Follow by Email

2014, നവംബർ 28, വെള്ളിയാഴ്‌ച

ഫെമിനിസവും പുരോഗമനവാദവും
 ഒരു പുരോഗമന വാദി സ്ത്രീ സമത്വത്തിൽ വിശ്വസിക്കുന്ന പെണ്‍ സുഹൃത്തിനോടു: ഞാനൊരു പുരോഗമനവാദിയാണ്.  ഞാൻ സ്ത്രീകളെ വളരെയധികം ബഹുമാനിക്കുന്നു.  അവർ അവരുടെ കഴിവുകള സ്വയം തിരിച്ചറിയുകയും സമൂഹത്തിന്റെ മുഖ്യധാരയിലെത്താൻ പരിശ്രമിക്കുകയും വേണം. അടുക്കളയിൽ തളച്ചിടെണ്ടതല്ല അവളുടെ കഴിവുകൾ. കുട്ടിയുടെ പോസ്റ്റുകൾ നന്നായിരിക്കുന്നു.  എന്ത് ശക്തം ആണ് വാക്കുകൾ.  ഇനിയും എഴുതണം.. എന്റെ എല്ലാ പിന്തുണകളും (ലൈക്‌ ആയിരിക്കണം)

പുരോഗമനവാദി മറ്റൊരു പുരോഗമനവാദിയായ ആണ്‍സുഹൃത്തിനോട്‌:  അളിയാ നീ ഇന്നലെ അയച്ച മറ്റേ വീഡിയോ ഉണ്ടല്ലോ.  എന്റെ മച്ചൂ എന്നാ ചരക്കാ.  ഞാൻ ഇന്നലെ തകർത്തു. നീ അയച്ച രണ്ടാമത്തെ വീഡിയോ ഉണ്ടല്ലോ 'ഒരു ചേച്ചി കൊച്ചിന് പാലുകൊടുക്കുന്നെ' അത് പകുതിയെ ഒള്ളല്ലോ. ഛെ, വെറുതെ MB കളഞ്ഞു.  പിന്നൊരു ന്യൂസ്‌ ഉണ്ട്, നീ പറഞ്ഞ മറ്റെ  പീസ് ഇല്ലേ, ഹാ അളിയാ,  നമ്മടെ മറ്റേ ഗ്രൂപ്പിൽ കണ്ട ആ ഫെമിനിസ്റ്റ് പെണ്ണെ.  അവളോടൊന്ന് മുട്ടി നോക്കി. ഇത്തിരി പാടാണ്. എങ്കിലും ഒന്ന് ശ്രമിക്കണം.  ഫോട്ടോ ഒന്നും കാണാൻ പറ്റുന്നില്ല. ബ്ലോക്ക്‌ ആണ്. @@#$$.

പുരോഗമനവാദി വീട്ടിൽ ഭാര്യയോട്‌ :  എടീ, നീ എന്തൊന്ന മൊബൈലിൽ ഇട്ടു  ഇടക്കിടെ തോണ്ടിക്കോണ്ടിരിക്കുന്നെ?  നിന്റെ മറ്റവൻ അതിലുണ്ടോ?  അന്നേ വിചാരിച്ചതാ, വിദ്യാഭ്യാസം ഉള്ള പെണ്ണിനെ കെട്ടിയാൽ അവളെ ജോലിക്ക് വിട്ടില്ലേലും അവള് ചൊല്പ്പടിക്ക് നിൽക്കില്ലെന്ന്.  നിന്റെ കെട്ടിയത് ഞാനാണേൽ, നിനക്ക് ചെലവിനു തരുന്നത് ഞാനാണേൽ  നിന്റെ കാര്യങ്ങൾ തീരുമാനിക്കാനും, നീ എന്ത് ചെയ്യണം, ചെയ്യേണ്ട എന്ന് തീരുമാനിക്കാനും എനിക്ക് അവകാശം ഉണ്ട്.  

ഇതാണ് നമ്മുടെ പുരോഗമനവാദസമൂഹത്തിന്റെ പരിച്ചേദം.  എന്താണീ പുരോഗമനവാദം? ആ വാക്കിനെ നമുക്ക് ഇങ്ങനെ വിഭജിക്കാം.  പുരോഗമനം+വാദം.  പുരോഗതിയിൽ എത്താനുള്ള വാദം.  എന്താണ് അപ്പൊ പുരോഗതി.  പുരോഗതി എന്നാൽ നമുക്ക് "പുറമെ" മറ്റുള്ളവരെ കാണിക്കാനുള്ള "ഉന്നതമായ ചിന്ത" ആകുന്നു.  ഇതു ആണിനും പെണ്ണിനും ഉണ്ട്.  പുരോഗമന വാദികളായ ചില പെണ്സിംഹങ്ങൾ സൈബർ സ്പേസിൽ ഘോരഘോരം പ്രസംഗിക്കുകയും ഒളിച്ചിരുന്നു മറ്റു പെണ്ണുങ്ങൾക്ക്‌ പാരവെക്കുകയും അല്ലെങ്കിൽ വെപ്പിക്കുകയും ചെയ്യുന്നതു ഈ പുരോഗമനവാദത്തിന്റെ പരിണതഫലമാണ്.  മേല്പറഞ്ഞ പുരോഗമന വാദികൾ സ്ഥിരം പറഞ്ഞു കേൾക്കാറുണ്ട്.  ഞാൻ പുരോഗമനപരമായി ചിന്തിക്കുന്നു എന്ന് കരുതി എനിക്ക് ഫെമിനിസം എന്നത് അംഗീകരിക്കാൻ പറ്റില്ല. അപ്പൊ എന്താണീ ഫെമിനിസം? മുകളില പറഞ്ഞതാണ്‌ നിങ്ങളുടെ പുരോഗമനവാദം എങ്കിൽ  നിങ്ങൾക്ക് ഒരിക്കലും ഫെമിനിസം എന്ന കോണ്‍സെപ്റ്റ് അംഗീകരിക്കാൻ പറ്റില്ല  കാരണം ഫെമിനിസത്തിന്റെ നിർവചനം താഴെ പറയും പ്രകാരമാണ്. 

  1. "Feminism is a collection of movements and ideologies aimed at defining, establishing, and defending equal political, economic, cultural, and social rights for women. This includes seeking to establish equal opportunities for women in education and employment."
ഫെമിനിസം എന്ന വാക്ക് കേൾക്കുമ്പോൾ ഭൂരിഭാഗം കേരളീയര്ക്കും(ആണ്‍പെണ്‍ വ്യത്യാസം ഇല്ലാതെ) ചൊറിച്ചിൽ ഉണ്ടാവുന്നത് സാധാരണയാണ്.  അതിനു കാരണം ചില കൊച്ചമ്മ (ഫെമിനിസ്റ്റ്) എന്ന ലേബലിൽ നടക്കുന്ന ഉടായിപ്പ് അമ്മായിമാർ ആണെന്നുള്ളത്‌ ചെറിയൊരു സാധ്യത മാത്രമായി തള്ളികളയുന്നു.  പുരുഷ മേധാവിത്വം അരങ്ങു വാഴുന്ന നമ്മുടെ സാക്ഷരസമൂഹത്തിൽ ആണിനു ഭരിക്കാനും  പെണ്ണിനു ഭരിക്കപ്പെടാനും  ഉള്ള മനോഭാവം എല്ലായിടത്തും  പ്രകടമാണ്.  ആണ്‍ എന്ന സുപ്രീം പവർ പെണ്ണിൽ ഉണ്ടാക്കി എടുക്കുന്ന, ക്രമേണ അവളുടെ ഉള്ളിൽ  വളരുന്ന  ഒരു വികാരമാണ് കീഴ്പെടാനും അടിമപ്പെടാനും ഉള്ള മനോനില.  അതിൽ നിന്ന് മോചിതയാവാൻ അവൾ ആഗ്രഹിക്കുന്നില്ല കാരണം 'സേഫ് സോണ്‍' നഷ്ടപെടുത്താനുള്ള ഭയം.  സ്വന്തമായി വിദ്യാഭ്യാസവും ജോലിയും എല്ലാം ഉള്ള പെണ്‍കുട്ടികൾ ജീവിതകാലം മുഴുവൻ നരകിക്കുന്നത് ഈ മിഥ്യബോധം കൊണ്ട് മാത്രമാണ്.  ഇങ്ങനെ പെണ്ണിനെ ആക്കിതീർക്കുന്നതിനു പിന്നിലുള്ള രണ്ടാമത്തെ വില്ലൻ  സമൂഹം ആണ്.  അതിനു ഉദാഹരണമാണ്‌ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ വീടിന്റെ വാതിലിൽ രാത്രി മുട്ടുന്ന അയല്പക്കകാരനായ സദാചാരവാദിയും വാതിൽ തുറക്കാതെ വരുമ്പോൾ അപവാദം പറഞ്ഞു പരത്തുന്ന അയാളുടെ  സദാചാര കവലപ്രസംഗവും.

ഫെമിനിസം എന്നാൽ ആണിനെ തുടലിലിട്ടു നടത്തുക എന്നതാണ് എന്ന് ചില സൂപ്പർ താരങ്ങൾ ചില സൂപ്പർ സംവിധായകരുടെ കഥാപാത്രങ്ങൾക്ക് ജീവന്കൊടുത്തു അനശ്വരമാക്കാൻ വേണ്ടി സിനിമകളിൽ നടത്തിയ വിടുവായത്തരം മാത്രമാണ്.  ലോകത്തൊരിടത്തും അങ്ങനൊരു സമവാക്യം ഫെമിനിസതിനില്ല.  അത് പുരുഷവിദ്വേഷമല്ല. പുരുഷവിദ്വെഷം എന്നാൽ  'misandry' എന്നതാണ് ഇംഗ്ലീഷിൽ ഉള്ള വാക്ക്.  അതാണ് കിംഗ്‌ പോലുള്ള സിനിമകളിൽ  നായകൻ ചവച്ചു തുപ്പുന്ന കൊച്ചമ്മ സംസ്കാരം.  അത് കേട്ട് വിശ്വസിച്ചു തുല്യഅവകാശത്തിനും  കുറഞ്ഞ പക്ഷം ഒരു സഞ്ചാരസ്വാതന്ത്ര്യത്തിനും അല്ലെങ്കിൽ ഒരു അല്പം മനുഷ്യത്വത്തിനു എങ്കിലും  വേണ്ടി വാദിക്കുന്ന റിയൽ ഫെമിനിസ്ടുകളെ വെറുതെ തെറ്റിധരിക്കുകയാണ് അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കുകയാണ്.

പെണ്ണായി ജനിച്ചു പോയത് ആരുടേയും തെറ്റല്ല.  പെണ്ണിന് വേണ്ട അവയവങ്ങൾ ഉണ്ടായതും ഒരു തെറ്റല്ല. പക്ഷെ അവളെ "wonderful instrument for enjoyment" ആയി കാണുന്നത് ഒരു വൈകൃതം ആണ്.  അതിനിനി എന്തൊക്കെ ന്യായീകരണങ്ങൾ നിരത്തിയാലും, അവളുടെ വസ്ത്രധാരണവും, രാത്രി സഞ്ചാരവും പ്രകൊപിപ്പിചെന്നു പറഞ്ഞാലും അതൊക്കെ എന്ത് ആഭാസവും കാണിക്കാനുള്ള കേവലം ന്യായീകരണങ്ങൾ മാത്രം.  അല്പം ഒരു പരസ്പരബഹുമാനം മതി ഇതു നിയന്ത്രിക്കാൻ.  അത് കേരളസമൂഹത്തിലും "വളരെ കർക്കശമായ" നിയമവ്യവസ്ഥ നിലനില്ക്കുന്ന ഇന്ത്യൻ സമൂഹത്തിലും ഒരിക്കലും പ്രാവർത്തികമല്ല.  പക്ഷെ പ്രവർത്തികമായ ഒന്നുണ്ട്.  സ്വയം തിരിച്ചറിവ്.  പെണ്ണിന് കൊടുക്കാവുന്ന ബഹുമാനം, പരിഗണന. അത് ഭാര്യ ആയാലും അന്യ പെണ്ണ് ആയാലും. അത്രയെങ്കിലും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ആണുങ്ങൾ എന്ന് പറഞ്ഞാൽ ചില അവയവങ്ങൾ മാത്രമാണെന്ന് പെണ്ണിനും തോന്നുന്നുണ്ടാവും.  അവളതു പേടികൊണ്ട് പുറത്തു പറയില്ലെന്ന്  മാത്രം.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ