Follow by Email

2014, നവംബർ 21, വെള്ളിയാഴ്‌ച

വ്രണപ്പെടുന്ന മതവികാരം
എന്താണ് മതവികാരം?  ശരിക്കും മതത്തെ ഒരു വികാരമായി കാണുന്നത് ശരി ആണോ ?  ഭാവി എന്നതു ഒരു  ഉറപ്പുമില്ലാത്ത ജീവിതത്തിൽ, മനുഷ്യന്റെ മനസിന്റെ ഒരു അഭയകേന്ദ്രമായ ദൈവം എന്ന അതിന്ദ്രിയ ശക്തിയിൽ  നിന്നുണ്ടായ മതം എന്ന ചട്ടക്കൂട് നമ്മുടെ ഉള്ളില സ്നേഹവും ദയയും സഹാനുഭൂതിയും ഒന്നുമില്ലാത്ത, ഒന്നുമല്ലാത്ത, ഒരു "വികാരം" ആയി വളര്ന്നതും വളർത്തിയതും  അതിൽ നിന്ന് നേട്ടം ഉള്ള ചിലരുടെ സ്വാർത്ഥത അല്ലാതെ മറ്റെന്തെങ്കിലുമായി തോന്നുന്നെങ്കിൽ അത് തികച്ചും നിങ്ങളുടെ ചിന്തകളുടെ കുഴപ്പം മാത്രം.

ഭ്രാന്താശുപത്രിയിൽ പല തീവ്രതയിൽ ഉള്ള ഭ്രാന്തന്മാർ ഉള്ളത് പോലെ നമ്മുടെ സമൂഹത്തിലും പല രീതിയിൽ ഈ "വികാരം" ഉള്ളവരെ കാണാം.  ചില ആളുകള് ആദ്യമായി പരിചയപ്പെടുമ്പോൾ  സ്വന്തം ജാതിയാണ് അല്ലെങ്കിൽ മതമാണ്‌ എന്ന് കേൾക്കുമ്പോൾ വളരെ അധികം സന്തോഷിക്കുകയും "മുൻജന്മബന്ധം" ഉള്ള പോലെ പെരുമാറുകയും ചെയ്യുന്നതായി കാണാറുണ്ട്.  മറ്റുചിലർ ഉന്നതസ്ഥാനങ്ങളിൽ ഇരുന്നു സ്വന്തം മതക്കാരെ മാത്രം പ്രീണിപ്പിച്ചു ഭരിക്കുന്നത്‌ കാണാം.    എന്തിനു കൂടുതൽ പറയണം?  ദൈവത്തിന്റെ നിലനില്പ്പിനെ തന്നെ  ചോദ്യം ചെയ്യുന്ന ഭൗതികശാസ്ത്രത്തിലെ അഗ്രഗണ്യരായ ആളുകളുടെ കയ്യില പോലും ചരട് ജപിച്ചു കെട്ടിയിരിക്കുന്ന കാണാം.  റോക്കറ്റ്  വിക്ഷേപിക്കുന്നത് പോലും ഗണപതിഹോമം നടത്തിയിട്ടാവുംപോൾ  പഠിച്ചതിലോ  തെളിയിക്കപ്പെട്ടതിലോ ഉള്ള വിശ്വാസകുറവും തെളിയിക്കപെട്ടിട്ടില്ലാത്തതിൽ ഉള്ള ഉറച്ച  വിശ്വാസവും വ്യക്തമാണല്ലോ.

പുറമെ പുരോഗമനം നടിക്കുന്നവർ പോലും ഇതിൽ നിന്ന് വ്യത്യസ്തരല്ല. കവലകളിൽ  പ്രസംഗങ്ങൾ കാഴ്ചവെക്കുകയും താണജാതിക്കാരന്ടെ ഉന്നമനത്തിനായി രാപകലില്ലാതെ പാടുപെടുകയും ചെയ്യുന്ന അമ്മായിമാരും അമ്മാവന്മാരും  സ്വന്തം മകനോ മകളോ അങ്ങനെ ഒരാളെ വിവാഹം ചെയ്യുമ്പോൾ അവരെ വീട്ടില് നിന്ന് പുറത്താക്കുന്ന  രീതിയിൽ കാര്യങ്ങൾ പുരോഗമിക്കുന്നത് കാണാം.  ദളിതനും ആദിവാസിയും എന്നും വെറുക്കപെട്ടവരനെങ്കിലും അവർക്കിടയിലെ പെണ്‍ശരീരങ്ങൽക്കു മാത്രം ഈ വെറുപ്പ്‌ ബാധകമായി കാണാറില്ല.  ആ കാര്യത്തിൽ ചരിത്രം ആവർത്തിക്കപ്പെട്ടു കൊണ്ടേ ഇരിക്കുന്നു.

മതങ്ങൾ ജീവിച്ചിരിക്കുന്ന ദൈവങ്ങളെ ഉണ്ടാക്കുന്നു.  ജീവനുള്ള ദൈവങ്ങൾ സ്കൂൾ, ആശുപത്രി, കോളേജ് അങ്ങനെ ജനോപകാരപ്രദമായ ഒരുപാടു സ്ഥാപനങ്ങൾ പണിഞ്ഞു അവരാണ് ശെരിക്കും ഉള്ള ദൈവങ്ങൾ എന്ന് സ്വയം പ്രഖ്യപിച്ചു വാഴുന്നു.  ഈ ദൈവവാഴ്ച ഏതെങ്കിലും കള്ളപ്പണ ഇടപടിലോ പീഡന കേസിലോ കുടുങ്ങുന്നത് വരെ തുടരുന്നു. ഒരു ദൈവം ജയിലിൽ ആകുമ്പോൾ ആയിരം ദൈവങ്ങൾ വീണ്ടും ജനിക്കുന്നു, വാഴുന്നു, കുടുങ്ങുന്നു.  ഇതൊരു ചാക്രികമായ പ്രതിഭാസമായി തുടരുന്നു.

എന്താണീ വ്രണപ്പെടുന്ന മതവികാരം? എന്ത് കൊണ്ടാണ് മതവികാരം മാത്രം പെട്ടെന്ന് വ്രണപ്പെടുന്നത്?  ഒരു കുഞ്ഞു ബലാല്സംഗം ചെയ്യപ്പെടുമ്പോൾ വാത്സല്യമോ ഒരു സ്ത്രീ ക്രൂരമായി കൊല്ലപ്പെടുമ്പോൾ സഹാനുഭൂതിയോ എന്ത് കൊണ്ട് വ്രണപ്പെടുന്നില്ല?
ഒരു സിനിമയിൽ അച്ചനെയോ മൌലവിയെയോ നമ്പൂതിരിയെയോ തമാശയായി ചിത്രീകരിക്കുമ്പോൾ ഉടനെ വ്രണപ്പെട്ടു പൊട്ടിയൊലിക്കുന്ന ഈ വികാരം എന്ത് കൊണ്ട് ഒരു സ്ത്രീയെ അവഹേളിക്കുന്ന രംഗങ്ങളിൽ ആനന്ദത്തിൽ ആറാടുന്നു?  ആർത്തലച്ചു കയ്യടിച്ചു സ്‌ക്രീനിൽ കണ്ട ആ അതിമാനുഷരൂപതിനെ വാഴ്ത്തി പാടുന്നു?

ഇന്ത്യൻ  ജനതയിൽ(കേരളീയരിൽ പ്രത്യേകിച്ച് ) മാത്രം കണ്ടു വരുന്ന ഒരു പ്രത്യേകതരം രോഗമാണ് ഇതു . നിങ്ങളിൽ  ചെറിയ രീതിയിൽ ഈ രോഗലക്ഷണം കാണുന്നുണ്ടെങ്കിൽ ഒറ്റക്കെവിടെങ്കിലും പോയിരുന്നു ഒന്ന് ആലോചിക്കുന്നത് നന്നായിരിക്കും.  എങ്ങനെ എവിടെ നിന്ന് എന്ത് കൊണ്ട് എനിക്കീ രോഗം വരുന്നു എന്ന്. അതിനായി ചില ടെസ്റ്റുകൾ സ്വയമേ ചെയ്തു നോക്കാവുന്നതാണ്.  ഒരു ചെറിയ ഉദാഹരണം  പറയുകയാണെങ്കിൽ നമ്മുടെ നാട്ടിൽ ഒരു മിശ്രവിവാഹം നടന്നു എന്ന് കേൾക്കുമ്പോൾ ആദ്യം നമ്മൾ എങ്ങനെയാണ് പ്രതികരിക്കുക എന്ന് മാത്രം ശ്രദ്ധിച്ചാൽ മതി.  അതിൽ നിന്നും നമുക്കീ രോഗം ഉണ്ടോ നമ്മുടെ വികാരം വ്രണപ്പെട്ടോ എന്ന് ഉറപ്പിക്കാവുന്നതാണ്.   നിങ്ങളുടെ പ്രതികരണം "അവള്ക്കെങ്ങനെ ധൈര്യം വന്നു " അല്ലെങ്കിൽ "കുടുംബത്തെ പറ്റി അവളോര്തില്ലല്ലോ " എന്നിങ്ങനെ ആണെങ്കിൽ തീര്ച്ചയായും ചെറിയൊരു മുറിവ് ആ വികാരത്തിൽ ഉണ്ടായിട്ടുണ്ട്.  ഇനിയും ഉണ്ട് സന്ദർഭങ്ങൾ, സോഷ്യൽ മീഡിയകളിൽ  ചില പോസ്റ്റുകൾ കാണുമ്പൊൾ സ്വന്തം മതവിശ്വാസം ചോദ്യം ചെയ്യപ്പെടുന്നു എന്ന് തോന്നുകയും പ്രതികരണ ശേഷി ഉണരുകയും ചെയ്യുന്നു എങ്കിൽ ഉറപ്പിച്ചോളൂ നിങ്ങൾ ഈ രോഗവസ്ഥയിലാണ്.

നിങ്ങൾ ഒരു മതത്തിൽ ജനിച്ചതോ വളര്ന്നതോ മറ്റൊരാൾ  താണജാതിയിൽ ജനിച്ചതോ ആരുടെ എങ്കിലും  മിടുക്ക് കൊണ്ടാണെന്ന് കരുതുന്നു എങ്കിൽ തീര്ച്ചയായും ആ സാങ്കേതിക വിദ്യ മറ്റുള്ളവര്ക്ക് കൂടി പകര്ന്നു കൊടുക്കുവാൻ നിങ്ങൾ തയ്യാറാവുക.  കാരണം ഒരിക്കലും മാറാൻ തയ്യാറല്ലാത്ത ഒരു ജനതയിൽ, പുനർജന്മത്തിൽ അൽപമെങ്കിലും  പേര് വിശ്വസിക്കുന്ന ഒരു സമൂഹത്തിൽ, ഒരു താണജാതിക്കാരൻ(എന്ന് വിളിക്കപ്പെടുന്നവൻ ) എങ്കിലും ഉന്നതകുലജാതനായി പുനര്ജനിക്കട്ടെ.  മതത്തിന്റെ മതിൽ കെട്ടിനപ്പുറം ആണെന്നും പെണ്ണെന്നും രണ്ടു മതവും അവര്ക്ക് തുല്യമായ സ്ഥാനവും അതിൽ ഊന്നിയ പ്രത്യയശാസ്ത്രവും എന്ന് നമുക്ക് വരുന്നോ അന്നായിരിക്കും വികാരങ്ങൾ  എന്നതിന് ജീവിതത്തിൽ സ്ഥാനമുണ്ടെന്ന് നമ്മൾ തിരിച്ചറിയുക.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ