Follow by Email

2018, ഫെബ്രുവരി 21, ബുധനാഴ്‌ച

നമ്മുടെ പ്രണയത്തിന്റെ ഭാഷഏകാന്തതയുടെ, വിഷാദത്തിന്റെ
ഇരുണ്ട ഗഹ്വരങ്ങൾ താണ്ടി നീ വരുന്നു..
ഇനിയുമെന്നെ പഴയപടി പ്രണയിക്കുമോ
എന്നു കെഞ്ചുന്നു..
കണ്ണിൽ പിടഞ്ഞ ഉപ്പിട്ടുണക്കിയ മീനുകളെ
താഴേക്കു കുടഞ്ഞിട്ടു ഞാൻ നിഷേധാർത്ഥത്തിൽ തലയാട്ടുന്നു..
വിളറിയ നോട്ടം എറിഞ്ഞു നീ വിദൂരതയിലേക്ക് മുഖം തിരിക്കുന്നു
എന്റെ പ്രണയം ശൈശവം കടന്നു പോയി
കൗമാരവും യൗവനവും കടന്നു പോയി
നിനക്കു വായിച്ചു തീർക്കാൻ
പറ്റാത്ത അത്ര
നീണ്ട കഥകളുടെ മുടികെട്ടുകൾ
അഴിച്ചിട്ടാലും..
നമ്മുടെ ഭാഷകളിലെ വൈരുദ്ധ്യം
എങ്ങനെയാണ് നിന്നെ എന്റെ നല്ലൊരു വായനക്കാരനാക്കുക?

2017, സെപ്റ്റംബർ 29, വെള്ളിയാഴ്‌ച

പാവക്കൂത്ത്

അയാളുടെ അലമാരയിൽ ഒരു പാവയുണ്ടായിരുന്നു...
അയാൾ അതിനെ വല്ലാതെ സ്നേഹിച്ചിരുന്നു..
ഒറ്റക്ക് ജീവിച്ചിരുന്ന അയാൾക്ക്‌
അതു ഒരു ആശ്വാസം തന്നെയായിരുന്നു..
എന്നും രാവിലെ എഴുന്നേറ്റാൽ ഉടൻ
സുപ്രഭാതം പറയും..
പിന്നെ ഓഫീസിൽ പോകുന്നതിനു മുൻപ്
ഒരു യാത്രാമൊഴി,
പിന്നെ എത്തിയെന്ന് ഒരു "മെസ്സേജ്"
അതിൽ എന്തെടുക്കുന്നു എന്നൊരു
അന്വേഷണം...
പിന്നീട് അയാൾ ജോലിയിൽ മുഴുകും..
പാവയെ മറക്കും..
പാവ ഒറ്റക്കാവും...
കരയും...
പക്ഷെ, ഉച്ചക്ക് അയാൾ പിന്നെയും
മെസ്സേജ് അയക്കും
പാവ കരച്ചിൽ നിർത്തും..
വൈകിട്ട് വരുന്നു എന്ന് അറിയിക്കും
പാവ കാത്തിരിക്കും
വന്നാൽ അയാൾ ആദ്യം അലമാരയിലെ
പാവക്കു എത്തിയെന്ന് അറിയിപ്പ്
കൊടുക്കും..
പാവ നോക്കി ഇരിക്കെ
ഇരിക്കെ
അയാൾ തിരക്കിലാവും..
എപ്പോളും തിരക്ക്
ചാറ്റിൽ, ഫോണിൽ, ജിമ്മിൽ...
പാവ കാത്തിരിക്കും..
കാത്തിരുന്നു മടുത്ത പാവ
ഒടുക്കം ഹൃദയം നുറുങ്ങി മരിച്ചു..

അതെ, അതിനു "ജീവൻ" ഉണ്ടായിരുന്നു..
എങ്കിലും അയാൾ പാവയെ
സ്നേഹിച്ചിരുന്നു.... "വല്ലാതെ"

2017, ഓഗസ്റ്റ് 14, തിങ്കളാഴ്‌ച

വൈകുന്നത് ഒരു തെറ്റല്ല

ഒറ്റക്കാണ്...
മടുത്തിട്ടാണ്..

ഉണ്ട്...
ജമന്തിപ്പൂക്കൾ...
കരിയില കിളികൾ...
കാറ്റും കുളിരും തണുപ്പുമുണ്ട്..

ചായകപ്പിലെ,
ചായയിൽ അലിയാത്ത
ഉറക്കഗുളികകൾ
ഒരു സിപ്..
രണ്ടു സിപ്..

നീ നാട്ടിലുണ്ട്.. കൂടെയുണ്ട്
ഒപ്പമുണ്ട്.. കയ്യെത്തും ദൂരെ..
നീ വരും.. വരാതിരിക്കില്ല..
കഴിഞ്ഞവട്ടവും വന്നിരുന്നു..


 പ്രശ്നങ്ങൾ
തീർത്തിട്ടു വരും.. വരാതിരിക്കില്ല..
വാക്കു പാലിക്കുന്ന ആളാണല്ലോ
ഉറപ്പായും വരും...

ചായക്കപ്പിലെ ഉറക്കം...
മൂന്നാമത്തെ സിപ്..
നാലാമത്തെ സിപ്..

മയക്കം...
പൂത്തുലഞ്ഞ കണിക്കൊന്ന
ചോരയിൽ എഴുതിയ പ്രണയലേഖനം..
മുറിച്ചു പകുത്ത കേക്ക്..
കടൽത്തീരത്തെ സൂര്യോദയങ്ങൾ..
പെറുക്കി എടുത്ത ചിപ്പികൾ..

വീണ്ടും മയക്കം...
വരാന്തയിലെ വെള്ളതുണിയിൽ
പൊതിഞ്ഞു കെട്ടിയ ഞാൻ

വന്നു...
ആൾക്കൂട്ടത്തിൽ
ഉണ്ടായിരുന്നു...
അന്ന് മാത്രം ..
എന്തോ..  തിരക്ക് കുറവായിരുന്നു..
അത് കൊണ്ട് മാത്രം വന്നു..
എല്ലാം മംഗളമായി നടന്നു..
രണ്ടു തുള്ളി കണ്ണീർ..

വീണ്ടും...
തിരക്കുകൾ.. ജീവിതം..
എന്തായാലും വന്നല്ലോ...
വൈകുന്നത് ഒരു തെറ്റല്ല..2017, ജൂൺ 30, വെള്ളിയാഴ്‌ച

വിഷാദരോഗത്തിന്റെ നാളുകൾ


സ്വയം അനുഭവിക്കുമ്പോൾ അല്ലാതെ ഒരിക്കലും വാക്കുകളാലോ, കണ്ണീരിനാലോ, മറ്റുള്ളവർക്ക് മനസിലാക്കി കൊടുക്കുവാൻ സാധിക്കാത്തത്ര ആഴമുള്ള ഒരു ഗർത്തമാണ് വിഷാദരോഗമെന്നത്.
സ്വതവേ അന്തര്മുഖനായ ഒരു വ്യക്തി ഒട്ടും ജീവിക്കാനോ, എത്തിപ്പെടാനോ ആഗ്രഹിക്കാത്ത തരത്തിലുള്ള ഒരു ജീവിതാവസ്ഥയിൽ എത്തിപെടുക. എത്ര ഭയാനകമാവും അത്?  അതിനൊപ്പം തുടരെയുള്ള പരാജയങ്ങൾ? നഷ്ടസ്വപ്നങ്ങൾ?  ഭീകരമായ ഒറ്റപ്പെടൽ?  നിങ്ങൾക്ക് അത് ഊഹിക്കാൻ കഴിയുമോ എന്നു പോലും  എനിക്ക് സംശയമുണ്ട്.
അങ്ങിനെ ഒരാളുടെ നാൾ വഴികൾ എത്ര ഇരുളടഞ്ഞതാവും?

നമുക്ക് പറ്റുമോ ഇല്ലയോ എന്ന് ഒരു വട്ടം പോലും ചിന്തിക്കാതെ നമ്മൾ ഫ്രീ ആയി മറ്റുള്ളവർക്ക് കൊടുക്കാറുള്ള ഒരു ഗിഫ്റ്റുണ്ട്.  ഉപദേശം.  നീ ആണെങ്കിൽ എന്ത് ചെയ്യും എന്നുള്ള ചോദ്യത്തിന് മുന്നിൽ ഒട്ടും പതറാതെ ഞാൻ ഇത്ര മോശമായി ഇതിനെ കൈകാര്യം ചെയ്യില്ല ഞാൻ വളരെ പ്രാക്ടിക്കൽ ആണെന്ന് മുന്നും പിന്നും നോക്കാതെ തട്ടി വിടുന്ന ആ ഉളുപ്പില്ലായ്മ.  അതാണ് എല്ലാവര്ക്കും പറയാനുണ്ടാവുക.  ഇല്ലാത്ത കാമുകനെ സ്വന്തം കാമുകിക്ക് സൃഷ്ടിച്ചെടുക്കുന്നതു മുതൽ അവളുടെ പിന്നാലെ നിഴൽ പോലെ നടക്കുന്ന നിലയിൽ വരെ അധഃപതിക്കുന്ന ഇവർ ഒരു കാലത്തെ മികച്ച വ്യക്തികളായിരുന്നു എന്ന് നമ്മൾ പോലും മറന്നു പോവുന്നു.  അവരാകട്ടെ അതൊന്നും ചെവിക്കൊള്ളാൻ പോലുമുള്ള  മനസ്സാന്നിധ്യം ഉള്ള നിലയിലും ആയിരിക്കില്ല.   അവർക്കു മുന്നിൽ എപ്പോളും ചില ചോദ്യങ്ങളും കുറെ സംശയങ്ങളും ഇരുളടഞ്ഞ കുറെ ദിനങ്ങളും മാത്രമാകും ഉണ്ടാവുക.  ഇനിയും ഈ ഇരുളിൽ എങ്ങനെ കഴിയുമെന്ന ഭയത്തിലാവും ഓരോ ദിവസവും അവരുണരുക.  നമ്മളാവട്ടെ, എന്താ ഇങ്ങനെ? ലജ്ജ തോന്നുന്നില്ലേ ഇത്രയും ധൈര്യശാലിയായ ഒരാൾക്ക് ഇങ്ങനെയൊക്കെ പെരുമാറാനും സംസാരിക്കാനും എന്നുള്ള നിർദോഷമായ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേ ഇരിക്കും.  അത് അവരിലുള്ള ആത്മനിന്ദയെ പതിന്മടങ്ങു കൂട്ടുകയല്ലാതെ കുറക്കുകയോ, പഴയ നിലയിൽ എത്തുവാനായി അവർ പരിശ്രമിക്കുകയോ ചെയ്യുകയില്ല.  കാരണം അവരുടെ മനസ് ആ നിലയിലാണ്.

വിഷാദരോഗികളോട് സമൂഹത്തിനുള്ള പൊതുമനോഭാവം ആണ് മേല്പറഞ്ഞതു.  അത് എല്ലാവർക്കും ഉള്ളതാണ്.  ആദ്യം പറഞ്ഞത് പോലെ ആ അവസ്ഥയിൽ കടന്നു പോയാൽ മാത്രം മനസിലാകുന്ന വളരെ വിചിത്രമായ ഒരു മാനസികനില.  രാത്രികളിലെ ആത്മഹത്യാചിന്തകൾ, ഉറക്കം ഇല്ലാത്ത അമിതചിന്തകൾ, ഇടക്ക് ഞെട്ടി ഉണർന്ന് കൂരിരുട്ടിലേക്കു ഭയത്തോടെ നോക്കി ഇരുന്നു നേരം വെളുപ്പിക്കേണ്ടി വരുന്ന ദയനീയതകൾ.  അല്പം പരിഗണന കൊണ്ടോ, സ്നേഹം കൊണ്ടോ, കരുതൽ കൊണ്ടോ ഒരു പക്ഷേ നമുക്ക് സാധാരണ ജീവിതത്തിലേക്ക് അവരെ തിരിച്ചെത്തിക്കാൻ കഴിഞ്ഞേക്കാം.  പക്ഷെ,  പോയി വല്ല മനഃശാസ്ത്രജ്ഞനെയും കണ്ടു കൂടെ?  എന്നാണ് നമ്മുടെ ചോദ്യം എങ്കിൽ ഉത്തരം ഒന്നും കിട്ടാൻ വഴിയില്ല. കാരണം ഈ കൂട്ടർക്ക് കൗൺസിലിങ് എന്നത് അവരുടെ ഇടക്കിടെ ഉള്ള വർക്ക് ഔട്ട് പോലെയാണ്.  എന്ന് വെച്ചാൽ അവരതു ഒരു ദിവസത്തിൽ പല വട്ടം സ്വന്തം മനസ്സിൽ ചെയ്യാറുണ്ട്.

ജീവിതം തിരക്കുകളുടെ കൂമ്പാരമാണ്.  സമയം എന്നത് നാം കണ്ടെത്തേണ്ടതും.  ഇന്ന് പോകുന്ന നിമിഷങ്ങൾ നാളത്തെ നഷ്ടങ്ങൾ മാത്രമാണ്.  സ്നേഹം എന്നതും പ്രണയമെന്നതും പ്രവർത്തികളിൽ കൂടി
പ്രകടിപ്പിക്കേണ്ടതാണ്.  ഒരു സ്നേഹവാക്കോ പ്രവർത്തിയോ കൊണ്ട് ഒരു വ്യക്തിയുടെ ജീവിതത്തിലെ അല്ലെങ്കിൽ ഒരു ദിവസത്തെ അന്ധകാരത്തെ നീക്കുവാൻ കഴിഞ്ഞാൽ അതിൽ പരം ഒരു സൽപ്രവർത്തി ഉണ്ടെന്നു ഞാൻ കരുതുന്നില്ല.   ദിവസങ്ങൾ ആഴ്ച്ചകളിലേക്കും മാസങ്ങളിലേക്കും വര്ഷങ്ങളിലേക്കും വഴി മാറി ഒഴുകുമ്പോൾ തിരിഞ്ഞു നോക്കി നെടുവീർപ്പിടാൻ അല്ലാതെ ആപത്തു കാലത്തു കൂടെ നിന്നിട്ടുണ്ടെന്ന്  തല ഉയർത്തി നിന്ന് നെഞ്ചിൽ തൊട്ടു പറയാൻ കഴിയുന്നതാവണം ഒരു മികച്ച സൗഹൃദം.  എല്ലാവരും അതാവും ആഗ്രഹിക്കുക.  ഇരുട്ടിൽ ഒടുങ്ങി തീരാൻ ആർക്കും ആഗ്രഹം ഉണ്ടാവില്ലല്ലോ............2017, മേയ് 19, വെള്ളിയാഴ്‌ച

അന്തിമവിധി

ആത്മാവില്ലാത്ത ശരീരത്തിനു
കാവലിരിക്കുന്ന
കറുത്ത ശവകോട്ടയുടെ
കാവൽക്കാരനാണ്
നീയെന്നു
എപ്പോഴാവും നീ തിരിച്ചറിയുക?

ഒരു ഗാഡാലിംഗനത്തിൽ
ഞെരിഞ്ഞുപൊട്ടി പോയ അസ്ഥികഷണങ്ങളും;
വീർപ്പുമുട്ടലിന്റെയും
 പിടച്ചിലിന്റെയും നിമിഷങ്ങളും
ഏതു ബോധിവൃക്ഷ തണലിൽ
ആവും ഓർത്തെടുക്കുക?

നഷ്ടജാതകത്തിന്റെ ചിതലരിച്ച
ഏതോ ഏടുകളിൽ
അപമൃത്യു വരിക്കേണ്ട
ദശാകാലം ആരോ ഒരിക്കൽ
 കുറിച്ചിട്ടത്
നീട്ടി കിട്ടുവാൻ മാത്രമായ്
മൃത്യുഞ്ജയ ഹോമം നടത്തുന്ന
 ജാതകന്റെ ആത്മവേദന
നീയെന്നെ വിവരിച്ചു
കേൾപ്പിക്കേണ്ടതില്ല..
അഥവാ ഞാനൊരു
കർമ്മഫലത്തിലും
വിശ്വസിക്കുന്നവളല്ല...

ഇനിയുള്ളത്
നമ്മുടെ കാലം മാത്രമാണ്..
അതിൽ "ഞാൻ-നീ" എന്നുള്ളതോ
"നമ്മളെന്നുള്ളതോ"
എന്നത് മാത്രമാണ്
അന്തിമവിധി..2017, മേയ് 13, ശനിയാഴ്‌ച

തീ പിടിച്ച വാക്കുകൾ

  എനിക്കും നിനക്കുമിടയിൽ
ചിതറി പോയ
നീലിച്ച വാക്കുകൾ പേറുക്കി
കലത്തിലാക്കി ഞാൻ വീണ്ടും
അത്താഴത്തിന് വേവിക്കുന്നു..

ചിതലരിച്ചു ദ്രവിച്ചു പോയൊരു
കഴുക്കോലിന്റെ ബലത്തിൽ
മാത്രം നിവർന്നു നിൽക്കുന്ന
നമ്മുടെ ഒറ്റമുറി വീട്ടിൽ പുക ഉയരുന്നു
ഞാൻ തീ ഊതി കത്തിക്കുന്നു
വാക്കുകൾ വേവാൻ തുടങ്ങുന്നു
അതിന്റെ അരികിലിരുന്നു നീ
തീ കായുകയാണ്
കുളിരു വറ്റി പോയെന്നു
ഉറപ്പായ നിമിഷങ്ങളിൽ
നീ വീണ്ടും നിന്നിലേക്ക്‌
മടങ്ങുന്നു..

ആറ്റി തണുപ്പിച്ചെടുത്ത
കഞ്ഞിയിൽ കണ്ണീരിന്റെ
ഉപ്പു പിഴിഞ്ഞു ഞാനെന്റെ
വറുതികാലത്തെ പിടിച്ചു കെട്ടുന്നു
എച്ചിൽ പെറുക്കി കളയുമ്പോൾ
വീണ്ടും വീണ്ടും എന്റെ
വാക്കുകൾക്കു വേവ് പോരെന്നു
എനിക്ക് തോന്നിക്കൊണ്ടേ ഇരിക്കുന്നു

തുലാവർഷ പെയ്‌ത്തിൽ
എപ്പോൾ വേണമെങ്കിലും
നിലം പൊത്താവുന്ന നമ്മുടെ
വീട് നമ്മൾ എന്തിനാണ് ഇങ്ങനെ
കാത്തുസൂക്ഷിക്കുന്നത്?
ക്ഷാമ കാലം മാറുമെന്നു
നീയും ഇല്ലെന്നു ഞാനും
അലമുറയിടുമ്പോൾ
തീ പിടിച്ചത് വാക്കുകൾക്കായിരുന്നു..

2017, ഫെബ്രുവരി 12, ഞായറാഴ്‌ച

പ്രണയഗ്രീഷ്മം ഗ്രീഷ്മം ഇപ്പോൾ ഒരു ഋതുവല്ല...
അതൊരു അവസ്ഥാന്തരമാവുന്നു..
 എരിയുന്ന വെയിലിൽ വരണ്ടുണങ്ങുന്നത്
 പുൽനാമ്പുമാത്രമാണോ?

 നീ ലാളിക്കാറുള്ള എന്റെ പാദങ്ങളെ
 എന്ന് മുതലാണ് വരൾച്ച വെടിപ്പിച്ചത്?
 ഓർമയില്ല...

 തീക്കാറ്റ് വീശുന്ന എന്റെ മുറ്റത്തു
 ദാഹജലം തേടി നാവുനീട്ടുന്ന ഒരു കൊന്നമരം ഞാൻ കാണുന്നുണ്ട്..

 ഇലകൊഴിഞ്ഞു തളിരു വരാൻ വൈകിയൊരു വട വൃക്ഷം
വടക്കിനിയിൽ, വേരറ്റു പോകാതെ അവൻ ഇപ്പോഴും കാത്തു വെക്കുന്നു...

 അവനും നിനക്കും എനിക്കും ഇടയിൽ
നിറഞ്ഞാടിയ ആ പൂക്കാലം, മാവിന്റെ കൊമ്പിൽ   പൂത്തിറങ്ങി നിൽക്കുന്നുണ്ട്..

 അതിൽ കണ്ണുടക്കാതെ പകൽക്കിനാവുകളിലും , ജല്പനങ്ങളിലും കുരുങ്ങി എന്റെ ദിനങ്ങൾ വഴുതി പോവുന്നുമുണ്ട്...

 അന്യമായവയെ എല്ലാം കൂട്ടിച്ചേർത്താലും
തീരത്തത്ര ഭീകര ഗർത്തമാണ്,
 ഈ നിശൂന്യത എന്ന് ഏത് വാക്കിനാലാണ് ഞാൻ നിങ്ങൾക്ക് ബോധ്യപ്പെടുത്തുക?

 അനിവാര്യമായൊരു വിധിയുടെ
ഒടുക്കമോ, തുടക്കമോ
എന്ന് തിരിച്ചറിവില്ലാത്ത ഒരു യാത്രയിൽ,
 എപ്പോഴെത്തും എന്ന് ഉറപ്പില്ലാത്ത ഒരു വഴിത്തിരിവിനെ  മിഥ്യയെന്നറിഞ്ഞും പിന്തുടരുമ്പോൾ,
 പിൻവിളി വിളിക്കാതെ
പോയവർക്കാവട്ടെ യാത്രാമൊഴി...