ട്.  ഓഷോ പറയുന്ന പ്രകാരം പലതരത്തിലുള്ള പ്രണയങ്ങളിൽ ഒന്ന് മാത്രമാണ് സെക്സിൽ അവസാനിക്കുന്നത്‌.  ഒരാളോടുള്ള പ്രണയം അയാളുമായുള്ള സെക്സിൽ അവസാനിക്കുകയും അതിനപ്പുറം അയാളോടുള്ള വികാരം വറ്റിപ്പോകുകയും ചെയ്യുന്നെങ്കിൽ  അതിനു അനിമൽ സെക്സിൽ നിന്ന് വലിയ വ്യത്യാസം ഒന്നുമില്ല.  മറ്റൊരു രീതിയിൽ പറഞ്ഞാൽ ജൈവിക ആവശ്യകതക്കപ്പുറം അതിനെ പ്രണയം എന്ന് വിളിച്ചതാണ് തെറ്റ്. എന്നിരുന്നാലും ആഴത്തിലുള്ള പ്രണയത്തിന്റെ ഏറ്റവും തീവ്രമായ പ്രകടനമാണ് സെക്സ്. ഒരിക്കലും അവസാനിക്കാത്ത, മടുക്കാത്ത ഒരു ഒന്നുചേരലാണ്   അതിൽ നിന്നും കിട്ടുന്നത്. അപ്പോൾ പ്രണയം പോലെ രതിയും വിശുദ്ധമാണെന്ന് പറയേണ്ടി വരും. പക്ഷെ പ്രണയത്തെയും രതിയും അങ്ങനെ കാണാനോ ആസ്വദിക്കാനോ നമ്മുടെ സമൂഹം തയ്യാറല്ല.  അതൊക്കെ വലിയ തെറ്റുകൾ ആയിട്ടാണ്‌ മതങ്ങൾ നമ്മെ പഠിപ്പിച്ചിരിക്കുന്നത്.  സദാചാരത്തിന്റെ മേല്ക്കുപ്പായത്തിനുള്ളിൽ സ്വയംഭോഗം ചെയ്യുന്ന ഒരു സമൂഹത്തിൽ 'ചുംബനം' പോലും പാപം ആകുന്നത്  അതുകൊണ്ടാണ്.   

എന്റെ ഭാര്യ അല്ലെങ്കിൽ ഭർത്താവ്  എന്റെ സ്വകാര്യ സ്വത്താണെന്നും അതിനു താനല്ലാതെ മറ്റൊരു അവകാശി ഇല്ലെന്നുമുള്ള തോന്നലിൽ നിന്നാണ് ഭാര്യ ഭർത്താവിന്റെയും,  ഭർത്താവു ഭാര്യയുടെയും സ്വകാര്യതകളിലേക്ക് ഊളിയിട്ടു തുടങ്ങുന്നത്.  ഒരു തരo  അരക്ഷിതാവസ്ഥ ആണ് ഇതിനു പിന്നിൽ.  അവരുടെ പേർസണൽ ഐ ഡി തുറക്കാനും പരിശോധിക്കാനും ഹിസ്റ്ററി തോണ്ടാനും തോന്നുന്നത് ഈ അരക്ഷിതാവസ്ഥയുടെ പരിണതഫലം മാത്രം.  അത് അവൾ/അവൻ വഴിതെറ്റാതിരിക്കാൻ ആണെന്നാണ് വാദം എങ്കിൽ നമ്മുടെ 'സ്വന്തം' ആകുന്നതിന്  മുൻപ്  തെറ്റാത്ത വഴി പിന്നെ തെറ്റുന്നെങ്കിൽ  അതിനുള്ള ഉത്തരവാദി നമ്മൾ മാത്രമായിരിക്കും. അല്ലെങ്കിൽ നമുക്ക് കൊടുക്കാൻ പറ്റാത്ത എന്തോ ഉണ്ട് എന്നാണ് അർത്ഥം. അത് ഉറപ്പായും 'സ്വന്തമാക്കലില്ലാത്ത പ്രണയം' അല്ലാതെ മറ്റൊന്നുമല്ല. നല്ലൊരു മനസും, വികാരങ്ങളും, വിചാരങ്ങളും ഉള്ള ഒരു  സാധാരണക്കാരനോ/ സാധാരണക്കാരിയോ,  തന്നെ മാത്രം പ്രണയിക്കുന്ന അല്ലെങ്കിൽ വിശ്വസിക്കുന്ന ഒരു പങ്കാളിയെ ചതിക്കാൻ തയ്യാറാവില്ല.  അതാണ് പ്രണയത്തിൻറെ  ശക്തി. അഥവാ അവർക്കാരോടെങ്കിലും ആകർഷണം തോന്നുന്നു എങ്കിൽ അത് ആദ്യം നമ്മളോട് പങ്കുവയ്ക്കാൻ പോലും അവർ തയ്യാറാവും.  

ജീവിതം എന്നത് സ്വന്തമാക്കലിനോ  പിടിച്ചടക്കലിനോ  ഉള്ള വേദി അല്ല. എനിക്ക് ജീവിക്കാൻ അവകാശം  ഉള്ളത് പോലെ എന്റെ ഭാര്യയ്ക്കും/ ഭർത്താവിനും അവകാശം ഉണ്ട്.  അവനും/ അവൾക്കും പേർസണൽ സ്പേസ് ഉണ്ട് എന്ന ഒരു വിശാലമായ ചിന്ത കൊണ്ട് മാറ്റാവുന്ന ഒരുപാടു കാര്യങ്ങൾ ഉണ്ട്.  ജീവിതം ഒരു സമൂഹത്തിനോ, മതത്തിനോ, കുടുംബത്തിനോ വേണ്ടി ജീവിച്ചു തീർക്കാനുള്ളതല്ല. എന്റെ ജീവിതം എന്റേത് മാത്രമാണ്.  അതിൽ കടന്നു പോയതൊക്കെ ഇനി തിരിച്ചു പിടിക്കാവുന്നതല്ല.  എപ്പോൾ വേണമെങ്കിലും പൊട്ടിപോകാവുന്ന ഒരു കുമിളയുടെ ആയുസ്സിൽ ജീവിക്കുന്ന നമ്മൾ ആർക്ക് വേണ്ടിയാണു ജീവിക്കേണ്ടത്? വെറുതെ ഒന്ന് ആലോചിച്ചു നോക്കുക.

(ഈ പറഞ്ഞിരിക്കുന്നതെല്ലാം എന്റെ വീക്ഷണങ്ങൾ മാത്രം. തെറ്റാവാം ശരിയാവാം.  എന്ത് തന്നെ ആയാലും ഈ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ഞാൻ ഉറച്ചു വിശ്വസിക്കുന്നു)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ